ന്യൂഡൽഹി: വോട്ടു മോഷണം ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബീഹാറിൽ നടത്തുന്ന വോട്ടർ അധികാർ യാത്രയയുടെ ആവേശം കൂട്ടാൻ 28ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും അണിചേരും. നിലവിൽ ആർ.ജെ.ഡി നേതാവ് തേജസ്വിയും രാഹുലിനൊപ്പമുണ്ട്. യാത്രയുടെ ആറാം ദിവസമായ ഇന്നലെ ബീഹാറിലെ ബാഗൽപൂരിലൂടെ കടന്നു പോയി.
ഇപ്പോൾ രാഹുലും തേജസ്വി യാദവും ചേർന്നുള്ള യാത്ര ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് 'ഇന്ത്യ' മുന്നണി. 28ന് ബീഹാറിലെ സീതാമർഹിയിൽ നടക്കുന്ന യാത്ര'യിൽ അഖിലേഷ് ചേരുന്നതോടെ ആവേശം ഇരട്ടിക്കുമെന്നാണ് പ്രതീക്ഷയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
പാർലമെന്റിൽ ബീഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് രാഹുൽ വോട്ടർ അധികാർ യാത്ര തുടങ്ങിയത്. സെപ്‌തംബർ ഒന്നിന് പാട്നയിൽ നടക്കുന്ന റാലയിൽ രാഹുൽ, തേജസ്വി,അഖിലേഷ് എന്നിവർക്കൊപ്പം മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കളെയും എത്തിക്കും.
ഇന്നലെ ഭഗൽപൂരിലൂടെ പോയ യാത്രയ്‌ക്ക് ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാഹുലിനെയും തേജസ്വിയെയും കാണാൻ റോഡിന് ഇരുവശത്തും സ്‌ത്രീകളും കുട്ടികളും അടക്കം നല്ല ആൾക്കൂട്ടം എങ്ങും ദൃശ്യമായി. നാഥ്‌നഗറിൽ നടന്ന വലിയ പൊതുയോഗത്തിൽ രാഹുൽ തിരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പിക്കുമെതിരായ വോട്ട് മോഷണക്കുറ്റം ആവർത്തിച്ചു. അഗ്നിവീർ പദ്ധതിക്കെതിരായ എതിർപ്പും രാഹുൽ ഉന്നയിച്ചു. അമർനാഥ് ജയ്‌സ്വാൾ എന്ന അഗ്‌നിവീറിന് ജോലിക്കിടെ വിരൽ നഷ്ടപ്പെട്ട് രണ്ടു വർഷത്തിനുള്ളിൽ പിരിച്ചുവിട്ടു. അഗ്‌നിവീർ ആയതിനാൽ സാധാരണ സൈനികന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകിയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. മോദി സർക്കാർ യുവാക്കൾക്കുള്ള എല്ലാ അവസരങ്ങളും വഴികളും അടച്ചുപൂട്ടിയതായി രാഹുൽ ഗാന്ധി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |