എലപ്പുള്ളി: 1947 ആഗസ്റ്റ് 15 ന് എലപ്പുള്ളി പഞ്ചായത്തിലെ രാമശ്ശേരി പാറപ്പുറത്ത് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഓർമ്മ പുതുക്കലും സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞ ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ 112 വയസുള്ള എലപ്പുള്ളി പഞ്ചായത്തിലെ തേനാരി സ്വദേശിയായ ദണ്ഡപാണിയെ ആദരിക്കലും വിദ്യാർത്ഥികളുടെ സ്വാതന്ത്രസമര സ്മൃതി സംവാദാവും സംഘടിപ്പിച്ചു. രാമശ്ശേരി പാറപ്പുറത്ത് സ്ഥാപിച്ച ഗാന്ധി ആശ്രമത്തിൽ സംഘടിപ്പിച്ച പരിപാടി പാലക്കാട് ആർ.ഡി.ഒ. കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമായിരുന്നുവെന്നും അതു കാരണം രണ്ടാം ക്ലാസ് വരെയേ പഠിക്കുവാൻ കഴിഞ്ഞുള്ളുവെന്നും ആദരിക്കൽ ചടങ്ങിൽ ദണ്ഡപാണി പറഞ്ഞു. സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ പങ്കെടുത്തവരെ ബ്രിട്ടീഷ് പോലീസ് ക്രൂരമായി വേട്ടയാടിയിരുന്നുവെന്നും മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഓർക്കുമ്പോൾ ഇപ്പോഴും ചോര തിളക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓയിസ്‌ക ഇന്റർനാഷണൻ സംസ്ഥാന പ്രസിഡന്റ് ഡോ. ശുദ്ധോധനൻ അധ്യക്ഷനായി. ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശ്ശേരി ശ്രീനിവാസൻ ആമുഖ പ്രഭാഷണം നടത്തി. കഥാകൃത്ത് രാധാകൃഷ്ണൻ രാമശ്ശേരി, സർവ്വോദയ കേന്ദ്രം ജോ. സെക്രട്ടറി കെ.ഉണ്ണിക്കുട്ടൻ, ഗാന്ധി ആശ്രമം വർക്കിംഗ് ഗ്രൂപ്പ് അംഗം കൃഷ്ണൻകുട്ടി മുതിരംപള്ളം, ആർ.ബിജുറോയ്, അനുരാധ ദേവി, ജാനകി തുടങ്ങിയവർ സംസാരിച്ചു. അനന്യ സ്വാതന്ത്ര്യ ഗീതം അവതരിപ്പിച്ചു. വിരമിച്ച സൈനികൻ എസ്.വിൻസെന്റ് പതാക ഉയർത്തി. തേനാരി ഹൈസ്‌ക്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും സ്വാതന്ത്രസമര സ്മൃതി സംവാദത്തിന് നേതൃത്വം നൽകി. ധീര ദേശാഭിമാനികളുടെ പാദസ്പർശമേറ്റ ആ പുണ്യഭൂമിയിൽ 1947 ൽ രാമശ്ശേരി പാറപ്പുറത്ത് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന് ശേഷം 78 വർഷങ്ങൾ കഴിഞ്ഞാണ് ഓർമ്മ പുതുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |