ന്യൂഡൽഹി: കനത്തമഴ തുടരുന്ന ജമ്മു കാശ്മീരിൽ മേഘവിസ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും ഇന്നലെ 11 പേർ മരിച്ചു. നിരവധി ആളുകളെ കാണാതായി. റിയാസി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.
അതേസമയം, റംബാൻ ജില്ലയിലെ രാജ്ഗഡ് മേഖലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നാലുപേർ മരിച്ചു. നാലു പേരെ കാണാതായി. നിരവധി വീടുകൾ ഒഴുകിപ്പോവുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പ്രദേശത്ത് സൈന്യം രക്ഷാപ്രവർത്തനം തുടരുകയാണ്. ഈ മാസം 14നും 26നും ഇടയിൽ കിഷ്ത്വാർ, കത്വ, റിയാസി എന്നിവിടങ്ങളിലുണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും 138 പേരാണ് മരിച്ചത്. റിയാസിയിലെ മാതാ വൈഷ്‌ണോ ദേവീ ക്ഷേത്രപാതയിലുണ്ടായ മണ്ണിടിച്ചിലിൽ മാത്രം 35 പേർ മരിച്ചു. ഒരാഴ്ചയായി കനത്ത മഴ തുടരുന്ന ജമ്മു കാശ്മീരിൽ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ജമ്മു, സാംബ, കത്വ, ഉധംപൂർ മേഖലയിലെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ശ്രീനഗർ-ജമ്മു ദേശീയ പാതയടക്കം ഒട്ടേറെ റോഡുകൾ അടച്ചു. കത്ര-ജമ്മു പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
അതേസമയം. വെള്ളിയാഴ്ച മേഘവിസ്ഫോടനത്തിൽ അഞ്ചുപേർ മരിച്ച ഉത്തരാഖണ്ഡിലെ ചമോലിയിലും രുദ്രപ്രയാഗിലും കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. ശക്തമായ മഴ തുടരുന്ന ഹിമാചലിൽ മൂന്ന് ദേശീയപാതകളടക്കം ഒട്ടേറെ റോഡുകൾ അടച്ചിട്ടു. അടുത്ത രണ്ട് ദിവസം കൂടി ഉത്തരേന്ത്യയിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡൽഹിയിലും ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തർ പ്രദേശ്, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിലും ഇന്നും നാളെയും മഴയ്ക്ക് സാദ്ധ്യതയുണ്ട്.
അമിത് ഷാ ഇന്ന്
ജമ്മുവിൽ
രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മുവിലെത്തും. മൂന്ന് മാസത്തിനിടെ അമിത് ഷായുടെ രണ്ടാമത്തെ ജമ്മു സന്ദർശനമാണിത്. ഇന്ന് ജമ്മുവിലെത്തുന്ന ഷാ മഴക്കെടുതി വിലയിരുത്താൻ രാജ്ഭവനിൽ ഉന്നതതല യോഗം വിളിക്കും. അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടെയുള്ള പ്രളയബാധിത മേഖലകളിൽ അദ്ദേഹം ആകാശനിരീക്ഷണം നടത്തും.
ഗുജറാത്തിൽ കനത്തമഴ
ഗുജറാത്തിൽ കനത്ത മഴ. ഹിമ്മത് നഗറിലെ പ്രധാന റോഡുകളിലും നിരവധി ഹൗസിംഗ് സൊസൈറ്റികളിലും വെള്ളം കയറി. വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നിരവധി വാഹനങ്ങൾ മഴവെള്ളത്തിൽ മുങ്ങി. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശാസ്ത്രിനഗർ, ഷാഗുൻ ബംഗ്ലാവ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവിധ മേഖലകളിൽ മുട്ടോളം വെള്ളത്തിലൂടെയാണ് പ്രദേശവാസികൾ സഞ്ചരിക്കുന്നത്. ഒരു റെയിൽവേ അടിപ്പാതയും പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. അതേസമയം, സബർകാന്ത ജില്ലയിൽ സെപ്തംബർ 2 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |