തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകളുടെ സമരത്തെ നേരിടാൻ 500ഓളം ബസ് പണിതീർത്തുവച്ചിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ. സ്വകാര്യ ബസുകാർ സമരം ചെയ്യുകയാണെങ്കിൽ ചെയ്‌തോട്ടെ. കെഎസ്ആർടിസിയുടെ മുഴുവൻ ബസും റോഡിലിറങ്ങുമെന്നും വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമവായത്തിൽ എത്തണമെന്നും ഗണേശ് കുമാർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
'അവർ ആദ്യം മത്സരയോട്ടം ഒന്ന് നിർത്തട്ടെ. കുട്ടികളുടെ കൺസെഷൻ വർദ്ധിപ്പിച്ചിട്ട് ഈ നാട്ടിലൊരു വഴക്കുണ്ടാക്കാൻ അനുവദിക്കില്ല. സമരം ചെയ്യുമെന്നാണ് പറയുന്നത്. ഞാൻ പറഞ്ഞു ചെയ്‌തോളാൻ. ഓണക്കാലത്ത് ഓടിയിട്ടില്ലെങ്കിൽ കെഎസ്ആർടിസിയുടെ അഞ്ഞൂറ് ബസുകൾ റോഡിലിറങ്ങും. പണി തീർത്ത് ബസുകൾ കുട്ടപ്പനാക്കിയിട്ടുണ്ട്. ഡീസലടിക്കുക, ഡ്രൈവറെ വയ്ക്കുക, ഓടിക്കുക. അവർ സമരം ചെയ്യുകയാണെങ്കിൽ ഈ ബസ് മുഴുവൻ റോഡിലിറങ്ങും.
1200 വണ്ടികളാണ് എല്ലാ ദിവസവും ശരാശരി വർക്ക്‌ഷോപ്പിൽ കിടന്നത്. ഇന്ന് അത് 450 ആയി ചുരുങ്ങിയിട്ടുണ്ട്. അത്രയും വണ്ടി ഞങ്ങളുടെ കയ്യിൽ സ്‌പെയർ ഉണ്ട്. അവർ സമരം ചെയ്യുകയാണെങ്കിൽ അത് ഇങ്ങിറക്കും. കുട്ടികളുടെ ചാർജ് വർദ്ധിപ്പിക്കണമെന്ന് പറയുമ്പോൾ അവരുമായി ഒരു സമവായത്തിൽ എത്താതെ, ചാർജ് വർദ്ധിപ്പിച്ചാൽ എന്തായിരിക്കും ഇവിടുത്തെ സ്ഥിതി. എന്തിനാണ് ആവശ്യമില്ലാതെ ആളുകളെ സമരത്തിലേക്ക് തള്ളിവിട്ട് പ്രശ്നമുണ്ടാക്കുന്നത്. ഒരു രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ നമ്മൾ നിൽക്കണോ?'- ഗണേശ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |