ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാശം വിതച്ച് കനത്ത മഴ. അതിശക്തമായ മഴ തുടരുന്ന ജമ്മു കാശ്മീരിലെ കത്വയിൽ പ്രളയവും മണ്ണിടിച്ചിലും ജനജീവിതം ദുസഹമാക്കി. നിരവധി വീടുകളിൽ വെള്ളം കയറി. ഗതാഗതം തടസപ്പെട്ടു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മേഘവിസ്‌ഫോടനവും മിന്നൽ പ്രളയവും നാശം വിതച്ച ഉത്തരാഖണ്ഡിലെ ചമോലിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. രാജസ്ഥാനിലും ഒഡീഷയിലും കനത്ത മഴ ദുരിതം വിതച്ചു.
ഇന്നലെ ജമ്മുവിലെത്തിയ പ്രതിരോധമന്ത്രി പ്രളയ സാഹചര്യം വിലയിരുത്തുന്നതിന് രാജ്ഭവനിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർഷണർ മനോജ് സിൻഹയും യോഗത്തിൽ പങ്കെടുത്തു. കിഷ്ത്വാർ മേഘവിസ്‌ഫോടനത്തിൽ പരിക്കേറ്റ് ജമ്മുവിലെ സർക്കാർ ആശുപത്രിയിൽ കഴിയുന്നവരെ പ്രതിരോധമന്ത്രി സന്ദർശിച്ചു.
ഹോസ്റ്റലിൽ വെള്ളം കയറിയതിനെ തുടർന്ന് ജമ്മുവിലെ ഇന്ത്യൻ ഇൻസ്റ്റ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റഗ്രേറ്റീവ് മെഡിസിനിലെ (ഐ.ഐ.ഐ.എം) 45 വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. ജമ്മു-പത്താൻകോട്ട് ദേശീയപാതയിൽ പാലം തകർന്നതോടെ ഗതാഗതം തടസപ്പെട്ടു. ഉജ്,രവി നദികളിൽ ജലനിരപ്പ് അപകടകരമാംവിധം ഉയർന്നതിനാൽ സമീപപ്രദേശങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 27 വരെ സംസ്ഥാനത്ത് മേഘവിസ്‌ഫോടനത്തിനും മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ട് മണിക്കൂറിലധികമായി അതിശക്തമായ മഴ തുടരുന്ന രാജസ്ഥാനിൽ കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകൾ മരിച്ചു. സംസ്ഥാനത്തെ ജയ്പൂർ അടക്കം 12 ജില്ലകളിൽ പ്രളയസമാന സാഹചര്യമാണ്. നിരവധി വീടുകളിൽ വെള്ളം കയറി. ഒട്ടേറെ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.
ഹിമാചലിൽ
മരണം 298
ഹിമാചൽ പ്രദേശിൽ ഈ മൺസൂൺ കാലത്ത് അപകടങ്ങളിൽ 298 പേർ മരിച്ചു. ജൂൺ 20 മുതലുള്ള കണക്കാണിത്. ഇതിൽ 152 പേർ മിന്നൽ പ്രളയം,മണ്ണിടിച്ചിൽ എന്നിവയിലാണ് മരിച്ചത്. 146 പേർ മഴയെത്തുടർന്ന് തകർന്ന റോഡുകളിലുണ്ടായ വഹനാപകടങ്ങളിലാണ് മരിച്ചത്. സംസ്ഥാനത്ത് രണ്ട് ദേശീയപാതകളടക്കം 400ലേറെ റോഡുകളിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |