അങ്കമാലി: വേതന വർദ്ധന ആവശ്യപ്പെട്ട് അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖലകളിലെ ബസ് ജീവനക്കാർ ഇന്ന് പണിമുടക്കും.
ജൂലായ് 8ന് സൂചനാ പണിമുടക്ക് നടത്തിയതിന് ശേഷം, ജൂലായ് 22ന് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാരും വിദ്യാർത്ഥി സംഘടനകളുമായി ചർച്ചകൾ നടക്കുന്നതിനാൽ ഗതാഗത മന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്ന് മാറ്റിവച്ചിരുന്നു.
സമരത്തിൽ നിന്ന് പിൻമാറണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും പ്രധാന വരുമാന സ്രോതസായയ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമില്ലാത്തതും സ്വകാര്യ ബസ് മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കാൻ ബസുടമകൾ സംസ്ഥാന തലത്തിൽ പ്രക്ഷോഭം നടത്തുന്നുണ്ടെന്നും ഇതിനൊരു തീരുമാനമായാൽ വേതന വർദ്ധന നടപ്പാക്കാമെന്ന് തൊഴിലാളി യൂണിയൻ നേതാക്കളെ ധരിപ്പിച്ചിട്ടുണ്ടെന്നും ബസുടമകൾ വ്യക്തമാക്കി.
മേഖലയിലെ പ്രധാന വെല്ലുവിളികൾ
കാലടിയിലെ ബസ് സ്റ്റാൻഡ് പുനർനിർമ്മാണത്തിനായി അടച്ചതിനാൽ ബസ് സർവീസുകൾ താളം തെറ്റി. ട്രാഫിക് വാർഡൻമാരെ നിയോഗിക്കാമെന്നും അനധികൃത പാർക്കിംഗ് ഒഴിവാക്കുമെന്നും അധികൃതർ ഉറപ്പു നൽകിയിരുന്നെങ്കിലും അത് നടപ്പായിട്ടില്ല.
അങ്കമാലിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊലീസോ നഗരസഭയോ താത്പ്പര്യമെടുക്കുന്നില്ലെന്ന് ബസുടമകൾ ആരോപിക്കുന്നു. ട്രാഫിക് കമ്മിറ്റി വിളിച്ചുചേർക്കുന്നുണ്ടെങ്കിലും തീരുമാനങ്ങൾ നടപ്പാക്കപ്പെടുന്നില്ല.
ഗതാഗതക്കുരുക്ക് കാരണം ട്രിപ്പുകൾ നഷ്ടപ്പെടുന്നതും സമയനഷ്ടം നികത്താൻ അമിതവേഗതയെ ആശ്രയിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളും, മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പിഴകളും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
വേതന വർധനവിനല്ലാതെ മേഖല നേരിടുന്ന മറ്റ് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ യൂണിയനുകൾ ഇടപെടുന്നില്ലെന്ന് ബസുടമകൾ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |