വക്കം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വക്കം മങ്കുഴി മാർക്കറ്റ് ഹൈടെക് ആക്കാൻ തീരുമാനമായത്. എന്നാൽ നിർമ്മാണത്തിന്റെ ഭാഗമായി മാർക്കറ്റിലെ കച്ചവടം നിറുത്താനുള്ള നോട്ടീസ് വന്നതോടെ വ്യാപാരികൾ പെരുവഴിയായി. ഒരു അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാതെയാണ് മാർക്കറ്റ് കാലിയാക്കിയത്. നിലവിൽ മാർക്കറ്റിലെ മത്സ്യ, പച്ചക്കറി കച്ചവടക്കാർ റോഡിന് വശത്തും കടത്തിണ്ണയിലുമാണ് കച്ചവടം ചെയ്യുന്നതും. തോരാതെ പെയ്യുന്ന മഴ നനഞ്ഞാണ് ഇവരുടെ കച്ചവടം. അതേസമയം, പഞ്ചായത്ത് കമ്മിറ്റി കൂടി മതിയായ ബദൽ സംവിധാനം കച്ചവടക്കാർക്ക് ഒരുക്കാതെയുള്ള നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നുണ്ട്.
അപകട ഭീതിയും
കച്ചവടം റോഡിന് വശത്തേക്ക് മാറ്റിയതോടെ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കും വർദ്ധിച്ചു. ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. വീതികുറഞ്ഞ റോഡായതിനാൽ കാൽനടയാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കേണ്ടിവരും. ഇതും അപകട സാദ്ധ്യത ഇരട്ടിയാക്കുന്നുണ്ട്. 2017ൽ പഞ്ചായത്ത് മാർക്കറ്റിനോട്ചേർന്ന് നിർമ്മിച്ച മൂന്ന് നിലയുള്ള ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടവും പ്രവർത്തനം തുടങ്ങാനാകാതെ നശിച്ചു തുടങ്ങിയിട്ടുണ്ട്.
വൃത്തിഹീനമായി
മാർക്കറ്റിനകത്തുള്ള പൊതു ടോയ്‌ലെറ്റ് വൃത്തിഹീനമായിട്ട് കാലമേറേയായി. ഇതു കൂടി അടച്ചുപൂട്ടിയതോടെ കച്ചവടക്കാർ ഏറേ ബുദ്ധിമുട്ടിലാണ്. മാർക്കറ്റിൽ അടിസ്ഥാന സൗകര്യങ്ങൾ നിലച്ചതും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും സാധാനങ്ങൾ വാങ്ങാനെത്തുന്നവർ മാർക്കറ്രിൽ കയറാതെയായി. വ്യാപാരികൾ കച്ചവടം മാർക്കറ്റിന് വെളിയിലേക്ക് മാറ്റി. ഇതോടെയാണ് ഹൈടെക് മാർക്കറ്റ് നിർമ്മിക്കാൻ തീരുമാനമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |