ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിൽ ബി.ജെ.പിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും കടന്നാക്രമിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ 'വോട്ടർ അധികാർ യാത്ര'യ്ക്ക് ഇന്നലെ തുടക്കമായി. തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടികൾ ബീഹാർ ജനതയുടെ വോട്ട് മോഷ്‌ടിക്കാനെന്ന് ആരോപിച്ചു. നേരത്തെ രഹസ്യമായാണ് മോഷ്‌ടിച്ചു കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ പരസ്യമായാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവരെ താനോ, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവോ, ബീഹാറിലെ ജനങ്ങളോ ഭയക്കില്ല. ജനങ്ങളുടെ ശക്തിയെന്താണെന്ന് കാണിക്കാൻ പോകുകയാണ്. വോട്ടുമോഷണത്തിന്റെ സത്യം ഓരോ ഇന്ത്യൻ പൗരന്റെയും മുന്നിലെത്തിക്കും. ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തുന്നതെന്നും ഔറംഗബാദിലെ റാലിയിൽ രാഹുൽ പറഞ്ഞു. വോട്ടർ അധികാർ യാത്രയ്ക്ക് ബീഹാറിലെ സാസാറാമിലാണ് തുടക്കമിട്ടത്. ആയിരകണക്കിന് പ്രവർത്തകരും ജനങ്ങളും യാത്രയിൽ അണിനിരന്നു.
'ഇന്ത്യ' മുന്നണി നേതാക്കളും
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ് തുടങ്ങിയ നേതാക്കൾ സാസാറാമിൽ വേദി പങ്കിട്ടു. ബീഹാറിനെ രക്ഷിക്കാൻ ബി.ജെ.പിയെ തൂത്തെറിയണമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞു. 1,300 കിലോമീറ്റർ സഞ്ചരിക്കുന്ന യാത്ര സെപ്തംബർ ഒന്നിന് പാട്‌ന ഗാന്ധി മൈതാനത്ത് കൂറ്റൻ റാലിയോടെ സമാപിക്കും. 16 ദിവസത്തെ യാത്ര 50 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകും.
ഭീഷണി വേണ്ട
സത്യവാങ്മൂലം നൽകുക അല്ലെങ്കിൽ മാപ്പുപറയുക എന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഭീഷണി തള്ളിക്കളഞ്ഞ് രാഹുൽ ഗാന്ധി. താൻ ഉന്നയിച്ച ഒരു കാര്യത്തിനും വാർത്തസമ്മേളനത്തിൽ മറുപടി പറയാതിരുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദ്ദേശപ്രകാരമാണ് വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടി മാറ്റിയതെന്ന് കുറ്റപ്പെടുത്തി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്ത സമ്മേളനത്തിനുശേഷം വോട്ടർ അധികാര യാത്രയുടെ ആദ്യ ദിവസത്തെ സമാപന സമ്മേളനത്തിലാണ് രാഹുൽ ആഞ്ഞടിച്ചത്.
കമ്മിഷൻ കുറ്റകൃത്യം ചെയ്താൽ ഒരു കോടതിക്കും പിടികൂടാനാകാത്ത തരത്തിൽ രാജ്യത്തെ നിയമം ബി.ജെ.പി മാറ്റിയെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഡിജിറ്റൽ തെളിവുകൾ കമ്മിഷന് നശിപ്പിക്കാമെന്ന് നിയമമുണ്ടാക്കിയത് ആർക്കുവേണ്ടിയാണെന്ന് രാഹുൽ ചോദിച്ചു. എന്ത് തെറ്റ് ചെയ്താലും തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രാജ്യത്തെ ഒരു കോടതിക്കും കേസെടുക്കാനാവാത്ത നിയമമുണ്ടാക്കിയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |