കൊച്ചി: കോളിളക്കം സൃഷ്ടിച്ച ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ വധശിക്ഷ വിധിക്കപ്പെട്ട കെ. ജിതകുമാർ ഉൾപ്പെടെ പ്രതികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ഹൈക്കോടതി വെറുതേവിട്ടു. സി.ബി.ഐയുടെ അന്വേഷണവും തെളിവ് ശേഖരണവും അടിമുടി പാളിയെന്ന് വിമർശിച്ചാണ് നടപടി.
ഒന്നാം പ്രതി എ.എസ്.ഐ കെ. ജിതകുമാറിനും രണ്ടാം പ്രതി സീനിയർ സി.പി.ഒ എസ്.വി. ശ്രീകുമാറിനും വധശിക്ഷ ലഭിച്ചിരുന്നു. ശ്രീകുമാർ ശിക്ഷാ കാലാവധിക്കിടെ മരിച്ചു. മൂന്നാം പ്രതിയായ മുൻ പൊലീസുകാരൻ സോമൻ വിചാരണയ്‌ക്കിടെ മരിച്ചു.
കുറ്റം മറയ്‌ക്കാൻ വ്യാജരേഖകളും വ്യാജ മൊഴികളും ചമച്ചതിന് മൂന്നു വർഷം വരെ തടവ് ലഭിച്ചിരുന്ന മുൻ സി.ഐ ടി. അജിത്‌കുമാർ, അസി. കമ്മിഷണർ ഇ.കെ. സാബു, റിട്ട. എസ്.പി ടി.കെ. ഹരിദാസ് എന്നിവരും കുറ്റവിമുക്തരായി.
തിരുവനന്തപുരം സി.ബി.ഐ സ്പെഷ്യൽ കോടതിയുടെ 2018 ജൂലായ് 25ലെ വിധിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് റദ്ദാക്കിയത്. കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും പ്രതികളുടെ അപ്പീലും സർക്കാരിന്റെ വധശിക്ഷാ റഫറൻസും പരിഗണിച്ചുള്ള ഉത്തരവിൽ പറയുന്നു.
മോഷണക്കുറ്റം ചുമത്തി 2005 സെപ്തംബർ 9ന് തിരുവനന്തപുരം ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ മർദ്ദിച്ചും തുടകളിൽ ജി.ഐ പൈപ്പ് വച്ച് ഉരുട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ തിരുവനന്തപുരം അഡി. സെഷൻസ് (ഫാസ്റ്റ്ട്രാക്ക്) കോടതിയിൽ വിചാരണ ആരംഭിച്ചെങ്കിലും സാക്ഷികളായ പൊലീസുകാർ പലരും കൂറുമാറിയതിനാൽ പ്രോസിക്യൂഷൻ പ്രതിസന്ധിയിലായി. ഉദയകുമാറിന്റെ മാതാവ് പ്രഭാവതിഅമ്മ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഡിവിഷൻബെഞ്ചാണ് തുടരന്വേഷണത്തിന് സി.ബി.ഐയെ ചുമതലപ്പെടുത്തിയത്.
പുതിയ അന്വേഷണം നടത്തുകയാണ് സി.ബി.ഐ ചെയ്തത്. ഇതടക്കം കളങ്കിതമായ നിലയിലാണ് അന്വേഷണം മുന്നോട്ടുപോയതെന്നും ഇന്നലെ ഹൈക്കോടതി വിമർശിച്ചു. നീതിപൂർവകമായ വിചാരണയ്‌ക്കുള്ള പ്രതികളുടെ അവകാശം ഇല്ലാതാക്കുന്ന വിധമായിരുന്നു സി.ബി.ഐയുടെ എല്ലാ നടപടിക്രമങ്ങളുമെന്ന് വിലയിരുത്തിയാണ് പ്രതികളെ വെറുതേവിട്ടത്.
പൈശാചിക
ഉരുട്ടിക്കൊല
2005 സെപ്തംബർ 27ന് പകൽ 2.15ന് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് ഉദയകുമാറിനെയും സുഹൃത്ത് സുരേഷ്‌കുമാറിനെയും കസ്റ്റഡിയിലെടുത്തു. സി.ഐ ഓഫീസിലെത്തിച്ച ഉദയകുമാറിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചു. ഒന്നും രണ്ടും പ്രതികൾ ചേർന്ന് പൈപ്പു കൊണ്ട് ഉരുട്ടുകയും ചെയ്തു. തുടർന്ന് സ്റ്റേഷൻ ലോക്കപ്പിൽ അടച്ചെങ്കിലും അന്ന് രാത്രി തന്നെ മരിച്ചു. സുരേഷിനും മർദ്ദനമേറ്റിരുന്നു.
' മോനെ പച്ചയ്ക്ക്
തിന്നവരാണ് "
കെ.എസ്. അരവിന്ദ്
തിരുവനന്തപുരം : എന്റെ മോനെ പച്ചയ്ക്ക് തിന്നവരെയാണ് വെറുതേ വിട്ടത്. എന്നെക്കൂടി കൊന്നൂടേ, കോടതിക്കും ഹൃദയമില്ലേ... മകന്റെ കൊലയാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ പതിമൂന്നര വർഷം പോരാടിയ സാധു വൃദ്ധയുടെ നെഞ്ചുപൊട്ടിയുള്ള വിലാപം.
ഉദയകുമാർ ഉരുട്ടികൊലക്കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിന് പിന്നാലെ കരമനയിലെ വീടായ ശ്രീശൈലത്തിൽ വച്ച് കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു അമ്മ പ്രഭാവതി (76). 4000 രൂപ കൈയിൽവച്ചതിനാണ് എന്റെ പൊന്നുമോനെ വെള്ളംകൊടുക്കാതെ ഉരുട്ടിക്കൊന്നത്. ഇതുപോലൊരു ഓണത്തിന് അമ്മയ്ക്ക് സാധനങ്ങൾ വാങ്ങാൻ അവൻ സ്വരുക്കൂട്ടിയ പണമായിരുന്നു. ഓണം എന്ന് കേൾക്കുമ്പോഴേ ഇപ്പോ എനിക്ക് പേടിയാ.
അവന്റെ ഉള്ളംകാൽ മുതൽ തുടവരെ നീലിച്ചുകിടന്ന 24 പാടുകൾ കണ്ടാൽ ആരും ബോധംകെട്ട് വീഴും. ആരുടെയും കണ്ണ് തുറന്നുപോകും. കോടതിക്ക് കണ്ണ് കണ്ടൂടേ. ഹൃദയമില്ലേ. ഉണ്ടായിരുന്നെങ്കിൽ ഈ അമ്മയോട് ഇങ്ങനെ കാണിക്കില്ലായിരുന്നു. ആകെയുള്ളത് വീട് മാത്രമാണ്. ഇത് വിറ്റായാലും കേസ് നടത്തും. ഭർത്താവ് ഉപേക്ഷിച്ചിട്ടും അവന് വേണ്ടിയാണ് ജീവിച്ചത്. എന്നെയും കൊല്ലാൻ അവർ ശ്രമിച്ചിട്ടുണ്ട്. ഇത്രയും ചെയ്തിട്ട് അവർ കുറ്റക്കാരല്ലെന്ന് പറയുന്നതിൽ കള്ളക്കളിയുണ്ട്. പിന്നിൽ ആരോ ഉണ്ട്. എനിക്ക് നീതി വേണം... അമ്മ പ്രഭാവതി വിതുമ്പി.
ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കും. ഉരുട്ടിക്കൊലയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ശരിവച്ചതാണ്. വെളിയംഭാർഗവൻ സി.പി.ഐ സെക്രട്ടറിയായിരിക്കെയാണ് എന്നെ കേസിന്റെ ചുമതല ഏൽപ്പിച്ചത്. അത് ഞാൻ പൂർത്തിയാക്കും.
പി.കെ.രാജു, ഡെപ്യൂട്ടി മേയർ, തിരു. കോർപ്പറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |