ന്യൂഡൽഹി: രാജ്യം സ്വയംപര്യാപ്‌തമായാൽ കയറ്റുമതിയും ഇറക്കുമതിയും ഡോളറും പൗണ്ടുമൊക്കെ അപ്രധാനമാകുമെന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വികസിത ഇന്ത്യ 2047" എന്നതാണ് ലക്ഷ്യം. എഴുപത്തിയൊൻപതാം സ്വാതന്ത്ര്യദിനത്തിൽ
പ്രധാനമന്ത്രി എന്ന നിലയിൽ ചെങ്കോട്ടയിൽ തന്റെ പന്ത്രണ്ടാമത്തെ പ്രസംഗം നടത്തുകയായിരുന്നു മോദി.
ഒരു ലക്ഷം കോടി രൂപ പദ്ധതി വിഹിതമുള്ള പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാർ യോജന(പി.എം-വി.ബി.ആർ.വൈ) പദ്ധതി പ്രകാരം മൂന്നര കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ഇവിടത്തെ യുവാക്കളുടെ അവസരങ്ങൾ നിഷേധിക്കുന്ന അനധികൃത കുടിയേറ്റം നിയന്ത്രിക്കും.
ദീപാവലി സമ്മാനമായി പുതിയ തലമുറ ജി.എസ്.ടി പരിഷ്കാരം നടപ്പാക്കും. അവശ്യവസ്തുക്കളുടെ നികുതി കുറയും. എം.എസ്.എം.ഇകൾക്ക് ആനുകൂല്യം ലഭിക്കും
പ്രതിരോധ, സിവിലിയൻ സ്ഥാപനങ്ങൾ സംരക്ഷിക്കാൻ തദ്ദേശീയ അഭ്യന്തര സംരക്ഷണ കവചമായ മിഷൻ സുദർശന ചക്രം നടപ്പാക്കും. ഇനി ജെറ്റ് എൻജിനും സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളും നിർണായക സാങ്കേതികവിദ്യകളും വികസിപ്പിക്കണം. ഈ വർഷാവസാനം, ഇന്ത്യൻ ചിപ്പുകൾ പുറത്തിറങ്ങും. 50-60 വർഷങ്ങൾക്ക് മുമ്പ് പദ്ധതിയിട്ടെങ്കിലും മറ്റു രാജ്യങ്ങൾ മുന്നിലെത്തി.
10 പുതിയ ആണവ റിയാക്ടറുകൾ വഴി 2047ൽ ആണവോർജ്ജ ശേഷിയിൽ മുന്നേറും. ഒരു ദശാബ്ദത്തിനുള്ളിൽ ആണവോർജ്ജ ഉൽപാദനത്തിൽ 10% ൽ അധികം വർദ്ധന. സ്വകാര്യ മേഖലയ്‌ക്ക് അവസരം.
എണ്ണ, വാതക ശേഖരം കണ്ടെത്താൻ ആഴക്കടൽ പര്യവേക്ഷണത്തിന് പ്രാമുഖ്യം നൽകും.
സൗരോർജ്ജം, ഹൈഡ്രജൻ, ജലവൈദ്യുതി എന്നിവയ്ക്കായി പുതിയ പദ്ധതികൾ, നിർണായക ധാതുകൾക്കായി 1200 സ്ഥലങ്ങളിൽ പര്യവേക്ഷണം. പുതിയ തലമുറ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ സമർപ്പിത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും.
ഭീഷണിക്കും വിട്ടുവീഴ്ചയ്‌ക്കും വഴങ്ങില്ലെന്ന കൃത്യമായ മറുപടിയാണ് ഇന്ത്യൻ നിർമിത ആയുധങ്ങൾ ഉപയോഗിച്ച്, ഭീകരശൃംഖലകൾ തകർത്ത ‘ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയത്. ആണവഭീഷണി വിലപ്പോകില്ല.സിന്ധുനദീജല ഉടമ്പടി മരവിപ്പിച്ചത് പുനഃപരിശോധിക്കില്ല. ചോരയും നീരും ഒരുമിച്ച് ഒഴുകില്ല.
ആർ.എസ്.എസിന് പ്രശംസ
100 വർഷം പൂർത്തിയാക്കിയ ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ എൻ.ജി.ഒ ആണെന്ന് പ്രധാനമന്ത്രി. 100 വർഷത്തെ അഭിമാനകരമായ രാഷ്‌ട്ര സേവനം സുവർണ അദ്ധ്യായമാണ്. 'വ്യക്തികളിലൂടെ രാഷ്‌ട്ര നിർമ്മാണം' എന്ന ദൃഢനിശ്ചയത്തോടെ, സ്വയംസേവകർ മാതൃരാജ്യത്തിന്റെ ക്ഷേമത്തിനായി ജീവിതം സമർപ്പിച്ചു.
ജി.എസ്.ടി: രണ്ട് സ്ളാബുകൾ
ഒഴിവാക്കി വില കുറച്ചേക്കും
സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രധാന പ്രഖ്യാപനമാണ് ജി.എസ്.ടി പരിഷ്കാരം. ഒക്ടോബറിൽ ദീപാവലി സമ്മാനമായി നിലവിൽ വരുന്നതോടെ സാധന വില കുറയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു
ഇതുവഴി ഉപഭോഗം വർദ്ധിപ്പിക്കുയാണ് ലക്ഷ്യം. സ്ത്രീകൾ, വിദ്യാർത്ഥികൾ, മധ്യവർഗം, കർഷകർ എന്നിവർക്കും പ്രയോജനം ചെയ്യുന്ന തരത്തിൽ നികുതി നിരക്കുകൾ യുക്തിസഹമാക്കും.
12%, 28% സ്ളാബുകൾ ഒഴിവാക്കുമെന്ന് സൂചന. ഇവയിലുള്ള ഉത്പന്നങ്ങൾ തൊട്ടു താഴെയുള്ള സ്ളാബുകളിലേക്ക് മാറുമ്പോൾ വില കുറയും. (12% നികുതി ചുമത്തുന്ന ഇനങ്ങൾ 5% വിഭാഗത്തിലേക്ക് മാറും)
ചെറുകിട ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ജി.എസ്.ടി രജിസ്ട്രേഷൻ ലളിതമാക്കും. റിട്ടേണുകൾ എളുപ്പമാക്കാൻ മുൻകൂട്ടി പൂരിപ്പിച്ചവ ലഭ്യമാക്കും. കയറ്റുമതിക്കാർക്കും വിപരീത തീരുവ ഘടനയുള്ളവർക്കും റീഫണ്ടുകൾ പെട്ടെന്ന് നൽകും
സുദർശന ചക്ര അഥവാ
ഇന്ത്യൻ അയൺഡോം
സുദർശന ചക്രയുടെ നിർമ്മാണം ഇസ്രയേലിന്റെ അയൺ ഡോമിന്റെയും യു.എസ് നടപ്പാക്കുന്ന ഗോൾഡൻ ഡോമിന്റെയും മാതൃകയിൽ
പഴുതടച്ച അതിർത്തി സംരക്ഷണമാണ് ലക്ഷ്യം. അതിർത്തി കടക്കുംമുമ്പ് ശത്രുവിന്റെ ആക്രമണം പൂർണമായി തടയും
അത്യാധുനിക സംവിധാനങ്ങൾ സംയോജിച്ചുള്ള ചട്ടക്കൂട്. നിരീക്ഷണം, സൈബർ സുരക്ഷ തുടങ്ങി വിവിധ തലങ്ങൾ ഉൾപ്പെടുന്നു
സുദർശന ചക്രയുടെ ചെറുപതിപ്പാണ് ഓപ്പറേഷൻ സിന്ദൂറിൽ പാക് ആക്രമണം തകർത്ത ഇന്റഗ്രേറ്റഡ് കമാൻഡ് സിസ്റ്റമായ ആകാശ്
പാകിസ്ഥാനും ചൈനയും ഉയർത്തുന്ന ഏതു വെല്ലുവിളിയും നേരിടാൻ കെല്പുള്ള സുദർശന ചക്ര 2035ൽ സേനയുടെ ഭാഗമാക്കും
ശ്രീകൃഷ്ണ ഭഗവാൻ സുദർശന ചക്രം കൊണ്ട് സൂര്യനെ മറച്ച് ഇരുട്ടാക്കി ജയദ്രഥനെ വധിക്കാൻ അർജുനെ സഹായിച്ച മഹാഭാരത കഥയാണ് ഈ പേരിടാൻ പ്രചോദനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |