കഴിഞ്ഞ ആഴ്ചയാണ് ബിഗ് ബോസ് സീസൺ 7 ആരംഭിച്ചത്. പരിപാടി ആരംഭിച്ച് ഒരാഴ്‌ചയ്ക്കുള്ളിൽത്തന്നെ ബിഗ് ബോസ് വീട്ടിനുള്ളിൽ പ്രശ്നങ്ങളും ആരംഭിച്ചു. ഓമനപ്പേര് നൽകാൻ പറഞ്ഞപ്പോൾ രേണു സുധിക്ക് ഗായകനായ അക്ബർ സെപ്റ്റിക് ടാങ്ക് എന്ന പേര് നൽകിയതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. വിഷയത്തിൽ അവതാരകനായ മോഹൻലാലിന്റെ പ്രതികരണം എന്തായിരിക്കുമെന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്. ഇപ്പോഴിതാ അക്ബറിന് ശിക്ഷ നൽകിയിരിക്കുകയാണ് അദ്ദേഹം.
'അക്ബർ എന്താണ് അങ്ങനെ പറയാൻ കാരണം. ഈ ഷോ എന്ന് പറയുന്നത് ലക്ഷക്കണക്കിനാളുകൾ കാണുന്നതാണ്. നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരുപാടാളുകളുണ്ട്. അവരെ ഇഷ്ടപ്പെടുന്ന ഒരുപാടാളുകളുണ്ട്. നിങ്ങളെ ഇഷ്ടപ്പെടാത്ത ഒരുപാടാളുകളുണ്ട്.'- എന്ന് മോഹൻലാൽ പറയുമ്പോൾ 'അതെനിക്ക് മോശമായി തോന്നി, ചേച്ചിയോട് സോറി പറഞ്ഞു'- എന്ന് അക്ബർ ഖാൻ മറുപടി നൽകി.
തുടർന്ന് എന്താണ് രേണുവിന് പറയാനുള്ളതെന്ന് മോഹൻലാൽ ചോദിച്ചു. 'അതുകേട്ടപ്പോൾ എല്ലാവരുടെയും മുന്നിൽ ചമ്മിപ്പോയി ലാലേട്ടാ. വേറെന്തെങ്കിലുമായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. ഇത് എല്ലാവരുടെയും മുന്നിൽ ചമ്മി നാറി ഉരുകിപ്പോയി. അക്ബർ സോറി പറഞ്ഞു. ആ വിഷമം മാറില്ലല്ലോ. ലോകം മൊത്തം കാണുകയല്ലേ'- എന്നായിരുന്നു രേണുവിന്റെ മറുപടി.
'അങ്ങനെ സംഭവിച്ചതിൽ എനിക്കും വിഷമമുണ്ട്. അക്ബർ ഒരു കാര്യം ചെയ്യുക, അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ രേണുവിനെക്കൊണ്ട് നല്ലത് പറയിപ്പിക്കുക. അതാണ് അക്ബറിനുള്ള ശിക്ഷ. അല്ലെങ്കിൽ അടുത്ത പണി അക്ബറിന് കിട്ടും.'- മോഹൻലാൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |