ശ്രേയസും പന്തുമില്ല, സഞ്ജുവും ജിതേഷ് ശർമ്മയും വിക്കറ്റ് കീപ്പർമാർ
മുംബയ് : സൂര്യകുമാർ യാദവിനെ നായകനായി നിലനിറുത്തുകയും ടെസ്റ്റ് ക്യാപ്ടൻ ശുഭ്മാൻ ഗില്ലിനെ ഉപനായകനായി തിരിച്ചുവിളിക്കുകയും ചെയ്ത് അടുത്തമാസം യു.എ.ഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ട്വന്റി-20ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരങ്ങളായ ശ്രേയസ് അയ്യരെയും റിഷഭ് പന്തിനെയും ഒഴിവാക്കിയപ്പോൾ മലയാളി താരം സഞ്ജു സാംസണെയും ജിതേഷ് ശർമ്മയേയും വിക്കറ്റ് കീപ്പർമാരായി ഉൾപ്പെടുത്തി. പേസർ ജസ്പ്രീത് ബുംറയും ടീമിലുണ്ട്.യശസ്വി ജയ്സ്വാളിനെ സ്റ്റാൻഡ് ബൈ ആയി ടീമിലെടുത്തപ്പോൾ പേസർ സിറാജിന് അതിലും അവസരം ലഭിച്ചില്ല.
സൂര്യയേയും ഗില്ലിനെയും കൂടാതെ അഭിഷേക് ശർമ, തിലക് വർമ, റിങ്കു സിംഗ് എന്നിവർ ബാറ്റർമാരായും ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ എന്നിവർ ആൾറൗണ്ടർമാരായും ടീമിലെത്തി. ബുംറ നയിക്കുന്ന പേസ് നിരയിൽ അർഷ്ദീപ് സിംഗും ഹർഷിത് റാണയും അണിനിരക്കും. വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവരാണ് സ്പിന്നർമാർ.
ഇന്ത്യൻ ടീം : സൂര്യകുമാർ യാദവ് (ക്യാപ്ടൻ),ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്ടൻ), സഞ്ജു സാംസൺ,അഭിഷേക് ശർമ, തിലക് വർമ, റിങ്കു സിംഗ്,ജിതേഷ് ശർമ്മ,ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ,ബുംറ,അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് .
സ്റ്റാൻഡ് ബൈ : യശസ്വി ജയ്സ്വാൾ,പ്രസിദ്ധ്കൃഷ്ണ, വാഷിംഗ്ടൺ സുന്ദർ,റിയാൻ പരാഗ്,ധ്രുവ് ജുറേൽ.
എന്നിട്ടും ശ്രേയസില്ലാതെ
2023 ഡിസംബറിൽ ഓസ്‌ട്രേലിയക്കെതിരെയാണ് ശ്രേയസ് അവസാനമായി ഇന്ത്യയ്ക്കായി ട്വന്റി-20 മത്സരം കളിച്ചത്.
2024 ഐ.പി.എല്ലിൽകൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ചത് ശ്രേയസായിരുന്നു.
2025 സീസണിൽ പഞ്ചാബ് കിംഗ്സിലേക്ക് മാറി ടീമിനെ ഫൈനലിലെത്തിച്ചിരുന്നു.
17 കളികളിൽ 604 റൺസടിച്ച ശ്രേയസ്,സീസണിലെ റൺവേട്ടയിൽ ആറാമനായിരുന്നു.
സീസണിൽ കൂടുതൽ സിക്‌സറുകൾ( 39) നേടിയ രണ്ടാമത്തെ താരവും ശ്രേയസാണ്.
കുഴപ്പം ശ്രേയസിന്റേതല്ല
ശ്രേയസ് അയ്യരുടെ കുഴപ്പം കൊണ്ടല്ല ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഈ 15 പേരിൽ ആരെ മാറ്റി ശ്രേയസിന് അവസരം നൽകുമെന്ന് പറയൂ എന്നും അഗാർക്കർ ആവശ്യപ്പെട്ടു. ടീം കോമ്പിനേഷൻ പരിഗണിച്ചാണ് സെലക്ഷൻ നടത്തിയതെന്നും ലഭ്യമായതിൽ ഏറ്റവും മികച്ച ടീമാണിതെന്നും അഗാർക്കർ അവകാശപ്പെട്ടു. ഫസ്റ്റ് ഡൗൺപൊസിഷനിൽ തിലക് വർമ്മയെ ഉൾപ്പെടുത്താനായാണ് ശ്രേയസിനെ ഒഴിവാക്കിയതെന്ന് സൂചനയുണ്ട്.
സഞ്ജു ഏത് പൊസിഷനിൽ
ശുഭ്മാൻ ഗിൽ ടീമിലേക്ക് എത്തുമ്പോൾ സഞ്ജു സാംസണെ ഓപ്പണിംഗിൽ നിന്ന് മാറ്റുമോ എന്നാണ് ആരാധകരുടെ സംശയം. നിലവിൽ ട്വന്റി-20യിൽ അഭിഷേക് ശർമ്മയും സഞ്ജുവുമാണ് ഓപ്പണർമാർ. ഗിൽ ഏകദിനത്തിലെ ഓപ്പണറാണ്. ട്വന്റി-20യിലും ഓപ്പണിംഗാണ് പൊസിഷൻ. ഫസ്റ്റ് ഡൗണായി തിലകും സെക്കൻഡ് ഡൗണായി സൂര്യയും ഉള്ളതിനാൽ ഓപ്പണർ അല്ലെങ്കിൽ അഞ്ചാമനായി ഗില്ലിന് ഇറങ്ങേണ്ടിവരും. അതോ സഞ്ജുവിനെ അഞ്ചാമനാക്കുമോ എന്നാണ് അറിയേണ്ടത്.
പാകിസ്ഥാനെക്കുറിച്ച് മിണ്ടേണ്ട
ടീം പ്രഖ്യാപനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ പാകിസ്ഥാനുമായി ബന്ധപ്പെട്ട കളിയെക്കുറിച്ചു ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ നിന്ന് ചീഫ് സെലക്ടർ അഗാർക്കറെ ബി.സി.സി.ഐ മീഡിയ മാനേജർ തടഞ്ഞു. പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനുമായി ഇന്ത്യ കളിക്കരുതെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. സെപ്തംബർ 14ന് നിശ്ചയിച്ചിരിക്കുന്ന മത്സരം നടക്കുമോയെന്ന് ഉറപ്പുമില്ല. അടുത്തിടെ മുൻതാരങ്ങളുടെ ടൂർണമെന്റിലെ പാകിസ്ഥാനുമായുള്ള മത്സരം ഉപേക്ഷിച്ചിരുന്നു.
എട്ടു ടീമുകളാണ് ഏഷ്യാകപ്പിൽ മത്സരിക്കുന്നത്. പാകിസ്ഥാൻ,ഒമാൻ,യു.എ,ഇ എന്നിവർക്കൊപ്പം എ ഗ്രൂപ്പിലാണ് ഇന്ത്യ.ഗ്രൂപ്പ് റൗണ്ടിൽ സെപ്തംബർ 10ന് യു.എ.ഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 15ന് പാകിസ്ഥാൻ,19ന് ഒമാൻ എന്നിവർക്കെതിരെ മറ്റ് മത്സരങ്ങൾ.ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകൾ സൂപ്പർ ഫോറിലെത്തും.സൂപ്പർ ഫോറിൽ കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ സെപ്തംബർ 28ന് ഫൈനലിൽ കളിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |