തിരുവനന്തപുരം: വ്യാജ ഓഹരി നിക്ഷേപം, ഓൺലൈൻ ഷെയർ ട്രേഡിംഗ്, വെർച്വൽ അറസ്റ്റ്, ലോൺ ആപ്പ്... സൈബർ തട്ടിപ്പിന്റെ വിവിധ രൂപങ്ങൾ അരങ്ങേറുമ്പോൾ മലയാളികൾക്ക് ഏഴു മാസത്തിനിടെ നഷ്ടമായത് 431 കോടി. ഈ വർഷം ജൂലായ് വരെയുള്ള കണക്കാണിത്. 2024ൽ ആകെ നടന്നത് 764 കോടിയുടെ തട്ടിപ്പ്. അതേസമയം, വിവിധ സൈബർ തട്ടിപ്പുകളിലായി കഴിഞ്ഞ മൂന്നുകൊല്ലം കൊണ്ട് തിരിച്ചു പിടിക്കാനായത് 172 കോടി മാത്രം. ഇക്കൊല്ലം ജൂലായ് വരെ തട്ടിപ്പുകാരിൽ തിരിച്ചുപിടിച്ചത് ആകെ 6.50 കോടി. തട്ടിപ്പുകാരുടെ വിവിധ അക്കൗണ്ടുകളിലായി 68 കോടി മരവിപ്പിച്ചു.
സാധാരണക്കാർ മുതൽ ഉന്നത വിദ്യാഭ്യാസമുള്ളവർ, ബിസിനസുകാർ, ഡോക്ടർമാരടക്കം പ്രൊഫഷണൽ രംഗത്തുള്ളവർ വരെ തട്ടിപ്പിന് ഇരയാകുന്നു. വ്യാജ ഓഹരി നിക്ഷേപത്തിലൂടെയാണ് ഏറ്റവുമധികം സൈബർ തട്ടിപ്പ് നടക്കുന്നത്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്ക് വൻതുക ലാഭം നൽകും. തുടർന്ന് വലിയ തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടാണ് തട്ടിപ്പ്.
മോട്ടോർ വാഹന വകുപ്പിന്റെ എം പരിവാഹൻ ആപ്പിന്റെ പേരിലും ഇപ്പോൾ സൈബർ തട്ടിപ്പ് അരങ്ങേറുന്നു. വാഹനങ്ങളുടെ നിയമലംഘനം ചൂണ്ടിക്കാട്ടി വാട്സാപ്പ് വഴി വ്യാജ സന്ദേശമെത്തും. പിഴത്തുക അടയ്ക്കാനായി ലിങ്ക് തുറക്കുമ്പോൾ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം ചോർത്തിയാണ് തട്ടിപ്പ്. ഈ വർഷം ഇതുവരെ 545 കേസുകളിലായി 2.8 കോടിയാണ് ഇത്തരത്തിൽ തട്ടിയത്.
തട്ടിപ്പിൽ നഷ്ടമായ തുക
(ഏഴുമാസം, തുക കോടിയിൽ)
വ്യാജ ഓഹരി നിക്ഷേപം....................................184
ജോലി വാഗ്ദ്ധാനം................................................60
വ്യാജ ലോൺ ആപ്പ്.............................................16.8
ഒ.ടി.പി തട്ടിപ്പ്.........................................................3.28
(കൂടുതൽ തുക നഷ്ടമായ കേസുകൾ)
ഒരു മണിക്കൂറിനുള്ളിൽ
പരാതിപ്പെട്ടാൽ തടയാം
സൈബർ തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനകം 1930 എന്ന നമ്പറിൽ പരാതി അറിയിച്ചാൽ തട്ടിപ്പുകാർ പണം കൈമാറ്റം ചെയ്യുന്നത് ഒരു പരിധിവരെ തടയാനാകും. സംസ്ഥാനത്ത് സൈബർ ഡിവിഷന്റെ കീഴിലുള്ള ഓപ്പറേഷൻ വിഭാഗമാണ് അന്വേഷണം നടത്തുന്നതും പണം തിരിച്ചു പിടിക്കുന്നതും.
പരാതികൾ
23,800
അറസ്റ്റിലായത്
286 പേർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |