ലണ്ടൻ: ഭീകരവിരുദ്ധ നിയമം ലംഘിച്ച് യാത്രയിലുടനീളം കോക്ക്‌പിറ്റിന്റെ വാതിൽ തുറന്നിട്ട പൈലറ്റിന് സസ്‌പെൻഷൻ. ബ്രിട്ടീഷ് എയർവേസ് പൈലറ്റിനാണ് സസ്‌പെൻഷൻ ലഭിച്ചത്. യുകെയിലെ ഹീത്രൂവിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിൽ പൈലറ്റിന്റെ മാതാപിതാക്കളും യാത്രക്കാരായി ഉണ്ടായിരുന്നു. താൻ വിമാനം നിയന്ത്രിക്കുന്നത് മാതാപിതാക്കൾ കാണാനാണ് ഇയാൾ കോക്ക്‌പിറ്റ് തുറന്നിട്ടതെന്നാണ് റിപ്പോർട്ട്. പൈലറ്റ് കോക്ക്‌പിറ്റ് തുറന്നിട്ട് വിമാനം പറത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമാണ്.
അതേസമയം, കോക്ക്‌പിറ്റിന്റെ വാതിൽ തുറന്നുകിടന്നത് അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നാണ് പൈലറ്റിന്റെ വിശദീകരണം. സംഭവം വിശദീകരിച്ച് പൈലറ്റ് തന്നെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. 9/11 ആക്രമണത്തിനുശേഷമാണ്, തീവ്രവാദ, വിമാന റാഞ്ചൽ സാദ്ധ്യത കുറയ്ക്കുന്നതിനായി വിമാനയാത്രയ്ക്കിടെ കോക്ക്പിറ്റ് വാതിലുകൾ പൂട്ടിയിടണമെന്നത് കർശനമാക്കിയത്. ഈ നിയമം ലംഘിച്ചതിനാണ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തത്.
പൈലറ്റ് കോക്ക്‌പിറ്റിന്റെ വാതിൽ തുറന്നിട്ടത് കണ്ട് യാത്രക്കാരും വിമാന ജീവനക്കാരും പരിഭ്രാന്തരായിരുന്നു. ജീവനക്കാരാണ് വിവരം ബ്രിട്ടീഷ് എയർവേസിനെ അറിയിച്ചത്. യാത്രക്കാരുടെ സുരക്ഷയാണ് മുഖ്യമെന്നും സംഭവത്തിൽ പൈലറ്റിനെതിരെ അന്വേഷണം ഉണ്ടാവുമെന്നും ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |