@മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
കോഴിക്കോട്: എലിപ്പനി ബാധിതരുടെ എണ്ണം കൂടിയതോടെ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ജൂലായ് മുതൽ കഴിഞ്ഞ എട്ടുവരെ ആറുപേർ രോഗം ബാധിച്ച് മരിച്ചതായാണ് കണക്കുകൾ. 30 പേർക്ക് രോഗം സ്ഥിരീകരിച്ചു. 95 പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി. ഈ മാസം മാത്രം ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരാൾ മരിച്ചു. സർക്കാർ ആശുപത്രികളെ കൂടാതെ രോഗലക്ഷണങ്ങളോടെ നിരവധി പേരാണ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നത്. മലയോരത്താണ് രോഗ ലക്ഷണം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. മഴക്കാല പൂർവശുചീകരണം വൈകിയതാണ് എലിപ്പനി പടരാൻ ഇടയാക്കിയതെന്നാണ് ഉയരുന്ന ആരോപണം.
രോഗം വരുന്ന വഴി
എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കൾ മുറിവുകൾ വഴി മനുഷ്യ ശരീരത്തിൽ എത്തിയാണ് രോഗമുണ്ടാകുന്നത്. മൃഗങ്ങളുടെ മൂത്രത്തിൽ കാണപ്പെടുന്ന ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയയാണ് രോഗം പടർത്തുന്നത് . തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, കൃഷിപ്പണിയിലോ കന്നുകാലി പരിചരണത്തിലോ ഏർപ്പെടുന്നവർ, മീൻപിടിത്തക്കാർ, നിർമാണ തൊഴിലാളികൾ, മലിനമായ മണ്ണുമായും കെട്ടിക്കിടക്കുന്ന വെള്ളവുമായും സമ്പർക്കത്തിൽ വരുന്നവർ എന്നിവർക്ക് രോഗം പിടിപെടാൻ സാദ്ധ്യത കൂടുതലാണ്.
ലക്ഷണങ്ങൾ
ക്ഷീണത്തോടെയുള്ള പനി
തലവേദന
പേശിവേദന
കണ്ണിൽ ചുവപ്പ്
മൂത്രത്തിന്റെ അളവ് കുറയൽ
മഞ്ഞപ്പിത്തം
പ്രതിരോധിക്കാം
1. മലിനമായ മണ്ണുമായും വെള്ളവുമായും സമ്പർക്കത്തിൽ വരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ജോലി തുടങ്ങുന്നതിന് മുമ്പ് ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം ഡോക്‌സി സൈക്ലിൻ ഗുളിക ആഴ്ചയിലൊരിക്കൽ കഴിക്കണം.
2. കട്ടികൂടിയ റബർ കാലുറകളും കൈയുറകളും ധരിച്ച് മാത്രം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക.
3. കൈകാലുകളിൽ മുറിവുള്ളവർ അവ ഉണങ്ങും വരെ ഇത്തരം ജോലികളിൽ നിന്ന് വിട്ടുനിൽക്കണം.
4. ശാരീരിക അസ്വസ്ഥകൾ ഉണ്ടായാൽ ഉടൻ ഡോക്ടറെ കണ്ട് എലിപ്പനയല്ലെന്ന് ഉറപ്പാക്കണം. തൊഴിൽ പശ്ചാത്തലം ഡോക്ടറെ അറിയിക്കണം.
5.കൈകാലുകളിൽ മുറിവുകളോ വിണ്ടുകീറലോ ഉള്ളവർ വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ഇറങ്ങരുത്
6.കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവയുമായി സമ്പർക്കമുള്ളവരും ജാഗ്രത പാലിക്കണം.
'' എലിപ്പനി ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ ചികിത്സ തേടണം''
ഡോ. കെ.കെ രാജാറാം
ജില്ലാ മെഡിക്കൽ ഓഫീസർ
ജൂലായ്- ആഗസ്റ്റ് 8 വരെ
മരണം..........6
രോഗം സ്ഥിരീകരിച്ചത്.........30
രോഗലക്ഷണത്തോടെ ചികിത്സ തേടിയവർ..............95
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |