മുംബയ്: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകാൻ രണ്ട് യുദ്ധക്കപ്പലുകൾ ഒരുമിച്ച് ഇന്ന് കമ്മിഷൻ ചെയ്യും. രണ്ട് നീലഗിരി ക്ലാസ് സ്റ്റെൽത്ത് ഗൈഡഡ്-മിസൈൽ ഫ്രിഗേറ്റുകളായ ഐ.എൻ.എസ് ഉദയഗിരി (എഫ് 35), ഐ.എൻ.എസ് ഹിമഗിരി (എഫ് 34) എന്നിവയാണ്വിശാഖപട്ടണത്തെ നേവൽ ബേസിൽ കമ്മിഷൻ ചെയ്യുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷത വഹിക്കും. വ്യത്യസ്ത ഇന്ത്യൻ കപ്പൽശാലകളിൽ നിർമ്മിച്ച രണ്ട് യുദ്ധക്കപ്പലുകൾ ഒരുമിച്ച് കമ്മിഷൻ ചെയ്യുന്നത് ഇതാദ്യമാണ്. പ്രോജക്റ്റ് 17 ആൽഫയുടെ (പി-17എ) ഭാഗമാണ് ഈ രണ്ട് ഇന്ത്യൻ നിർമ്മിത യുദ്ധക്കപ്പലുകളും.
പ്രോജക്ട് 17 എ ക്ലാസിലെ രണ്ടാമത്തെ കപ്പലായ ഉദയഗിരി മുംബയിലെ മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് നിർമ്മിച്ചതാണ്. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് നിർമ്മിച്ച അതേ ക്ലാസിലെ ആദ്യ കപ്പലാണ് ഹിമഗിരി. ഇരും കപ്പലുകഉം 75 ശതമാനം തദ്ദേശീയ ഉള്ളടക്കത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്. ശിവാലിക് ക്ലാസ് ഫ്രിഗേറ്റുകളുടെ പരിഷ്കരിച്ച പതിപ്പാണ് പ്രോജക്റ്റ് 17എ ഫ്രിഗേറ്റുകൾ. ഡീസൽ എൻജിനുകളും ഗ്യാസ് ടർബൈനുകളും ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന പിച്ച് പ്രൊപ്പല്ലറുകൾ പ്രവർത്തിപ്പിക്കുന്ന ഒരു കമ്പൈൻഡ് ഡീസൽ, ഗ്യാസ് പ്രൊപ്പൽഷൻ സിസ്റ്റമാണ് ഇവയ്ക്ക് കരുത്ത് പകരുന്നത്. ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റം (ഐ.പി.എം.എസ്) വഴിയാണ് കപ്പലുകൾ പ്രവർത്തിപ്പിക്കുന്നത്.
ഉദയഗിരി
2007 ആഗസ്റ്റ് 24ന് ഡീകമ്മിഷൻ ചെയ്ത ഐ.എൻ.എസ് ഉദയഗിരിയുടെ ആധുനിക പതിപ്പ്. പി-17എ കപ്പലുകളിൽ സ്റ്റെൽത്ത് സവിശേഷതകളുണ്ട്. കൂടാതെ 'അത്യാധുനിക' ആയുധങ്ങളും സെൻസറുകളും. സൂപ്പർസോണിക് സർഫേസ്-ടു-സർഫേസ് മിസൈൽ സിസ്റ്റം, മീഡിയം-റേഞ്ച് സർഫേസ്-ടു-എയർ മിസൈൽ സിസ്റ്റം, 76 എം.എം ഗൺ, 30 എം.എം, 12.7 എം.എം റാപ്പിഡ്-ഫയർ ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റങ്ങളുടെ സംയോജനം എന്നിവ ആയുധ പുരയിൽ ഉൾപ്പെടുന്നു. ഏകദേശം 6,700 ടൺ ഭാരമുള്ള ഫ്രിഗേറ്റ് റഡാർ, ഇൻഫ്രാറെഡ്, അക്കൗസ്റ്റിക് സിഗ്നേച്ചറുകൾ കുറയ്ക്കുന്നതിന് സ്റ്റെൽത്ത് ഡിസൈൻ ഉൾക്കൊള്ളുന്നു.
ഹിമഗിരി
2005 മേയ് 6ന് ഡീ കമ്മിഷൻ ചെയ്ത പഴയ ലിയാൻഡർ ക്ലാസ് ഫ്രിഗേറ്റായ ഐ.എൻ.എസ് ഹിമഗിരിയുടെ പുതിയ പതിപ്പ്. ഏകദേശം 6,670 ടൺ ഭാരവും 149 മീറ്റർ നീളവുമുള്ള പി17എ ഫ്രിഗേറ്റുകൾ ശിവാലിക്-ക്ലാസ് ഫ്രിഗേറ്റുകളേക്കാൾ അഞ്ച് ശതമാനം വലുതാണെങ്കിലും റഡാർ ക്രോസ് സെക്ഷൻ കുറഞ്ഞ സ്ലീക്കർ ഫോം ഉൾക്കൊള്ളുന്നു. അത്യാധുനിക ഫ്രിഗേറ്റ് നാവിക രൂപകല്പന, സ്റ്റെൽത്ത്, ഫയർ പവർ, ഓട്ടോമേഷൻ, അതിജീവനം എന്നിവയിൽ വലിയ കുതിച്ചുചാട്ടം. ഉദയഗിരിയുടെ ആയുധ പുരയിലെ അതേ ആയുധങ്ങളിവിടെയും. എം.എച്ച്-60 റോമിയോ, എ.എൽ.എച്ച് ധ്രുവ് എം.കെ-III, സീ കിംഗ് ഹെലികോപ്റ്ററുകൾ പ്രവർത്തിപ്പിക്കാൻ പ്രാപ്തിയുള്ള ഫ്ലൈറ്റ് ഡെക്കും ഹാംഗറും.
നാവികസേനയ്ക്ക്
ഉത്തേജനം
ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ നാവിക ശേഷിക്ക് കരുത്ത് പകരും.
രണ്ട് കപ്പലുകളും വ്യോമവിരുദ്ധ, ഉപരിതല വിരുദ്ധ, അന്തർവാഹിനി വിരുദ്ധ യുദ്ധങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്തതിനാൽ സമുദ്ര ഭീഷണികളെ നേരിടുന്നതിൽ നിർണായക പങ്ക് വഹിക്കും
മലാക്ക കടലിടുക്ക് മുതൽ ആഫ്രിക്കൻ തീരം വരെ ഇന്ത്യയുടെ നാവിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിലും കടൽ പാതകൾ സംരക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |