ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിനെക്കുറിച്ച് സത്യവാങ്‌മൂലം നൽകി തെളിവു നൽകണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യം വീണ്ടും തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതു തെളിയിക്കേണ്ട ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് ബീഹാറിലെ ഗയയിൽ വോട്ടർ അധികാർ റാലിയിൽ രാഹുൽ പറഞ്ഞു. ഒരിക്കൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ ഇത്തരക്കാർ നടപടി നേരിടുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
ആരോപണം നേരത്തെ എന്തുകൊണ്ട് ഉന്നയിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചോദിക്കുന്നത്. നിശ്ചിത സമയത്ത് പറഞ്ഞില്ലെങ്കിൽ പരാതിയിൽ കാര്യമില്ലെന്നും പറയുന്നു. വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മിഷനാണ്. അവരുടെ പ്രക്രിയയിലാണ് അതു സംഭവിച്ചത്. പകരം തന്നോട് സത്യവാങ്മൂലം ചോദിക്കുന്നു.
എല്ലാ സംസ്ഥാനങ്ങളിലെയും ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളിലും നടന്ന വോട്ട് മോഷണം കണ്ടെത്തി ഞങ്ങൾ രാജ്യത്തിന് കാണിച്ചുകൊടുക്കും. പ്രധാനമന്ത്രി മോദി ബീഹാറിനായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ, ബീഹാറിനായി ഒരു പുതിയ പ്രത്യേക പാക്കേജ് തിരഞ്ഞെടുപ്പ് കമ്മിഷനും കൊണ്ടുവന്നിരിക്കുന്നു. അതാണ് എസ്.ഐ.ആർ(വോട്ടർ പട്ടിക പരിഷ്‌കരണം). മഹാരാഷ‌്‌ട്രയിലും കർണാടകയിലും ഹരിയാനയിലും നടത്തിയ മോഷണം ഞങ്ങൾ പിടികൂടിയെന്ന് അവർക്ക് മനസിലായി. അതുകൊണ്ട് ബീഹാറിൽ പുതിയ തരം മോഷണ രീതിയാണ് നടപ്പാക്കുന്നത്.
ജനങ്ങളുടെ പണവും തൊഴിലും ഭാവിയും നഷ്‌ടമാകാതിരിക്കാൻ വോട്ട് ആവശ്യമാണ്. അദാനിക്ക് എല്ലാം പണയപ്പെടുത്താതിരിക്കാൻ ജനത്തിന് പുതിയ സ്വപ്‌നം കാണാൻ അത് അനിവാര്യമാണ്. അതിനാൽ വോട്ട് മോഷണം തടയാൻ ലക്ഷ്യമിട്ടാണ് 'ഇന്ത്യ' മുന്നണി യാത്ര നടത്തുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും സംസാരിച്ചു. ഗയയിലെ ആദിവാസി നേതാവ് ഭാഗീരഥി മാജിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ രാഹുൽ കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |