അങ്കമാലി: വേതന വർദ്ധനവ് ആവശ്യപ്പെട്ട് അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖലകളിലെ സ്വകാര്യ ബസ് ജീവനക്കാർ ഇന്ന് പണിമുടക്കും. കാലാവധി കഴിഞ്ഞ സേവന വേതന വ്യവസ്ഥകൾ പുതുക്കി നൽകണമെന്നാവശ്യപ്പെട്ടാണ് സംയുക്ത തൊഴിലാളി യൂണിയനുകൾ സമരം ചെയ്യുന്നത്.
നേരത്തെ ജൂലായ് 15ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും, ജൂലായ് 31ന് മുമ്പായി കൂലി വർദ്ധനവ് നൽകുമെന്ന് ബസുടമകൾ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം മാറ്റിവച്ചിരുന്നു. എന്നാൽ, കരാർ പ്രകാരമുള്ള ഉറപ്പിൽ നിന്ന് ബസുടമകൾ പിൻമാറിയതാണ് പുതിയ സമരത്തിന് കാരണമെന്ന് സംയുക്ത യൂണിയൻ നേതാക്കൾ അറിയിച്ചു. പി.ജെ. വർഗ്ഗീസ്, കെ.പി. പോളി, മാത്യു തോമസ്, സജിൻ പി.ആർ., എം.എസ്. ദിലീപ്, പി.റ്റി. ഡേവിസ്, പോളി കളപ്പറമ്പൻ, പി.ഒ. ഷിജു, എ.വി. സുധീഷ്, സി.ജി. അനിൽകുമാർ, എം.എ. ടോണി, കെ.എൽ. പോളി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
സമരം ഒഴിവാക്കണമെന്ന് ബസുടമകൾ
തൊഴിലാളികൾ സമരം ഒഴിവാക്കണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു. കൊവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമില്ലാത്തതും സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു.
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുന്നതിനായി ബസ് ഉടമകൾ സംസ്ഥാനതലത്തിൽ പ്രക്ഷോഭം നടത്തുന്നുണ്ടെന്നും, ഇതിനൊരു തീരുമാനമായാൽ വേതന വർദ്ധന നടപ്പാക്കാമെന്ന് തൊഴിലാളി യൂണിയൻ നേതാക്കളെ ധരിപ്പിച്ചിട്ടുണ്ടെന്നും ബസുടമകൾ വ്യക്തമാക്കി.
മേഖലയിലെ വെല്ലുവിളികൾ
കാലടിയിലെ ബസ് സ്റ്റാൻഡ് പുനർനിർമ്മാണത്തിനായി അടച്ചതിനാൽ ബസ് സർവീസുകൾ താളം തെറ്റി. ട്രാഫിക് വാർഡൻമാരെ നിയോഗിക്കാമെന്നും അനധികൃത പാർക്കിംഗ് ഒഴിവാക്കുമെന്നും അധികൃതർ ഉറപ്പു നൽകിയിരുന്നെങ്കിലും അത് നടപ്പായിട്ടില്ല.
അങ്കമാലിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊലീസോ നഗരസഭയോ താത്പ്പര്യമെടുക്കുന്നില്ലെന്ന് ബസുടമകൾ ആരോപിക്കുന്നു. ട്രാഫിക് കമ്മിറ്റി വിളിച്ചുചേർക്കുന്നുണ്ടെങ്കിലും തീരുമാനങ്ങൾ നടപ്പാക്കപ്പെടുന്നില്ല. ഗതാഗതക്കുരുക്ക് കാരണം ട്രിപ്പുകൾ നഷ്ടപ്പെടുന്നതും സമയനഷ്ടം നികത്താൻ അമിതവേഗതയെ ആശ്രയിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളും, മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പിഴകളും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വേതന വർധനവിനല്ലാതെ മേഖല നേരിടുന്ന മറ്റ് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ യൂണിയനുകൾ ഇടപെടുന്നില്ലെന്ന് ബസുടമകൾ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |