കട്ടപ്പന :ജില്ലയിലെ കർഷകരുടെ ആറുപതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ചിരകാല സ്വപ്നം പിണറായി സർക്കാർ യാഥാർഥ്യമാക്കിയതായി സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ്. ഭൂനിയമ ഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതിൽ ആഹ്ളാദം പ്രകടിപ്പിച്ച് എൽ.ഡി.എഫ് കട്ടപ്പനയിൽ നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനം പാലിച്ചിരിക്കുകയാണ്. യു.ഡി.എഫ് സർക്കാരുകൾ സങ്കീർണമാക്കിയ ഭൂപ്രശ്നങ്ങൾ എൽ.ഡി.എഫ് സർക്കാർ ഒന്നൊന്നായി പരിഹരിച്ചു. ഒന്നാം പിണറായി സർക്കാർ കുരുക്കുകൾ അഴിച്ച് ഉപാധിരഹിത പട്ടയം വിതരണം ചെയ്തു. രണ്ടാം പിണറായി സർക്കാരാണ് ഇപ്പോൾ ആറുപതിറ്റാണ്ടുനീണ്ട ആശങ്കയ്ക്ക് വിരാമമിട്ടത്. മലയോര മേഖലയെ സങ്കീർണതകളിലേക്ക് തള്ളിവിട്ട കരിനിയമങ്ങൾ അടിച്ചേൽപ്പിച്ചതും പിന്നീട് കോടതി വ്യവഹാരങ്ങൾക്ക് തുടക്കമിട്ടതും കോൺഗ്രസാണ്. എൽ.ഡി.എഫ് സർക്കാർ ഭൂനിയമ ഭേദഗതി അവതരിപ്പിച്ചപ്പോൾ ബിൽ കത്തിച്ച് പ്രതിഷേധിച്ചതും യു.ഡി.എഫാണ്. ചട്ടങ്ങൾ പ്രാബല്യത്തിലാകുന്നതോടെ ഇടുക്കി ഡി.സി.സി ഓഫീസ് ഉൾപ്പെടെ നിയമവിധേയമാകും. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് കട്ടപ്പന ടൗൺഷിപ്പിൽ ഉൾപ്പെടെ പട്ടയം ലഭിക്കും. കർഷകരുടെ ഭൂമിക്ക് സ്വതന്ത്ര ക്രയവിക്രയം സാധ്യമാകും. ക്വാറികൾ പ്രവർത്തനക്ഷമമാകും. നവ ഇടുക്കി എന്ന ആശയത്തിലേക്കുള്ള ചുവടുവയ്പ്പിന് ചട്ടങ്ങൾ കരുത്താകുമെന്നും സി.വി വർഗീസ് പറഞ്ഞു. യോഗത്തിൽ സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം വി.ആർ ശശി, സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോർജ്, എൽ.ഡി.എഫ് നേതാക്കളായ സി .എസ് അജേഷ്, ബെന്നി കല്ലൂപ്പുരയിടം, ബിജു ഐക്കര, കെ .പി സുമോദ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |