കോഴിക്കോട്: ഓണ വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളിൽ മായമില്ലെന്നുറപ്പിക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പ്. അടുത്തയാഴ്ച മുതൽ പരിശോധനയുമായി രംഗത്തെത്തും. അഞ്ച് സ്പെഷൽ സ്ക്വാഡുകളും ഒരു മൊബൈൽ ലാബും ജില്ലയിലെ 13 സർക്കിളുകളിലുമായി പരിശോധന നടത്തും. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭക്ഷ്യ പദാർത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനായി ചെക്ക് പോസ്റ്റുകൾ കേന്ദ്രീകരിച്ചും പരിശോധന നടക്കും. ഉത്സവകാലത്ത് ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്താനുള്ള സാദ്ധ്യത മുൻകൂട്ടി കണ്ടാണ് പരിശോധന ശക്തമാക്കുന്നത്. നിലവിൽ 'ഓപ്പറേഷൻ വെളിച്ചെണ്ണ' പരിശോധനയുടെ ഭാഗമായി 59 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
പരിശോധന ഇവിടങ്ങളിൽ
ഉത്സവകാലമായതിനാൽ ശർക്കര, കായ വറുത്തത്, പലവ്യഞ്ജനങ്ങൾ, വെളിച്ചെണ്ണ, പായസക്കൂട്ട്, നെയ്യ്, പപ്പടം,പാലട നിർമ്മാണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക പരിശോധന നടത്തും. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയിൽ വഴിയോര വിൽപ്പന കേന്ദ്രങ്ങളിലടക്കം ഇവ ലഭ്യമാകാൻ സാദ്ധ്യത കൂടുതലാണ്. പയറുവർഗങ്ങൾ, പടച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, നിർമ്മാണ യൂണിറ്റുകൾ, വഴിയോര കച്ചവട സാധനങ്ങൾ, മാർക്കറ്റുകൾ, താതക്കാലികമായി കെട്ടിയുണ്ടാക്കുന്ന സ്റ്റാളുകൾ എന്നിവിടങ്ങളിലും പരിശോധന നടക്കും.
മായം കണ്ടാൽ അറിയിക്കാം
ഗുണനിലവാരമില്ലാതെ വിൽപ്പന നടക്കുന്നതായോ, അളവിൽ കൂടുതൽ മായം ചേർത്ത ഭക്ഷണങ്ങങ്ങളുടെ വിൽപ്പന, ലെെസൻസില്ലാതെ വിൽപ്പന തുടങ്ങിയവ ശ്രദ്ധയിൽപെട്ടാൽ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ 18004251125 ടോൾ ഫ്രീ നമ്പരിൽ അറിയിക്കാം. ഭക്ഷ്യോൽപന്ന വിപണനം, വീടുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യോൽപാദന യൂണിറ്റുകൾ, പായസ വിതരണ സ്റ്റാളുകൾ എന്നിവ നടത്താൻ ഉദ്ദേശിക്കുന്നവർ ഭക്ഷ്യസുരക്ഷാ ലൈസൻസോ റജിസ്ട്രേഷനോ എടുക്കണം. പായ്ക്ക് ചെയ്തു വിൽക്കുന്ന എല്ലാ ഭക്ഷ്യ വസ്തുക്കളിലും പൂർണമായ ലേബൽ വിവരങ്ങൾ ഉണ്ടായിരിക്കണം. സ്ഥാപനങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിച്ചാൽ 5 ലക്ഷം രൂപ പിഴയും ആറു മാസം തടവും ലഭിക്കാവുന്ന കുറ്റമാണ്.
'' ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ കൈക്കൊള്ളും'' എ. സക്കീർ ഹുസൈൻ,
ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |