ന്യൂഡൽഹി: വോട്ടു മോഷണം നടത്തിയാണ് മോദി സർക്കാർ അധികാരത്തിലെത്തിയതെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരിട്ട് ജനങ്ങളിലേക്കിറങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിൽ ഇന്നുമുതൽ 30 വരെ 'വോട്ടർ അധികാർ യാത്ര" രാഹുൽ നയിക്കും. ഇന്ന് ബീഹാറിലെ സാസാറാമിൽ മെഗാ റാലിയോടെയാണ് തുടക്കം.
'ഇന്ത്യ" സഖ്യത്തിലെ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ളവർ യാത്രയുടെ ഭാഗമാകും. ഔറംഗബാദ്, ഗയ, നവാഡ, നളന്ദ, കട്ടിഹർ, ദർഭംഗ, ഈസ്റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച്, ചപ്ര വഴി ആര വരെയാണ് യാത്ര. 16 ദിവസം 1300ൽപ്പരം കിലോമീറ്റർ സഞ്ചരിച്ച് ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കും. സെപ്‌തംബർ ഒന്നിന് പാട്നയിൽ മെഗാ വോട്ടർ അധികാർ റാലിയോടെ സമാപിക്കും. വോട്ടു ചെയ്യാനുള്ള അവകാശം നിലനിറുത്താൻ യാത്രയ്‌ക്കൊപ്പം അണിചേരാൻ കോൺഗ്രസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
കമ്മിഷനെ തുറന്നുകാട്ടും
ബീഹാറിലെ തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ വ്യാപക ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. 'ഇന്ത്യ' സഖ്യ പാർട്ടികൾ അടക്കം സമർപ്പിച്ച ഹർജികൾ പരിഗണിച്ച സുപ്രീംകോടതി,കരടു വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ 65 ലക്ഷം പേരുടെ പട്ടിക പ്രസിദ്ധീകരിക്കാൻ ഉത്തരവിട്ടത് തിരഞ്ഞെടുപ്പ് കമ്മിഷന് വലിയ തിരിച്ചടിയായിരുന്നു. ആധാർ സ്വീകരിക്കാനും നിർദ്ദേശിച്ചത് ഇരട്ടിപ്രഹരമായി. തങ്ങളുന്നയിക്കുന്ന പരാതികൾ ജുഡിഷ്യറിക്ക് ബോദ്ധ്യപ്പെട്ടെന്നും,വോട്ടു മോഷ്‌ടാക്കൾക്കുള്ള വലിയ സന്ദേശമാണെന്നും പ്രതിപക്ഷം പ്രതികരിച്ചിരുന്നു. കമ്മിഷനെ ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടാനാണ് ശ്രമമെന്ന് കോൺഗ്രസ് പറയുന്നു. അതേസമയം,വിഷയം ബീഹാർ തിരഞ്ഞെടുപ്പിൽ ആയുധമാക്കാനുള്ള രാഷ്ട്രീയ നീക്കം കൂടിയാണ് 'വോട്ട് അധികാർ യാത്ര'.
ശവയാത്രയായി മാറും: ബി.ജെ.പി
യാത്ര ബീഹാറിൽ കോൺഗ്രസിന്റെ ശവയാത്രയായി മാറുമെന്ന് മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അശ്വിനി ചൗബെ പ്രതികരിച്ചു. എൻ.ഡി.എ സർക്കാർ വൻഭൂരിപക്ഷത്തോടെ ബീഹാറിൽ അധികാരം നിലനിറുത്തുമെന്നും ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |