ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ ഇടവേളയ്ക്കുശേഷം ചേർന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനം ബീഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തെ (എസ്.ഐ.ആർ) ചൊല്ലി ബഹളത്തിൽ മുങ്ങി. വാക്കൗട്ട് നടത്തിയ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ രാജ്യസഭ തുറമുഖ ബിൽ പസാക്കി.
രാവിലെ 11മണിക്ക് സമ്മേളിച്ചപ്പോൾ തന്നെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങിയതോടെ രാജ്യസഭ രണ്ടു മണി വരെയും ലോക്‌സഭ 12മണിവരെയും നിർത്തിവച്ചു.
ലോക്‌സഭ രണ്ടുമണിക്ക് ചേർന്നപ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പോയിവന്ന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെ ആദരിച്ച് ചർച്ച നടത്തി.
അപ്പോഴും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി ബഹളം തുടർന്നു. ചർച്ചയ്‌ക്കു ശേഷം സഭ ഇന്നലെത്തേക്ക് പിരിഞ്ഞു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റ് ബില്ലും സഭയിൽ അവതരിപ്പിച്ചു.ഉച്ചയ്‌ക്ക് രണ്ടുമണിക്ക് ചേർന്ന രാജ്യസഭ തുറമുഖ ബിൽ പാസാക്കിയ ശേഷമാണ് പിരിഞ്ഞത്.
ജൻവിശ്വാസ് ബിൽ
സെലക്‌ട് കമ്മിറ്റിക്ക്
# 12 മണിക്ക് ചേർന്ന ലോക്‌സഭ ജൻ വിശ്വാസ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച ശേഷം സെലക്‌ട് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ ബിൽ അവതരണം.
# ബില്ലിൽ 10 മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പരിധിയിലുള്ള 16 കേന്ദ്ര നിയമങ്ങളെ ജൻ വിശ്വാസ് ബിൽ ഉൾക്കൊള്ളുന്നു. ചെറിയ കുറ്റങ്ങൾക്കുള്ള ശിക്ഷ ഒഴിവാക്കി പിഴയും മുന്നറിയിപ്പും നൽകാൻ ലക്ഷ്യമിട്ടുള്ളതാണിത്. ഇതിനായി 355 വ്യവസ്ഥകൾ ഭേദഗതി ചെയ്യാനാണ് നിർദ്ദേശം.
# മോട്ടോർ വാഹന നിയമം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, സെൻട്രൽ സിൽക്ക് ബോർഡ് നിയമം, റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻസ് നിയമം, ടീ നിയമം, അപ്രന്റീസ് നിയമം, കയർ വ്യവസായ നിയമം, ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നിയമം, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ നിയമം, വൈദ്യുതി നിയമം, ടെക്സ്റ്റൈൽ കമ്മിറ്റി നിയമം തുടങ്ങിയവ ബില്ലിന്റെ പരിധിയിൽ വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |