ഫിജി റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി സിതിവേനി റബുക്കയുടെ ഇന്ത്യ സന്ദർശനത്തെ കുറിച്ച് ടി.പി. ശ്രീനിവാസൻ വിലയിരുത്തുന്നു
ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തിലെ ഒരു സവിശേഷ സാഹചര്യമാണ് ഫിജി പ്രധാനമന്ത്രി സിതിവേനി റബുക്കയുടെ ഡൽഹി സന്ദർശനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഇന്ത്യയിൽ പരിശീലനം നേടുകയും അട്ടിമറിയിലൂടെ ഫിജിയിൽ അധികാരത്തിലേറുകയും ചെയ്തയാളാണ് സിതിവേനി റബുക്ക. എന്നാൽ ഫിജിയിൽ ഇന്ത്യാക്കാരുടെ വോട്ടവകാശം നിഷേധിക്കുന്നതിനായി ഇതേ റെബൂക്ക ഭരണഘടന മാറ്റിയെഴുതി. ഇന്ത്യക്കാരെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ദൂതനെ പുറത്താക്കി ഹൈക്കമ്മിഷൻ അടച്ചുപൂട്ടി. പിന്നീട് 35 വർഷത്തിനുശേഷം ഇന്ത്യാക്കാരുടെ പിന്തുണയോടെ രണ്ടാം വട്ടം പ്രധാനമന്ത്രിയാകുകയും ചെയ്ത അപൂർവ ചരിത്രത്തിന്റെ ഉടമയാണ് റബുക്ക. ഒരുകാലത്ത് ശത്രുവായിരുന്നെങ്കിലും പിൻകാല ചരിത്രങ്ങൾ നോക്കാതെ രാജ്യത്തിന്റെ നയതന്ത്രത്തിന്റെയും ഉഭയകക്ഷി ബന്ധത്തിന്റെയും പ്രാധാന്യവുമാണ് ഫിജി പ്രധാനമന്ത്രിയുടെ സന്ദർശനം അടിവരയിടുന്നത്.
ഇന്ത്യാക്കാരോടുള്ള
വെല്ലുവിളികൾ
വെല്ലിംഗ്ടൺ സ്റ്റാഫ് കോളേജിലെ പരിശീലനത്തിനുശേഷം റബുക്ക ഫിജിയിൽ തിരിച്ചെത്തിയപ്പോൾ ഞാൻ അവിടെ ഹൈക്കമ്മിഷണറായിരുന്നു. ഇന്ത്യക്കാരുടെ ഭൂരിപക്ഷത്തോടെയുള്ള സർക്കാർ അധികാരത്തിലേറിയിട്ട് ഏതാനും ദിവസങ്ങളേ ആയിരുന്നുള്ളൂ, 1987ൽ. 30 ദിവസമേ നിലനിൽപ്പുണ്ടായുള്ളൂ. റബുക്കയുടെ നേതൃത്വത്തിൽ വിമതസംഘം പാർലമെന്റിൽ കയറി ഭരണപക്ഷാംഗങ്ങളെ അറസ്റ്റുചെയ്ത് പ്രധാനമന്ത്രിയുടെ വസതിയിലാക്കി പൂട്ടിയിട്ടു. തുടർന്ന് ഗവർണർ ജനറലിനെ മുന്നിൽനിറുത്തി ഭരണഘടന മാറ്റുവാനുള്ള നീക്കം തുടങ്ങി. ഇതിനെതിരേ ഇന്ത്യാക്കാരിൽ നിന്ന് പ്രതിഷേധമുണ്ടായി. ഈ സൈനിക ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രഖ്യാപിച്ചു. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ഹൈക്കമ്മിഷനെ പിൻവലിക്കുകയാണ് ചെയ്യാറുള്ളതെങ്കിലും ഫിജിയിൽ നിന്ന് ഹൈക്കമ്മിഷനെ പിൻവലിക്കേണ്ടെന്നും തീരുമാനിച്ചു.
പിന്മാറാത്ത
നിലപാട്
ഫിജിയിലെ മിലിറ്ററി ഗവൺമെന്റിനെ ധിക്കരിച്ച് 2 വർഷത്തോളം ഞാനും ഹൈക്കമ്മിഷനും അവിടെ പ്രവർത്തിച്ചു. ഫിജി സർക്കാരിന്റെ പല നടപടികളെയും ഇന്ത്യക്കാർക്കുവേണ്ടി എതിർത്തു. അതിനിടെ അവിടെയുള്ള ഒരു ഗുരുദ്വാരയ്ക്ക് തീപിടിച്ച സംഭവമുണ്ടായി. ഇതേത്തുടർന്ന് ലോകത്തിന്റെ പല ഭാഗത്തുനിന്ന് സിക്കുകാർ പ്രതിഷേധവുമായി ഫിജിയിലെത്തി. പ്രതിഷേധം മറ്റ് അസ്വഭാവിക സംഭവങ്ങളിലേക്ക് കടക്കാതിരിക്കാൻ, സമാധാന അന്തരീക്ഷമുണ്ടാക്കാൻ ഞാൻ അവിടെ പ്രസംഗിച്ചു. പ്രശ്നം മതപരമായ കാര്യങ്ങളല്ലെന്നും ഇന്ത്യക്കാർക്കെതിരായ രാഷ്ട്രീയ ഭിന്നതയാണെന്നും ചൂണ്ടിക്കാട്ടി.
എന്നാലത് ഫിജി സർക്കാർ വലിയ പ്രശ്നമായെടുത്ത് എന്നെ പുറത്താക്കാൻ തീരുമാനിച്ചു. 72 മണിക്കൂർ സമയം നൽകി. എന്നാൽ 46 മണിക്കൂറിനുള്ളിൽ ഞാൻ ഇന്ത്യയിലെത്തി. എനിക്കുശേഷം അവിടെയെത്തിയ ഹൈക്കമ്മിഷണറെ 3 മാസത്തോളം പോലും തുടരാൻ അനുവദിച്ചില്ല. ഇന്ത്യൻ ഹൈക്കമ്മിഷൻ അവർ പൂട്ടിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷം ന്യൂനപക്ഷമായി മാറിയ ഇന്ത്യക്കാരെ കൂട്ടുപിടിച്ചാണ് റബുക്ക വീണ്ടും പ്രധാനമന്ത്രിയായതെന്നതാണ് ചരിത്രത്തിന്റെ തിരിച്ചടി. ആദ്യം 1992 മുതൽ 1999 വരെയും ഇപ്പോൾ 2022 മുതലും അദ്ദേഹം പ്രധാനമന്ത്രിയാണ്.
മാറിമറിയുന്ന
ബന്ധങ്ങൾ
2014ലാണ് വീണ്ടും ഇന്ത്യൻ ഹൈക്കമ്മിഷൻ ഫിജിയിൽ തുടങ്ങിയത്, അതും അവരുടെ ആവശ്യപ്രകാരം. റബുക്കയോട് വലിയ അടുപ്പം കാട്ടിയില്ലെങ്കിലും ഇന്ത്യക്കാരുടെ ക്ഷേമത്തിനും മറ്റ് വ്യാപാര കരാറുകളുടെ ഭാഗമായുമാണ് ഈ ബന്ധം തുടരുന്നത്. 2014ന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്തിടെ രാഷ്ട്രപതി ദ്രൗപതി മുർമുവും ഫിജി സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഫിജി പ്രധാനമന്ത്രി സിതിവേനി റബുക്കയും ഇന്ത്യ സന്ദർശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |