കാസർകോട് : ആറുവർഷം മുമ്പ് മരിച്ച മുൻപ്രവാസിയുടെ വീട്ടിൽ പുരാവസ്തുശേഖരമെന്ന് സംശയിക്കുന്ന വിലപിടിച്ച ഏഴ് വാളുകളും തോക്കും പുരാതനമായ പാത്രങ്ങളടക്കം നൂറോളം സാധനങ്ങൾ കണ്ടെത്തി.കോട്ടിക്കുളം സ്വദേശി അബ്‌ദുള്ള കുഞ്ഞിയുടെ വീട്ടിനോട് ചേർന്ന ഷട്ടറിട്ട മുറിയിൽ നിന്നാണ് പുരാവസ്തു സാമഗ്രികൾ ബേക്കൽ പൊലീസ് കണ്ടെത്തിയത്. വീട് സീൽ ചെയ്ത് പുരാവസ്തുവകുപ്പിനെ അറിയിച്ചതായി ബേക്കൽ ഇൻസ്പെക്ടർ എം.വി.ശ്രീദാസ് പറഞ്ഞു.
ഗൾഫിൽ നിന്നും എത്തിച്ചവയാണെന്ന് കരുതുന്ന നിരവധി വസ്തുക്കളും ഇതിൽ ഉൾപ്പെടുന്നു. ജില്ലാ പൊലീസ് മേധാവി വിജയ ഭരത് റെഡിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രിയാണ് പൊലീസ് ഈ വീട്ടിൽ എത്തിയത്. 2017ൽ മരിച്ച അബ്‌ദുള്ളകുഞ്ഞിയുടെ വീട്ടിനോട് ചേർന്നിരുന്ന മുറി ഏറെക്കാലമായി പൂട്ടിയ നിലയിലായിരുന്നു.അബ്ദുല്ല കുഞ്ഞിക്ക് പുരാവസ്തുക്കൾ ശേഖരിച്ച് സൂക്ഷിക്കുന്ന ശീലം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഷട്ടറിട്ട മുറിയിലാണ് ഇവയെല്ലാം സൂക്ഷിച്ചിരുന്നത്. ഈ സാധനങ്ങൾക്ക് എത്ര വർഷം പഴക്കമുണ്ടെന്ന് ആർക്കിയോളജി പരിശോധനയ്ക്ക് ശേഷം മാത്രമെ പറയാൻ സാധിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. നിലവിൽ പൊലീസ് വീടും സമീപത്തെ മുറിയും സീൽ ചെയ്ത് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. വാളുകളും തോക്കുകളും അടക്കം കുറച്ച് സാധനങ്ങൾ ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.പരിശോധനക്കിടെ മുറിക്കുള്ളിൽ പാമ്പുകളെ കണ്ടെത്തിയതോടെയാണ് പൊലീസ് കൂടുതൽ പരിശോധനയിലേക്ക് കടക്കാതിരുന്നത്. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ അടുത്ത ദിവസ തന്നെ പരിശോധനയ്ക്കെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സംരക്ഷിത സാധനങ്ങൾ മാത്രമേ സർക്കാരിലേക്ക് കണ്ട് കെട്ടുകയുള്ളുവെന്നും അതല്ലെങ്കിൽ വീട്ടുകാർക്ക് സൂക്ഷിക്കാമെന്നും പൊലീസ് പറഞ്ഞു. മുഹമ്മദ് കുഞ്ഞിയുടെ മരണശേഷം ഭാര്യ ബന്ധുവീട്ടിലാണ് താമസിക്കുന്നത്.ഇവരുടെ രണ്ട് മക്കളും വിദേശത്താണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |