പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ പുനർവിഭജനത്തിൽ അപാകതകളുണ്ടെന്ന പരാതി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഡിവിഷൻ പുനർവിഭജനം ഹൈക്കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് നിർദേശമുണ്ട്.
അതിർത്തി നിർണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്തംഗം കോൺഗ്രസിലെ സി.കൃഷ്ണകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജില്ലാ പഞ്ചായത്തിൽ കലഞ്ഞൂർ കേന്ദ്രമാക്കി പുതിയ ഡിവിഷൻ രൂപീകരിച്ചപ്പോൾ നിലവിലെ ഡിവിഷനുകളുടെ അതിർത്തികൾ മാറിയിട്ടുണ്ട്. പുനർനിർണയവുമായി ബന്ധപ്പെട്ട ഡീലിമിറ്റേഷൻ കമ്മിഷന് നൽകിയ പരാതികൾ പരിഗണിച്ചല്ല കരടുപട്ടിക തയ്യാറാക്കിയതെന്ന ആക്ഷേപമാണ് കോടതിയിലെത്തിയത്.
2015ലും 2020ലും ജില്ലാപഞ്ചായത്ത് ഭൂപടപ്രകാരം ഒന്നാം ഡിവിഷനായ പുളിക്കീഴിൽ തുടങ്ങി പതിനാറാം ഡിവിഷനായ കോയിപ്രത്ത് അവസാനിക്കുന്ന തരത്തിലായി രുന്നു. ഈവർഷത്തെ പുനർവിഭജനത്തിൽ പതിനേഴാം ഡിവിഷൻ കോഴഞ്ചേരിയാണ്. ഭൂമിശാസ്ത്രപരമായി ഒന്നാംഡിവിഷനായ പുളിക്കീഴിനോട് ഇത് അതിർത്തി പങ്കിടുന്നില്ല.
തുമ്പമണ്ണും പൊങ്ങലടിയും പള്ളിക്കൽ ഡിവിഷനിൽ
നേരത്തെ പ്രമാടം ഡിവിഷന്റെ ഭാഗമായിരുന്ന തുമ്പമൺ, പൊങ്ങലടി, വിജയപുരം ബ്ലോക്ക് ഡിവിഷനുകൾ അതിർത്തി പുനർനിർണയത്തിൽ അടൂർ, പന്തളം നഗരസഭകൾ കടന്ന് പള്ളിക്കൽ ഡിവിഷന്റെ ഭാഗമായത് ആശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പള്ളിക്കൽ ഡിവിഷനുമായി ഭൂമിശാസ്ത്രപരമായി ഒരു തരത്തിലും ബന്ധപ്പെടാത്ത സ്ഥലങ്ങളാണ് പ്രമാടം, പൊങ്ങലടി, വിജയപുരം ബ്ളോക്കുകൾ. ഡിവിഷനുകളിലെ ജനസംഖ്യ കണക്കാക്കിയപ്പോഴും വിസ്തൃതി നിശ്ചയിച്ചപ്പോഴും മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടതായി ആക്ഷേപമുണ്ട്.
ആനിക്കാട് ഡിവിഷനിൽ 72,347 ജനസംഖ്യ ഉള്ളപ്പോൾ പ്രമാടത്ത് 60,922 മാത്രമാണ്. ഓരോ ഡിവിഷനിലും ഉൾപ്പെടുത്തേണ്ട ജനസംഖ്യ സംബന്ധിച്ചു തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗനിർദേശം നിലവിലുള്ളതാണ്. ആനിക്കാട് ഡിവിഷനിലേക്ക് കോയിപ്രത്തുനിന്ന് തെള്ളിയൂർ ഡിവിഷൻകൂടി ചേർത്തതോടെ വിസ്തൃതി വർദ്ധിച്ചു. റാന്നി , കോഴഞ്ചേരി, കോയിപ്രം ഡിവിഷനുകൾക്കും സമാനമായ പ്രശ്നങ്ങളുണ്ട്.
രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ടാണ് കലഞ്ഞൂർ ഡിവിഷൻ രൂപീകരിച്ചത്. ഏനാത്ത് ഡിവിഷനിലുണ്ടായിരുന്ന കൈതപ്പറമ്പ്, കോന്നി ഡിവിഷനിലെ കൂടൽ, കൊടുമണ്ണിലെ കലഞ്ഞൂർ ബ്ലോക്കുകൾ ചേർത്താണ് കലഞ്ഞൂർ ഡിവിഷൻ രൂപീകരിച്ചത്. പരസ്പര ബന്ധമില്ലാത്ത ബ്ലോക്ക് ഡിവിഷനുകൾ ജില്ലാ പഞ്ചായത്തിലുൾപ്പെടുത്തിയത് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
സി.കൃഷ്ണകുമാർ, ജില്ലാപഞ്ചായത്തംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |