ന്യൂയോർക്ക് : സീസണിലെ അവസാന ഗ്രാൻസ്ളാമായ യു.എസ് ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ നിലവിലെ വനിതാ ചാമ്പ്യൻ അര്യാന സബലേങ്കയ്ക്കും മുൻ പുരുഷ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചിനും വിജയത്തുടക്കം. ടോപ് സീഡായ സബലേങ്ക ആദ്യ റൗണ്ടിൽ സ്വിറ്റ്സർലാൻഡിന്റെ റെബേക്ക മസാറോവയെ 7-5,6-1നാണ് തോൽപ്പിച്ചത്. ഏഴാം സീഡായി മത്സരിക്കാനിറങ്ങിയ നൊവാക്ക് ആദ്യ റൗണ്ടിൽ അമേരിക്കൻ താരം ലേണർ ടിയെനെ 6-1,7-6,6-2 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. രണ്ട് മണിക്കൂർ 25 മിനിട്ട് നീണ്ട മത്സരത്തിന്റെ രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടാൻ ലേണർ ടിയെന് കഴിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം നടന്ന മറ്റ് ആദ്യറൗണ്ട് മത്സരങ്ങളിൽ ജസീക്ക പെഗുല, എമ്മ റാഡുകാനു, ടെയ്‌ലർ ഫ്രിറ്റ്സ്, ജാസ്മിൻ പാവോലിനി, ബെലിൻഡ ബെൻസിച്ച് തുടങ്ങിയവർ വിജയിച്ചപ്പോൾ 2021ലെ പുരുഷ സിംഗിൾസ് ചാമ്പ്യൻ ഡാനിൽ മെദ്‌വദേവ് ആദ്യ റൗണ്ടിൽ പുറത്തായി. ഫ്രഞ്ചുതാരം ബെഞ്ചമിൻ ബോൺസിയാണ് അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിൽ മെദ്‌വദേവിനെ മടക്കിഅയച്ചത്. സ്കോർ : 6-3,7-5, 6-7,0-6,6-4.
ചരിത്രമെഴുതി ജാനിസും ഈലയും
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഒരു ഗ്രാൻസ്ളാം ടൂർണമെന്റ് മത്സരത്തിൽ ജയിക്കുന്ന ആദ്യ ഇന്തോനേഷ്യൻ താരമായി ജാനിസ് ടിജെൻ. ക്വാളിഫിക്കേഷൻ റൗണ്ടിലൂടെയെത്തിയ ജാനിസ് വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ വെറോണിക്ക കുദർമെറ്റോവയെയാണ് തോൽപ്പിച്ചത്. പിന്നാലെ ആദ്യ റൗണ്ടിൽ ലോക 14-ാം റാങ്കുകാരി ക്ളാര ടൗസനെ അട്ടിമറിച്ച ഫിലിപ്പീൻസിന്റെ അലക്സാൻഡ്ര ഈല ഓപ്പൺ കാലഘട്ടത്തിൽ ഒരു ഗ്രാൻസ്ളാം മത്സരം ജയിക്കുന്ന ആദ്യ ഫിലിപ്പീൻകാരിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |