തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ആദ്യ ജയം നേടി ആലപ്പി റിപ്പിള്‍സ്. ട്രിവാന്‍ഡ്രം റോയല്‍സിനെ നാല് വിക്കറ്റുകള്‍ക്കാണ് മുഹമ്മദ് അസറുദീന്റെ ആലപ്പി തോല്‍പ്പിച്ചത്. റോയല്‍സ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് റിപ്പിള്‍സ് മറികടന്നത്. 30 പന്തുകളില്‍ നിന്ന് പുറത്താകാതെ 66 റണ്‍സെടുത്ത മുഹമ്മദ് കെയ്ഫിന്റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയാണ് ആലപ്പിക്ക് ആദ്യ ജയമൊരുക്കിയത്. മറുവശത്ത് നാല് മത്സരങ്ങളില്‍ നിന്ന് ട്രിവാന്‍ഡ്രത്തിന്റെ മൂന്നാമത്തെ തോല്‍വിയാണിത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ആലപ്പി ഒരു ഘട്ടത്തില്‍ 11.4 ഓവറില്‍ 85ന് അഞ്ച് എന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് ഏഴാമനായി ക്രീസിലെത്തിയ കെയ്ഫ് ഒറ്റയ്ക്ക് ടീമിനെ ജയത്തിലേക്ക് നയിച്ചത്. അക്ഷയ് ചന്ദ്രന്‍ 3(6), ജലജ് സക്‌സേന 17(10), ക്യാപ്റ്റന്‍ അസറുദീന്‍ 38(22), അഭിഷേക് പി നായര്‍ 0(1), അരുണ്‍ കെഎ 19(23), അക്ഷയ് ടികെ 24(28), ശ്രീരൂപ് എംപി 5(4) എന്നിവരുടെ വിക്കറ്റുകളാണ് ആലപ്പിക്ക് നഷ്ടമായത്. റോയല്‍സിനായി ബേസില്‍ തമ്പി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വിനില്‍ ടിഎസ്, നിഖില്‍ എം, അഭിജിത്ത് പ്രവീണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത റോയല്‍സ്, ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദിന്റെ അര്‍ദ്ധ സെഞ്ച്വറി 67*(53) മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. അബ്ദുള്‍ ബാസിത് 31(22), നിഖില്‍ എം 43(31) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. അഭിജിത്ത് പ്രവീണ് നാല് പന്തുകളില്‍ നിന്ന് 12 റണ്‍സ് നേടി പുറത്താകാതെ നിന്നു.ആലപ്പിക്കായി ആദിത്യ ബൈജു രണ്ട് വിക്കറ്റുകളും ബേസില്‍, ജലജ് സക്‌സേന എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |