ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ബോംബ് ആഗോള വിപണിയെ ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ നിർണായക ഉച്ചകോടിക്ക് ഇന്ന് വടക്കൻ ചൈനീസ് നഗരമായ ടിയാൻജിൻ വേദിയാകും. യു.എസ് വിരുദ്ധ ആഗോള സഖ്യമെന്ന ചൈനയുടെ നീക്കത്തിനും വേദിയായേക്കും. 2018 ന് ശേഷം ആദ്യമായി ചൈന സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദി ചൈനയിൽ എത്തിക്കഴിഞ്ഞു.
ഇന്ത്യയും റഷ്യയും ചൈനയും കൈകോർത്ത് നീങ്ങാൻ പ്രത്യേക നീക്കം നടന്നേക്കും. റഷ്യൻ-യുക്രെയിൻ സംഘർഷം, ഇസ്രായേൽ-ഹമാസ് യുദ്ധ സാഹചര്യം എന്നിവയും ചർച്ചയാകും. പ്രതിരോധം, സാമ്പത്തികം, വ്യാപാരം, ഗതാഗതം, സാംസ്കാരികം, ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം, നീതിന്യായം, അടിയന്തര സാഹചര്യങ്ങൾ എന്നിവയാണ് ഉച്ചകോടിയിൽ അജണ്ടയായി വരുന്നത്.
പങ്കെടുക്കുന്നത് മോദി മുതൽ
അന്റോണിയോ ഗുട്ടെറസ് വരെ
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ, കസാക്കിസ്ഥാൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവ്, ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവ്, ക്രിഗിസ് പ്രസിഡന്റ് സാദിർ ജപറോവ്, താജിക് പ്രസിഡന്റ് ഇമോമാലി റഹ്മോൺ, തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ, മ്യാൻമർ സൈനിക മേധാവി മിൻ ആങ് ഹ്ലയിങ്, നേപ്പാൾ പ്രധാനമന്ത്രി കെ. പി ശർമ്മ ഒലി, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ആസിയാൻ സെക്രട്ടറി ജനറൽ കാവോ കിം ഹോൺ.
ഷാങ്ഹായ് കോഓപ്പറേഷൻ
ഓർഗനൈസേഷൻ
# കസാക്കിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ രാജ്യങ്ങൾ 2001 ജൂൺ 15-ന് രൂപം നൽകി. 2017 മുതൽ ഇന്ത്യയും പാകിസ്ഥാനും സമ്പൂർണ അംഗങ്ങൾ.
# കൗൺസിൽ ഓഫ് ഹെഡ്സ് ഓഫ് സ്റ്റേറ്റ് (സി.എച്ച്.എസ്): തീരുമാനമെടുക്കുന്ന പരമോന്നത സമിതി . അധ്യക്ഷസ്ഥാനം വഹിക്കുന്ന രാജ്യത്ത് വർഷം തോറും യോഗം ചേരും. 2023ൽ ഇന്ത്യയിൽ യോഗം ചേർന്നു.
# കൗൺസിൽ ഓഫ് ഹെഡ്സ് ഓഫ് ഗവൺമെന്റ് (സി.എച്ച്.ജി):
വ്യാപാര-സാമ്പത്തിക സഹകരണം അടക്കം പ്രധാന വിഷയങ്ങളും വാർഷിക ബഡ്‌ജറ്റും തീരുമാനിക്കുന്ന സമിതി. 2020ൽ ഇന്ത്യയിൽ യോഗം നടന്നു.
# വിദേശകാര്യ മന്ത്രിമാരുടെ കൗൺസിൽ(സി.എഫ്.എം): വർഷത്തിലൊരിക്കൽ യോഗം ചേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |