ഭുവനേശ്വർ: ഈ കാലഘട്ടത്തിൽ ഒഴിച്ചുനിർത്താൻ കഴിയാത്ത ഒരു ലോഹമാണ് സ്വർണം. പല രാജ്യങ്ങളും സ്വർണം കയറ്റുമതി ചെയ്ത് പണം സമ്പാദിക്കുന്നുണ്ട്. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് കുഴിച്ചെടുക്കുന്നത്. രാജ്യങ്ങൾ തമ്മിൽ സ്വർണം വാങ്ങാൻ മത്സരമാണ്. ഇപ്പോഴിതാ ഇന്ത്യക്കാർക്ക് സന്തോഷിക്കാവുന്ന ഒരു വാർത്തയാണ് ഒഡീഷയിൽ നിന്ന് പുറത്തുവരുന്നത്.
ഒഡീഷയിലെ ആറ് ജില്ലകളിൽ നിന്ന് സ്വർണശേഖരം കണ്ടെത്തിയെന്ന വാർത്തകളാണ് അത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാല് ജില്ലകളിൽ ഇതിനായി പര്യവേഷണം തുടങ്ങിക്കഴിഞ്ഞു. ദിയോഗഡ്. സുന്ദർഗഡ്, നബരംഗ്പൂർ, കിയോഞ്ജർ, അംഗുൽ, കോരാപുട്ട് എന്നിവിടങ്ങളിലാണ് സ്വർണ നിക്ഷേപം കണ്ടെത്തിയത്. കൂടാതെ മയൂർഭഞ്ച്, മൽക്കാൻഗിരി, സാംബൽപൂർ, ബൗധ് എന്നിവിടങ്ങളിൽ പര്യവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. 2025 മാർച്ചിൽ മന്ത്രി ബിഭൂതി ഭൂഷൺ ജെന ഇക്കാര്യം നിയമസഭയിൽ അറിയിച്ചിരുന്നു.
ഏകദേശം 10 മുതൽ 20 മെട്രിക് ടൺ സ്വർണം വരെ ആറ് ജില്ലകളിൽ നിന്ന് ഖനനം ചെയ്യാൻ സാധിക്കുമെന്നാണ് വിദഗ്ധർ കരുതുന്നത്. കൃത്യമായ കണക്ക് ഇതുവരെ തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ഇന്ത്യ ഏകദേശം 700 -800 മെട്രിക് ടൺ സ്വർണം ഇറക്കുമതി ചെയ്തിരുന്നു. ആഭ്യന്തര സ്വർണ ഉത്പാദനം വളരെ കുറവാണ്. 2020ലെ കണക്കനുസരിച്ച് പ്രതിവർഷം 1.6 ടൺ മാത്രമാണ്. അതിനാൽ തന്നെ ഒഡീഷയിൽ ഖനനം തുടങ്ങിയാൽ അത് ഇന്ത്യയ്ക്ക് വലിയ നേട്ടമാകും. ദിയോഗഡിലെ ഖനിയാണ് ആദ്യം ലേലം ചെയ്യുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ധാതു ഖനനം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |