റോം: ഇറ്റലിയിൽ ബ്രൊക്കോളി സാൻഡ്‍വിച്ച് കഴിച്ച് അമ്പത്തിരണ്ടുകാരിയായ സംഗീതജ്ഞ കുഴഞ്ഞ് മരിച്ചു. ലുയിജി ഡി സാർനോയാണ് മരിച്ചത്. ഇവർക്ക് ബോട്ടുലിസം ബാധിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ട് കൗമാരക്കാർ ഉൾപ്പെടെയുള്ള മറ്റ് ഒമ്പതുപേർ ബോട്ടുലിസം ബാധിച്ച് നിലവിൽ ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി.
സാൻഡ്വിച്ച് കഴിച്ചയുടൻ സാർനോ കുഴഞ്ഞുവീണുവെന്നാണ് റിപ്പോർട്ട്. സാൻഡ് വിച്ചുകളിൽ ഉപയോഗിക്കുന്ന എണ്ണയിൽ സൂക്ഷിച്ച ബ്രൊക്കോളിയിൽ നിന്നാണ് അണുബാധയുണ്ടായത്. ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയിൽ നിന്നുള്ള ന്യൂറോടോക്സിനുകളാണ് ബോട്ടുലിസം എന്ന ഗുരുതരമായ അവസ്ഥയ്ക്ക് കാരണം. ഈ ടോക്സിനുകൾ നാഡീവ്യൂഹത്തേയാണ് ആദ്യം ബാധിക്കുക. പിന്നീട് കാഴ്ച മങ്ങൽ, വായ വരളുക, ഭക്ഷണം ഇറക്കാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ട്, പേശികളുടെ തളർച്ച, ശ്വാസതടസം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ അവസ്ഥ വഷളാവുകയും മരണകാരണമാവുകയും ചെയ്യും. ടിന്നിലടച്ച ഭക്ഷണങ്ങളിലൂടെയോ, വൃത്തിഹീനമായി സൂക്ഷിച്ച ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയാണ് രോഗം പടരുക. അടച്ചുവച്ച് എണ്ണയിലോ, വെള്ളത്തിലോ സൂക്ഷിക്കുന്ന പച്ചക്കറികളിലൂടെ അണുബാധയുണ്ടാവാൻ സാദ്ധ്യതയേറെയാണ്.പൊടുന്നനെയാണ് ബോട്ടുലിസത്തിന്റെ ലക്ഷണങ്ങൾ പ്രകടമാവുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ബ്രൊക്കോളി വൃത്തിഹീനമായാണ് ഉപയോഗിക്കുന്നതെങ്കിൽ ബാക്ടീരിയയുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കും.
ബോട്ടുലിസം
മൂന്നുവിധത്തിലാണ് ബോട്ടുലിസം പൊതുവേ സ്ഥിരീകരിക്കാറുള്ളത്. ഫുഡ്ബോൺ ബോട്ടുലിസം, വൂണ്ട് ബോട്ടുലിസം, ഇൻഫന്റ് ബോട്ടുലിസം എന്നിങ്ങനെയാണത്. കാനിലടച്ച ഭക്ഷണങ്ങളിലൂടെ ഓക്സിജൻ കുറവാകുന്ന സാഹചര്യങ്ങളിലാണ് ഈ ബാക്ടീരിയ വളരുന്നത്. ബാക്ടീരിയ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ബോട്ടുലിസത്തിന് കാരണമാകും. മുറിവിലൂടെ ബാക്ടീരിയ ശരീരത്തിനകത്ത് പ്രവേശിക്കുന്നതാണ് വൂണ്ട് ബോട്ടുലിസം. ഇൻഫന്റ് ബോട്ടുലിസത്തിൽ കുട്ടികളുടെ കുടലിലാണ് ബാക്ടീരിയ വളരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |