□ശുഭാംശു പ്രധാനമന്ത്രിയെ ബഹിരാകാശ ചിത്രങ്ങൾ കാണിച്ചു
ന്യൂഡൽഹി: രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ചരിത്ര യാത്രയ്ക്കു ശേഷം ഇന്ത്യയിലെത്തിയ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകിട്ട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.ഇന്ത്യയുടെ അഭിമാനമായ ബഹിരാകാശ യാത്രികനെ മോദി ഹസ്തദാനം നൽകിയും, ആലിംഗനം ചെയ്തും സ്വീകരിച്ചു. തന്റെ ബഹിരാകാശ യാത്രയുടെ ചിത്രങ്ങൾ ശുഭാംശു ടാബ്‌ലെറ്റിൽ മോദിക്ക് കാണിച്ചു കൊടുത്തു.
ആക്‌സിയം -4 ദൗത്യത്തിൽ 18 ദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച ശുഭാംശു ജൂലായ് 15ന് മടങ്ങിയെത്തിയിരുന്നു. 17നാണ് ഇന്ത്യയിലെത്തിയത്.
ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനും രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനുമായ ശുഭാംശുവിനെ ഇന്നലെ ലോക്സഭ
ആദരിക്കുകയും അദ്ദേഹത്തിന്റെ നേട്ടം സംബന്ധിച്ച് പ്രത്യേക ചർച്ച നടത്തുകയും ചെയ്തു.
ചർച്ചയ്ക്കിടെ, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം ബഹളം
വച്ചു. സർക്കാരിനോടും ബി.ജെ.പിയോടും പ്രതിപക്ഷത്തിന് വിയോജിപ്പുണ്ടാകാമെന്നും, ശുഭാംശു ശുക്ലയോടും ബഹിരാകാശത്തോടും എതിർപ്പ് എന്തിനാണെന്നും കേന്ദ്ര ശാസ്ത്ര
സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് ചോദിച്ചു. പിന്നാലെ, പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കമ്മിഷനെതിരെ പ്രതിഷേധിച്ചു. കഴിഞ്ഞ 70 വർഷമായി ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വളർച്ചയില്ലായിരുന്നുവെന്നും ,നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെയാണ് പുത്തൻ ഉണർവുണ്ടായതായും ജിതേന്ദ്ര സിംഗ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ നടപടി തികച്ചും നിരാശപ്പെടുത്തുന്നതാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
പിന്തുണച്ച്
തരൂർ
പ്രതിപക്ഷം ചർച്ചയിൽ പങ്കെടുക്കില്ലെന്ന് മനസ്സിലാക്കിയ കോൺഗ്രസ് എം.പി ശശി തരൂർ ശുഭാംശുവിനെ അഭിനന്ദിച്ച് എക്‌സിൽ പോസ്റ്റിട്ടു. ശുഭാംശുവിന്റെ നേട്ടത്തിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനമുണ്ടെന്നും ഇത് ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലേക്കുള്ള നിർണായക ചുവടു വയ്പാണെന്നും തരൂർ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |