കോഴിക്കോട്: നൂറുകണക്കിനാളുകളെ നൃത്തം പഠിപ്പിച്ച് അരങ്ങിലെത്തിച്ച ലതാ നമ്പൂതിരി ടീച്ചർക്ക് 63-ാം വയസിൽ കഥകളിയിൽ അരങ്ങേറ്റം. കോഴിക്കോട്ടുകാരി ആർ.എൽ.വി സന്ധ്യയുടെ ശിക്ഷണത്തിൽ ഗുരുവായൂർ നടയിൽ തികഞ്ഞ മെയ് വഴക്കത്തോടെ ചുവടുവച്ചപ്പോൾ കുഞ്ഞുനാളിൽ മുള പൊട്ടിയ ആഗ്രഹ പൂർത്തീകരണം കൂടിയായി വെള്ളിപറമ്പ് ലതാ നമ്പൂതിരിയ്ക്ക്. നളചരിതം ആട്ടക്കഥയിൽ ഉദ്യാനത്തിലേക്ക് പോകുന്ന ദമയന്തിയുടേയും തോഴിമാരുടേയും സാരീനൃത്തമാണ് കഴിഞ്ഞ 20ന് ഗുരുവായൂർ നടയിൽ അവതരിപ്പിച്ചത്. 51 വർഷമായി കലാരംഗത്ത് സജീവ സാന്നിദ്ധ്യമാണെങ്കിലും മൂന്ന് വർഷം മുമ്പാണ് കഥകളി അഭ്യസിക്കാൻ തുടങ്ങിയത്. കേരള സാംസ്‌കാരിക വകുപ്പും നഗരസഭയും ചേർന്ന് നടത്തുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പിന്റെ സൗജന്യ കലാപഠനത്തിലൂടെയായിരുന്നു കഥകളി പരിശീലനം. ആനക്കുളം സാസ്കാരിക നിലയത്തിൽ മണിക്കൂറുകൾ ചെലവഴിച്ചാണ് പഠനം പൂർത്തിയാക്കിയത്. അരങ്ങേറ്രം അടുത്തതോടെ ഓൺലെെനിലും ഗുരുവിന്റെ വീട്ടിലും പരിശീലിച്ചു.
കലാഭിനിവേശത്തിന്റെ അഞ്ചു പതിറ്റാണ്ട്
അരങ്ങേറ്റം 63ൽ ആണെങ്കിലും ലതാ നമ്പൂതിരിയുടെ കലാഭിനിവേശത്തിന് അഞ്ചു പതിറ്റാണ്ടിലധികം പഴക്കമുണ്ട്. അടുക്കളയിൽ ഒരുങ്ങിക്കൂടിയ അമ്മമാരേയും കുട്ടികളേയും നൃത്തം പഠിപ്പിച്ചും വിവിധ കലോത്സവ മേളകളിൽ വിധികർത്താവായും കലാരംഗത്ത് സജീവ സാന്നിദ്ധ്യമാണ്. കലയെ ഏറെ സ്നേഹിക്കുകയും ഉപാസിക്കുകയും ചെയ്ത എ.പി നമ്പൂതിരിയുടേയും പരേതയായ സത്യവതി അന്തർജനത്തിന്റേയും മകൾക്ക് ചെറുപ്പത്തിലേ കഥകളിയിൽ ഏറെ താത്പ്പര്യമുണ്ടായിരുന്നു. ആട്ട പഠനം അക്കാലത്ത് പെൺകുട്ടികൾക്ക് എളുപ്പമല്ലാത്തതിനാലും സാമ്പത്തിക പ്രശ്നങ്ങളും പിന്നോട്ടടിപ്പിച്ചു. അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ ശാസ്ത്രീയ സംഗീതത്തിലേക്ക് കാലെടുത്തുവെച്ചു. സംഗീതത്തിനൊപ്പം മുത്തശ്ശിമാരെ കണ്ടു പഠിച്ച തിരുവാതിരക്കളിയിലും ചുവടുവയ്ച്ചു തുടങ്ങി. പിന്നീട് ശ്യാമള ടീച്ചറുടെ കീഴിൽ ഭരതനാട്യവും നാടോടി നൃത്തവും അഭ്യസിച്ചു. മോഹിനിയാട്ടവും മാർഗം കളിയുമെല്ലാം പഠിച്ചെടുത്തപ്പോഴും കഥകളി വേഷങ്ങളുടെ പച്ചപ്പ് മനസിൽ മായാതെ കിടന്നു.
വിവാഹംകഴിഞ്ഞെങ്കിലും നൃത്തലോകത്ത് നിന്ന് വിട പറഞ്ഞില്ല. നൃത്തം പഠിപ്പിച്ചും വിധികർത്താവായി വേദികളിയിലെത്തിയും കലാലോകത്ത് സജീവമായി. കൊവിഡ് സമയത്താണ് മനസിലൊളിപ്പിച്ച കഥകളിയെ വീണ്ടും തൊട്ടുണർത്തിയത്. അരങ്ങേറ്റത്തിനു ശേഷം പുതിയ കഥാപാത്രങ്ങൾ പ്രേക്ഷകർക്കുമുന്നിൽനിറഞ്ഞാടാനുള്ള തയ്യാറെടുപ്പിലാണ്. ഫോക് ലോർ അക്കാഡമി, മലബാർ ദേവസ്വം ബോർഡ് തുടങ്ങിയവരുടെ പുരസ്കാരങ്ങളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. നിലവിൽ വിവിധ ഗുരുക്കൻമാരുടെ കീഴിൽ സംഗീതവും നൃത്ത പരിശീലനവും തുടരുന്നുണ്ട്.
'' ഏതു വേഷം കിട്ടിയാലും ചെയ്തു നോക്കണമെന്നാണ് ആഗ്രഹം. പ്രായമാകുമ്പോൾ ഈ കലാരൂപങ്ങൾ അവതരിപ്പിക്കാൻ പലരും റിസ്‌ക് എടുക്കാറില്ല. പക്ഷേ എനിക്ക് കലയാണ് ജീവിതം''.
- ലതാ നമ്പൂതിരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |