സമഗ്ര വികസന, വൈവിദ്ധ്യവൽക്കരണ പദ്ധതികൾക്ക് തുടക്കം
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയൊൻപതാം വർഷത്തിൽ ആറ് പതിറ്റാണ്ടുകളിലെ പ്രവർത്തന മികവുമായി എച്ച്.എൽ.എൽ ലൈഫ്കെയർ ആരോഗ്യ സേവന രംഗത്ത് ചരിത്രം രചിക്കുന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ പുതിയ പദ്ധതികൾക്ക് തുടക്കമിട്ടു. മാനസികാരോഗ്യം, പോഷകാഹാരം, ഡിജിറ്റൽ ഹെൽത്ത്, വെറ്റിനറി സേവനങ്ങൾ തുടങ്ങിയ പുതിയ മേഖലകളിലേക്കാണ് എച്ച്.എൽ.എൽ കടക്കുന്നത്. ജനസംഖ്യ വർദ്ധനയ്ക്ക് പരിഹാരം കാണാനായി 1966 മാർച്ച് ഒന്നിനാണ് എച്ച്.എൽ.എൽ സ്ഥാപിതമായത്. നിലവിൽ എട്ട് അത്യാധുനിക നിർമ്മാണ യൂണിറ്റുകളും ഒരു കോർപ്പറേറ്റ് ഗവേഷണ വികസന കേന്ദ്രവും ഒരുക്കി മികച്ച വളർച്ച നേടി. 5500 കോടി ഗർഭനിരോധന ഉറകൾ നിർമ്മിച്ച്, രാജ്യത്തിന്റെ മൊത്തം പ്രത്യുത്പാദന നിരക്ക് കുറച്ച് ജനസംഖ്യാ സ്ഥിരത ഉറപ്പാക്കാൻ എച്ച്.എൽ.എല്ലിന് കഴിഞ്ഞു.
1990-കളിൽ ആശുപത്രി ഉത്പന്നങ്ങളുടെ മേഖലയിലേക്ക് കടന്ന എച്ച്.എൽ.എൽ, 2000-ത്തോടെ സ്ത്രീകളുടെ ആരോഗ്യ ഉത്പന്നങ്ങൾ നിർമ്മിക്കാനും തുടങ്ങി. മൂഡ്‌സ് കോണ്ടം, ബ്ലഡ് ബാഗ് എന്നിവയടക്കം 70-ലധികം ബ്രാൻഡുകൾ ഇന്ന് എച്ച്.എൽ.എൽ വിപണിയിലെത്തിക്കുന്നു. 2000-കളിൽ നിർമ്മാണം, സംഭരണം, കൺസൾട്ടൻസി, രോഗനിർണയം, ഫാർമ റീട്ടെയിൽ ബിസിനസ്സ് തുടങ്ങി നിരവധി സേവനമേഖലകളിലേക്ക് എച്ച്.എൽ.എൽ കടന്നു.
'അമൃത് ഫാർമസി' എന്ന സംരംഭത്തിലൂടെ ജീവൻ രക്ഷാ മരുന്നുകളും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കി. താങ്ങാനാവുന്ന നിരക്കിൽ ആർത്തവ കപ്പുകളും സാനിറ്ററി നാപ്കിനുകളും ലഭ്യമാക്കിയതിലൂടെ എച്ച്.എൽ.എൽ ആർത്തവ ആരോഗ്യരംഗത്തും വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |