ന്യൂഡൽഹി: കനത്ത മഴ തുടരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ദുരിതത്തിൽ. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. ഹിമാചലിൽ മൂന്ന് പേരും ഉത്തരാഖണ്ഡിൽ രണ്ട് പേരും മഴക്കെടുതിയിൽ മരിച്ചു. ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പ് അപകടാവസ്ഥയിൽ തുടരുന്നതിനാൽ പ്രളയ മുന്നറിയിപ്പും നൽകി.
ജമ്മു കാശ്മീരിലെ പ്രളയബാധിത മേഖലകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ആകാശ നിരീക്ഷണം നടത്തി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെയും ഷാ സന്ദർശിച്ചു. ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള, പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മ തുടങ്ങിയവരും ഷായ്‌ക്കൊപ്പമുണ്ടായിരുന്നു. ഷായുടെ അദ്ധ്യക്ഷതയിൽ രാജ്ഭവനിൽ ചേർന്ന ഉന്നതതല യോഗത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
ഹിമാചലിലെ ഡുബ്ലൂവിലുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് വിരേന്ദർ കുമാറും പത്തുവയസുള്ള മകളും മരിച്ചു. ചോൾ ഗ്രാമത്തിൽ വീട് തകർന്ന് കലാവതി എന്ന വയോധിക മരിച്ചു. വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് മറ്റൊരു വീടും തകർന്നെങ്കിലും ആളപായമില്ല. ഷിംലയിലെ ദയാൽ മോറിയിൽ ഞായറാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി ആളുകളെ ഒഴിപ്പിച്ചു.
ഹിമാചലിൽ ആഗസ്റ്റിൽ മുൻവർഷത്തേക്കാൾ 69% മഴ കൂടുതൽ ലഭിച്ചു. ഈ മൺസൂൺ കാലത്ത് സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 320 ആയി. ഇതിൽ 166 പേർ മണ്ണിടിച്ചിലിലും വെള്ളത്തിൽ മുങ്ങിയുമാണ് മരിച്ചത്. 154 പേർ മോശം കാലാവസ്ഥയെ തുടർന്നുണ്ടായ വാഹനാപകടങ്ങളിൽ. 400ഓളം ആളുകൾക്ക് വിവിധ അപകടങ്ങളിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ പാറക്കല്ലുകൾ വാഹനത്തിനുമേൽ പതിച്ച് രണ്ട് പേർ മരിച്ചു. ആറ് പർക്ക് പരിക്കേറ്റു. കേദാർനാഥ് ദേശീയപാതയിൽ മുൻകാടിയയിൽ ഇന്നലെ രാവിലെയാണ് അപകടം. ചമോലി ജില്ലയിൽ ജ്യോതിർമഠ്-മലരി ദേശീയതപാത കനത്ത മഴയിൽ ഒലിച്ചുപോയി. പഞ്ചാബിലും ഹരിയാനയിലും നിരവധി ഗ്രാമങ്ങൾ ദിവസങ്ങളായി വെള്ളത്തിലാണ്. പഞ്ചാബിൽ പത്താൻകോട്ട്, ഗുർദാസ്പൂർ,ഫസിൽക,കപുർതല,ഫിറോസ്പൂർ,ഹോഷിയാർപൂർ,അമൃത്സർ ജില്ലകളിലായി 800ലേറെ ഗ്രാമങ്ങളാണ് പ്രളയക്കെടുതിയിലായത്.
ചാർ ധാം, ഹേംകുണ്ഡ്
സാഹിബ് യാത്ര നിറുത്തി
മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ ചാർ ധാം,ഹേംകുണ്ഡ് സാഹിബ് യാത്രകൾ 5 വരെ നിറുത്തിവയ്ക്കാൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചു. അഞ്ച് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |