സാമ്പത്തിക മേഖല സുസ്ഥിരമെന്ന് ആഗോള ഏജൻസി
കൊച്ചി: വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങൾ മറികടന്ന് മികച്ച വളർച്ച നേടുന്നതും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതും കണക്കിലെടുത്ത് പ്രമുഖ ആഗോള ധനകാര്യ ഏജൻസിയായ എസ്. ആൻഡ് പി ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ബി.ബി.ബി നെഗറ്റീവിൽ നിന്ന് ബി.ബി.ബിയായി ഉയർത്തി. സാമ്പത്തിക മേഖലയെ കുറിച്ചുള്ള അവലോകനം സ്‌റ്റേബിളായി ഉയർത്തുമെന്നും ഏജൻസി വ്യക്തമാക്കി. ധന നയ രംഗത്ത് സ്വീകരിക്കുന്ന സ്ഥിരതയാർന്ന പ്രകടനവും പശ്ചാത്തല വികസനത്തിനായി നടത്തുന്ന വിപുലമായ നിക്ഷേപവും ഇന്ത്യയ്ക്ക് കരുത്താകുമെന്നും എസ്. ആൻഡ് ബി പറയുന്നു. ഇന്ത്യയുടെ ദീർഘകാല വളർച്ചയ്ക്ക് ഉതകുന്ന നയമാണ് അനുകൂല ഘടകമായത്.
എയറിലായി ട്രംപിന്റെ 'ഡെഡ് ഇക്കണോമി' പ്രയോഗം
അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾക്കിടെയിൽ ഇന്ത്യ ചത്ത സമ്പദ് വ്യവസ്ഥയാണെന്ന(ഡെഡ് ഇക്കണോമി) പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തെ ട്രോളുന്നതാണ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തിയ എസ്. ആൻഡ് പിയുടെ നടപടി. ലോകത്തിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് നിലനിറുത്തുന്ന സാമ്പത്തിക മേഖലയാണ് ഇന്ത്യയെന്നും ഏജൻസി അടിവരയിടുന്നു.
പ്രധാന വിലയിരുത്തലുകൾ
1. സ്ഥിരതയാർന്ന ധന നയങ്ങളും അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപ ഒഴുക്കും കരുത്താകും
2. ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം തീരുവയുടെ പ്രത്യാഘാതങ്ങൾ അതിവേഗം മറികടക്കും
3.സാമ്പത്തിക രംഗത്തെ സുസ്ഥിരമായ അടിസ്ഥാന ഘടകങ്ങൾ ജി.ഡി.പി വളർച്ച ത്വരിതപ്പെടുത്തും
4. റിസർവ് ബാങ്കിന്റെ ധന നയം സാമ്പത്തിക അനിശ്ചിതത്വങ്ങൾ മറികടക്കാൻ സഹായിക്കും.
മൊത്ത വില സൂചിക കുത്തനെ കുറഞ്ഞു
മൊത്ത വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ജൂലായിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി. മുൻവർഷം ഇതേകാലയളവിനേക്കാൾ മൊത്ത വിലയിൽ 0.58 ശതമാനം ഇടിവാണുണ്ടായത്. ഉത്പാദക മേഖലയിൽ ഉത്പന്നങ്ങൾക്ക് ലഭിക്കുന്ന വിലയാണ് മൊത്ത വില സൂചികയിൽ ദൃശ്യമാകുന്നത്. കയറ്റുമതിക്കാരും വ്യാപാരികളും ഭക്ഷ്യ, മാനുഫാക്ചേർഡ് ഉത്പന്നങ്ങൾ സ്രോതസിൽ നിന്ന് വാങ്ങുന്നതിൽ കുറവ് വരുത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജനുവരിയിൽ മൊത്ത വില സൂചികയിലെ വർദ്ധന 2.51 ശതമാനമായിരുന്നു. ഫെബ്രുവരിക്ക് ശേഷം റിസർവ് ബാങ്ക് മൂന്ന് തവണയായി മുഖ്യ പലിശ നിരക്ക് ഒരു ശതമാനം കുറച്ചതും വില കുറയാൻ കാരണമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |