ഇംഗ്ളീഷ് പ്രിമിയർ ലീഗ് പുതിയ സീസൺ ഇന്നുമുതൽ
ജോട്ടയില്ലാതെ ലിവർപൂൾ ഇന്നിറങ്ങുന്നു,
ആദ്യ മത്സരത്തിൽ എതിരാളി ബേൺമൗത്ത്
ലിവർപൂൾ : കഴിഞ്ഞസീസൺ കിരീടനേട്ടത്തിൽ തങ്ങൾക്കൊപ്പമുണ്ടായിരുന്ന ഡിയേഗോ ജോട്ടയില്ലാതെ ലിവർപൂൾ ഇന്ന് ഇംഗ്ലീഷ് പ്രിമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. ജൂൺ ആദ്യവാരം സ്പെയ്നിൽ നടന്ന കാറപകടത്തിലാണ് ലിവർപൂൾ താരമായ ജോട്ട മരണപ്പെട്ടിരുന്നത്. ജോട്ടയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജഴ്സി നമ്പരായ 20 ഇക്കുറി ആർക്കും നൽകില്ല.
സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടക്കുന്ന മത്സരത്തിൽ ബേൺമൗത്താണ് ലിവർപൂളിന്റെ ആദ്യ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്. സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും പ്രിമിയർ ലീഗ് ലൈവായി കാണാം.
കഴിഞ്ഞ സീസണിൽ 10 പോയിന്റ് വ്യത്യാസത്തിൽ ആഴ്സനിലിനെ പിന്തള്ളിയാണ് ലിവർപൂൾ ചാമ്പ്യന്മാരായിരുന്നത്. 38 മത്സരങ്ങളിൽ 25 എണ്ണത്തിലും വിജയം നേടാൻ കഴിഞ്ഞിരുന്ന ലിവർപൂൾ നാലുകളികളിലേ തോറ്റുള്ളൂ. ഒൻപതെണ്ണത്തിൽ സമനില വഴങ്ങി.84 പോയിന്റ് നേടി. ലിവർപൂളിന്റെ 20-ാമത്തെ ഫസ്റ്റ് ഡിവിഷൻ ലീഗ് കിരീടമായിരുന്നു കഴിഞ്ഞ തവണത്തേത്. 15 വിജയങ്ങളുമായി 56 പോയിന്റ് നേടിയ ബേൺമൗത്ത് ഒൻപതാം സ്ഥാനത്താണ് കഴിഞ്ഞ സീസണിൽ ഫിനിഷ് ചെയ്തത്.
ഡച്ചുതാരം വിർജിൽ വാൻഡിക്ക് നയിക്കുന്ന ലിവർപൂൾ ടീമിൽ സൂപ്പർ താരങ്ങളായ മൊഹമ്മദ് സലാ, അലക്സിസ് മക് അലിസ്റ്റർ,കോഡി ഗാപ്കോ,ഡൊമിനിക് സ്ളോബോസ്ളായ്,ഫ്രെഡറിക്കോ ചീസ തുടങ്ങിയവർ അണിനിരക്കും. ബ്രസീലുകാരനായ ആലിസൺ ബാക്കറാണ് ഈ സീസണിലും ഗോൾ വലകാക്കുന്നത്. ഫ്ളോറിയൻ വിറ്റ്സ്, ജെറമി ഫ്രിംപോംഗ്, മിലോസ് കെർക്കേസ് ,ഹ്യൂഗോ എകിറ്റിക്കേ എന്നിവരെയാണ് ലിവർപൂൾ ഈ സീസണിൽ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ടീമിന്റെ ചുമതലയേറ്റെടുത്ത് കിരീടം ചൂടിച്ച ഡച്ചുകാരൻ ആർനേ സ്ളോട്ടാണ് ഇക്കുറിയും മുഖ്യ പരിശീലകൻ. ഇംഗ്ളീഷ് താരം ആദം സ്മിത്താണ് ബേൺമൗത്തിനെ നയിക്കുന്നത്.
സിറ്റി നാളെ ഇറങ്ങും
മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് നാളെയാണ് ആദ്യ മത്സരം.വോൾവർ ഹാംപ്ടണാണ് എതിരാളികൾ. ടോട്ടൻഹാം നാളെ ബേൺലിയെ നേരിടും. ഞായറാഴ്ച ഈ സീസണിലെ ആദ്യ സൂപ്പർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സനലും ഏറ്റുമുട്ടും.ചെൽസിയും ക്രിസ്റ്റൽ പാലസും തമ്മിലുള്ള പോരാട്ടവും ഞായറാഴ്ചയാണ്.
ലാ ലിഗയും ഇന്നുമുതൽ
സ്‌പാനിഷ് ലാ ലിഗ ഫുട്ബാളിന്റെ പുതിയ സീസണിനും ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം രാത്രി 10.30ന് നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ ജിറോണയും റയോ വല്ലോക്കാനോയും ഏറ്റുമുട്ടും. ഫ്രഞ്ച് ലീഗ് വണ്ണിനും ഇന്ന് തുടക്കമാവും. 12.15ന് റെനമ്നേസും മാഴ്‌സെയും തമ്മിലുള്ള മത്സരത്തോടെയാണ് ഫ്രഞ്ച് ലീഗിന്റെ പുതിയ സീസൺ തുടങ്ങുന്നത്. അതേസമയം ഇറ്റാലിയൻ സെരി എയും ജർമ്മൻ ബുണ്ടസ് ലിഗയും അടുത്തയാഴ്‌ചയാണ് തുടങ്ങുന്നത്.
ഫോർ എവർ 20
ഡീഗോ ജോട്ടയുടെ സ്മരണയ്ക്കായി 'ഫോർഎവർ 20" എന്ന ലോഗോ പതിപ്പിച്ച ജഴ്സിയണിഞ്ഞാണ് ഈ സീസണിൽ ലിവർപൂൾ കളിക്കാനിറങ്ങുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |