വിസ്‌കി എന്നത് വെറുമൊരു പാനീയം മാത്രമല്ല. ക്ഷമയുടെയും ആഡംബരത്തിന്റെയും പ്രതീകം കൂടിയാണ്. അതിനാൽ തന്നെ മറ്റ് മദ്യങ്ങളെ അപേക്ഷിച്ച് ഇതിന് വിലയും വളരെ കൂടുതലാണ്. ഒരു മദ്യക്കുപ്പിക്ക് കോടികൾ വിലവരുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാലത് സത്യമാണ്. ഒരു അത്യാഡംബര വീട് അല്ലെങ്കിൽ ആഡംബര കാർ വാങ്ങുന്നപണം വേണം ഒരി കുപ്പി വിസ്‌കി വാങ്ങാൻ. ഇന്ത്യയിൽ ഒരു കുപ്പി വിസ്‌കിയുടെ വില 1000 രൂപയിൽ താഴെ ലഭിക്കുമെങ്കിലും ലോകത്തെ ഏറ്റവും വിലകൂടിയ വിസ്‌കിയുടെ വില 17 കോടി രൂപ വരെയാണ്. എന്തുകൊണ്ടാണ് വിസ്‌കികൾക്ക് ഇത്രയധികം വിലരുന്നതെന്നും വിലയേറിയ വിസ്‌കി ബ്രാൻഡുകളും അറിയാം.
1. എമറാൾഡ് ഐൽ കളക്ഷൻ
17 കോടി രൂപയാണ് ഈ ബ്രാൻഡിന്റെ ഒരു ബോട്ടിൽ വിസ്‌കിയുടെ വില. പ്രമുഖ ജുവലറിയായ ഫാബെർഗെയുമായി സഹകരിച്ച് ദി ക്രാഫ്റ്റ് ഐറിഷ് എന്ന കമ്പനിയാണ് ഈ വിസ്‌കി തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ലൈസൻസ്‌ഡ് ഡിസ്റ്റിലറിയായ ബുഷ്‌മിൽസ് ഡിസ്റ്റിലറിയിലാണ് ഈ മദ്യ ശേഖരമുള്ളത്. മൂന്ന് തവണ വാറ്റിയെടുത്ത ഐറിഷ് വിസ്‌കിയുടെ രണ്ട് കുപ്പികളാണ് ഇതിൽ ഉൾപ്പെടുന്നത്.
മദ്യം മാത്രമല്ല, മരതകവും 18 കാരറ്റ് സ്വർണവും ഉപയോഗിച്ച് നിർമിച്ച മുട്ടയുടെ രൂപത്തിലുള്ള ആഡംബര വസ്‌തുവും ഇതിന്റെ ബോക്‌സിലുണ്ട്. കരകൗശല വിദ്യയുടേയും ആഡംബരത്തിന്റെയും പ്രതീകമാണ് ഈ കെൽറ്റിക് എഗ്. റഷ്യൻ ജുവലറി സ്ഥാപനമായ ഫാബെർഗെയും അയർലൻഡിലെ ഒരു ജുവലറിയും ചേർന്നാണ് ഈ വസ്‌തു രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കൂടാതെ രണ്ട് കാരറ്റ് സ്വർണ വാച്ച്, സ്വർണം പൂശിയ സിഗരറ്റ് എന്നിവയും ഈ വിസ്‌കിക്കൊപ്പം ലഭിക്കും.
2. മക്കല്ലൻ 1926
മക്കല്ലൻ ഡിസ്റ്റിലറിയിലാണ് ഈ വിസ്‌കി നിർമിക്കുന്നത്. അതിൽ '1926 ഫൈൻ ആൻഡ് റെയർ 60 ഇയർ ഓൾഡ്' ആണ് വ്യത്യസ്‌തമായത്. ഷെറി ബാരലുകളിൽ 60 വർഷം ഇരുന്ന് പഴകിയതാണ് ഈ വിസ്‌കി. ഇതിന്റെ 24 കുപ്പികൾ മാത്രമാണ് ലോകത്തുള്ളത്. പ്രശസ്‌ത കലാകാരന്മാരായ പീറ്റർ ബ്ലെയ്‌ക്ക്, വലോരിയോ അഡാമി എന്നിവരാണ് ഓരോ കുപ്പിയുടെയും ലേബലുകൾ ഡിസൈൻ ചെയ്‌തത്. സോത്ത്‌ബിസ് എന്ന ലേലക്കമ്പനി ഇതിനെ വിസ്‌കിയുടെ 'ഹോളി ഗ്രെയ്‌ൽ' എന്നാണ് വിളിച്ചത്. ഏകദേശം 16 കോടി രൂപയാണ് ഈ മദ്യത്തിന്റെ വില.
3.ഗ്ലെൻഫിഡിച്ച് 1937
രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് നിർമിച്ച വിസ്‌കിയാണിത്. 2001ലാണ് ഇത് പുറംലോകം കണ്ടത്. 1937ൽ വാറ്റിയെടുത്ത ഈ വിസ്‌കിക്ക് 64 വർഷം പഴക്കമുണ്ട്. ഇതിന്റെ 61 കുപ്പികൾ മാത്രമാണുള്ളത്. ഇതിന്റെ ഓരോ തുള്ളിക്കും പഴയ ഓക്കിന്റെയും മൊളാസസിന്റെയും ഉണങ്ങിയ പഴങ്ങളുടെയും രുചിയുണ്ടെന്നാണ് പറയപ്പെടുന്നത്. ഏകദേശം ഒരു കോടി രൂപയാണ് ഇതിന്റെ വില. ഏറ്റവും വിലയേറിയ സിംഗിൾ മാൾട്ട് വിസ്‌കിയാണിത്. വർഷം കൂടുംതോറും വിസ്‌കിയുടെ രുചി കൂടുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
4.യമസകി 55
1960-ലും 1964-ലും വാറ്റിയെടുത്ത യമസകി 55 ജപ്പാനിലെ യമസകി ഡിസ്റ്റിലറി പുറത്തിറക്കിയ വളരെ അപൂർവമായ വിസ്‌കിയാണ്. ജാപ്പനീസ് ഓക്ക്, വൈറ്റ് ഓക്ക് ബാരലുകളിൽ സൂക്ഷിച്ചതാണ് ഈ വിസ്‌കി. ഷിൻജിറോ ടോറി ഉൾപ്പെടെ പല തലമുറകളിലുള്ള മാസ്റ്റർമാർ ഇതിന്റെ നിർമാണത്തിൽ പങ്കുചേർന്നിട്ടുണ്ട്. 55 ലക്ഷം രൂപയാണ് ഒരു ബോട്ടിലിന്റെ വില.
5.ഡാൽമോറിന്റെ കോൺസറ്റലേഷൻ കളക്ഷൻ
1964നും 1992നും ഇടയിൽ വാറ്റിയെടുത്ത 46 വർഷം പഴക്കമുള്ളതാണ് ഈ വിസ്‌കി. സിനമൺ സ്‌പൈസസിന്റെ രുചിയാണിതിന്. മാസ്റ്റർ ഡിസ്റ്റിലറായ റിച്ചാർഡ് പാറ്റേഴ്‌സണാണ് ഇതിന്റ പിന്നിൽ. ഏകദേശം 51 ലക്ഷം രൂപയാണ് ഇതിന്റെ വില.
വ്യത്യസ്‌തമായ രുചികൾ ഇഷ്‌ടപ്പെടുന്ന കോടീശ്വരന്മാരും അപൂർവ വസ്‌തുക്കൾ ശേഖരിക്കുന്ന സ്വഭാവമുള്ളവരുമാണ് ഇത്തരത്തിലുള്ള വിസ്‌കികൾ വാങ്ങുന്നത്. പലരും ഇത് കുടിക്കാനല്ല കുടുംബസ്വത്ത് പോലെ കൈമാറുന്നവ കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |