നികുതി കുറയുന്നതോടെ വിപണി ഉണരുമെന്ന് പ്രതീക്ഷ
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ മറികടന്ന് കുതിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ സജീവമായതോടെ രാജ്യത്തെ ഓഹരി വിപണി വൻ മുന്നേറ്റം കാഴ്ചവെച്ചു. ചരക്ക് സേവന നികുതി(ജി.എസ്.ടി) കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കവും ആഗോള ഏജൻസികൾ ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തിയതും വിപണിക്ക് ഇന്നലെ കരുത്ത് പകർന്നു.
സെൻസെക്സ് 676.35 പോയിന്റ് നേട്ടത്തോടെ 81,271ൽ അവസാനിച്ചു. നിഫ്‌റ്റി 251.21 പോയിന്റ് ഉയർന്ന് 24,882ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും നിക്ഷേപകർ സജീവമായി. ഡൊണാൾഡ് ട്രംപിന്റെ 25 ശതമാനം അധിക പിഴത്തീരുവ ആഗസ്‌റ്റ് 27ന് നടപ്പാകുമെങ്കിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിക്കില്ലെന്ന വിലയിരുത്തലാണ് നിക്ഷേപകർക്കുള്ളത്. മാരുതി സുസുക്കി, ബജാജ് ഫിൻകോർപ്പ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാടെക്ക് സിമന്റ്സ്, ട്രെന്റ് തുടങ്ങിയവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ബി.ബി.ബി നെഗറ്റീവിൽ നിന്ന് ബി.ബി.ബിയായി ഉയർത്താനുള്ള ആഗോള ധനകാര്യ ഏജൻസിയായ എസ്. ആൻഡ് പിയുടെ തീരുമാനവും നിക്ഷേപകർക്ക് ആവേശമായി.
അവശ്യ സാധനങ്ങളുടെ ഉപഭോഗം കൂടും
ജി.എസ്.ടി സ്ളാബുകളുടെ എണ്ണം നാലിൽ നിന്ന് രണ്ടായി കുറയ്ക്കാനുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദേശം പാക്കേജ്ഡ് ഭക്ഷണങ്ങൾ അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി കുറയാൻ സഹായകമാകും.കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജി.എസ്.ടി പരിഷ്‌കരണ നയം പ്രഖ്യാപിച്ചത്. ഇത്തവണത്തെ ഉത്സവ കാലയളവിൽ എഫ്.എം.സി.ജി, വാഹന, കൺസ്യൂമർ ഉത്പന്ന, റിയൽ എസ്‌റ്റേറ്റ് മേഖലകളിൽ മികച്ച ഉണർവുണ്ടാകാൻ ജി.എസ്.ടിയിലെ കുറവ് സഹായിക്കും.
വിപണിക്ക് കരുത്ത് പകരുന്നത്
1. ജി.എസ്.ടി കുറയുന്നതോടെ ഉപഭോക്തൃ വിപണിയിൽ ഉണർവുണ്ടാകുമെന്ന പ്രതീക്ഷ
2. ട്രംപിന്റെ അധിക തീരുവയുടെ പ്രത്യാഘാതം ഇന്ത്യ അതിവേഗം മറികടക്കുമെന്ന പ്രവചനങ്ങൾ
3. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില താഴുന്നതിനാൽ വ്യാപാര കമ്മി കുറയാനുള്ള സാദ്ധ്യത
4. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരി വിപണിയിലേക്ക് വീണ്ടും പണമൊഴുക്കുന്നതും അനുകൂലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |