ന്യൂഡൽഹി: കേരളത്തിലെ ദേശീയ പാത 66 നിർമ്മാണത്തിൽ സർക്കാർ അംഗീകരിച്ച തുകയും യഥാർത്ഥ ചെലവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് പാർലമെന്റിന്റെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി കണ്ടെത്തി. 3684.98 കോടി രൂപയ്ക്ക് അംഗീകാരം ലഭിച്ച കടമ്പാട്ടുകോണം-കഴക്കൂട്ടം റീച്ചിന് ഉപകരാർ നൽകിയത് 795 കോടിക്കാണ് (അംഗീകൃത തുകയുടെ ഏകദേശം 22% മാത്രം).
ദേശീയ പാത -66ന്റെ 20 പാക്കേജുകൾക്കും, അനുവദിച്ചതിന്റെ 54% തുക മാത്രമാണ് ചെലവഴിക്കുന്നതെന്നും കണ്ടെത്തി. ഇത്രയും വലിയ വ്യത്യാസം ആശങ്കപ്പെടുത്തുന്നതാണെന്ന് ഇന്നലെ ലോക്‌സഭയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. പദ്ധതികൾ ഡി.പി.ആറിൽ പറയുന്നത് പോലെ നടപ്പിലാക്കുന്നുണ്ടോ എന്ന് കമ്മിറ്റി സംശയം പ്രകടിപ്പിക്കുന്നു. കുറഞ്ഞ ചെലവിൽ ഉപകരാർ നൽകുന്നത് ജോലിയുടെ കാലതാമസം, ഗുണനിലവാരം കുറയൽ, ഉത്തരവാദിത്തക്കുറവ് എന്നിവയ്‌ക്ക് കാരണമാകാം.
ഉപകരാറുകാരെ ശരിയായി നിരീക്ഷിക്കണം. ഉപകരാറുകൾ നിരുത്സാഹപ്പെടുത്തണം. കൂടുതൽ ഉപകരാറുകൾ ആവശ്യമെങ്കിൽ, ദേശീയ പാതാ അതോറിട്ടിയുടെ അംഗീകാരം ഉറപ്പാക്കണം. കാലതാമസം, സുരക്ഷാ പ്രശ്നങ്ങൾ, ഗുണനിലവാരമില്ലായ്‌മ എന്നിവയ്ക്ക് ഉപകരാറുകാരെയും കരിമ്പട്ടികയിൽപ്പെടുത്തണം.
45 മീറ്ററായി കുറച്ചത് പ്രശ്നമായി
കേരളത്തിൽ ദേശീയ പാത-66ന്റെ നിർമ്മാണം 45 മീറ്ററിൽ ഒതുങ്ങിയത് കുന്നിൻ പ്രദേശങ്ങളിലും മറ്റും വെല്ലുവിളിയാകുന്നുവെന്ന് ഉപരിതല മന്ത്രാലയ സെക്രട്ടറി പി.എ.സിയെ അറിയിച്ചു. 60 മീറ്റർ വീതിയിൽ സ്ഥലമെടുത്താലേ കാരിയേജ്‌വേ, സർവീസ് റോഡ്, ഡ്രെയിനേജ്, യൂട്ടിലിറ്റികൾ എന്നിവയ്ക്ക് മതിയായ സ്ഥലം ലഭിക്കൂ എന്നും സെക്രട്ടറി വിശദീകരിച്ചു. ജനസാന്ദ്രതയുള്ളതും പരിസ്ഥിതി ലോലവുമായ പ്രദേശങ്ങളിൽ സൂക്ഷ്മമായ ആസൂത്രണവും നിർവ്വഹണവും ആവശ്യമാണ്. നിലവിലുള്ള ഗതാഗതം തടസപ്പെടാതെ നിർമ്മാണം നടത്തുന്നതും വെല്ലുവിളിയാണ്. ആറ് വരി പാതയ്‌ക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ മാനദണ്ഡം 60 മീറ്റർ ആയിരിക്കെ ജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്ത് സർക്കാരിന്റെ നിർബന്ധത്തിന് അതോറിട്ടി വഴങ്ങുകയായിരുന്നു.
പാലിയേക്കരയിൽ അധിക ഫീസ് ഇല്ല
പാലിയേക്കര യൂസർ ഫീപ്ലാസയിൽ അധിക ടോൾ ഫീസ് പിരിവ് നടന്നിട്ടില്ലെന്നും ദേശീയ പാത അതോറിട്ടി സമിതിയെ അറിയിച്ചു. കരാർ പ്രകാരമാണ് ടോൾ ഈടാക്കുന്നത്. നിർമ്മാണം പൂർത്തിയാക്കാത്തതിന്റെ പേരിൽ കരാറുകാരന് 2387 കോടി രൂപ പിഴ ചുമത്തിയെങ്കിലും വിഷയം കോടതിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |