SignIn
Kerala Kaumudi Online
Tuesday, 02 September 2025 8.01 AM IST

രാഹുൽജിയുടെ രാഹുകാലം

Increase Font Size Decrease Font Size Print Page
s

കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധിജി നയിക്കുന്ന രാഷ്ട്രീയ മുന്നേറ്റ യാത്രയ്ക്ക് തത്വാധിഷ്ഠിത പിന്തുണ നൽകിയാൽ മതിയെന്ന നിലപാടിലാണ് സഖാക്കൾ. സംഘികളുടെ ഭാഷയിൽ പറഞ്ഞാൽ ആത്മീയ പിന്തുണ. അതായത്,​ ഭൗതിക പിന്തുണ നഹി നഹി!. മാർച്ചിൽ പങ്കെടുത്തില്ലെങ്കിലും എല്ലാം ശുഭമാകണേ എന്നു സഖാക്കൾ മുട്ടിപ്പായി പ്രാർത്ഥിക്കും. പ്രാർത്ഥനയെക്കാൾ വലുതായി എന്താണുള്ളത്. രാഹുൽജിയുടെ യാത്ര, 'ഹാഫ് ക്ലച്ചിൽ" മുന്നോട്ടുപോയാൽ മതിയെന്നു ചുരുക്കം. വണ്ടി ഇടിച്ചു നിൽക്കുകയോ ഉഷാറായി ഓടുകയോ അരുത്.
രാഹുൽജി 4,000 കിലോമീറ്റർ നടന്ന ജോഡോ യാത്ര ഫിനിഷിംഗ് പോയിന്റിൽ എത്താറായപ്പോഴും ഇതായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ നിലപാട്. മറ്റുള്ളവരുടെ ചെലവിൽ അങ്ങനെയങ്ങ് മിടുക്കനാകേണ്ടന്നു കേരളസഖാക്കൾ വെട്ടിത്തുറന്നു പറഞ്ഞതു കേട്ട്
പൊട്ടിക്കരഞ്ഞുപോയ കെ.സി. വേണുഗോപാൽജിയെ അന്ന് രാഹുൽജി ഒരുപാട് കഷ്ടപ്പെട്ടാണ് ശാന്തനാക്കിയത്. കുത്തിത്തിരിപ്പുണ്ടാക്കിയത് ബംഗാൾ മുഖ്യമന്ത്രി മമതാജിയാണെന്നാണു വിവരം. പലരും കാലുവാരിയെങ്കിലും ഭാരത് ജോഡോ യാത്ര വൻ വിജയമായിരുന്നു. വെറുമൊരു നേതാവ് എന്ന നിലയിൽനിന്ന് ഭാവി പ്രധാനമന്ത്രിയായി രാഹുൽജി ഉയർന്നു. ലേശം കൂടി കാത്തിരുന്നാൽ പ്രധാനമന്ത്രിയാകാം. നാളത്തെ സ്വപ്‌നങ്ങളാണ് ഇന്നത്തെ ദുഃഖങ്ങളെന്ന് തിരിച്ചറിയുന്നതാണ് രാഹുൽജിയുടെ മഹത്വം. രസമുള്ള കാര്യങ്ങൾ സ്വപ്‌നത്തിൽ ആസ്വദിച്ചു കാണുന്നതിനിടെ ഞെട്ടിയുണരുമ്പോഴുണ്ടാകുന്ന സങ്കടം വിവരണാതീതമാണ്. ഇതിലും ഭേദം മരിക്കുന്നതായിരുന്നു എന്നുവരെ തോന്നിയേക്കാം. സ്വപ്‌നം കാണേണ്ടിവരുമല്ലോ എന്ന് ആശങ്കപ്പെട്ട് ആർക്കും ഉറങ്ങാതിരിക്കാനുമാവില്ല. സങ്കീർണമായ ഈ പ്രശ്‌നത്തിന് ബീഹാറിലെ ആർ.ജെ.ഡി നേതാവും പഴയ റെയിൽവേ മന്ത്രിയുമായ ലാലുജിയാണ് പരിഹാരം നിർദ്ദേശിച്ചത്. പകൽ എന്തെങ്കിലുമൊക്കെ ചെയ്തു വിയർത്താൽ രാത്രി സുഖമായുറങ്ങാം. സമൂസയും മുളക് ബജിയും കഴിക്കുന്നത് മാത്രമല്ല വ്യായാമം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യോഗ ചെയ്യാൻ രാഹുൽജി ആദ്യം ആലോചിച്ചെങ്കിലും,​ സംഘി കലാപരിപാടിയായതിനാൽ വേണ്ടെന്നു വച്ചു. മോദിയുടെ ശിഷ്യനായെന്നു സംഘികൾ പറഞ്ഞുപരത്തുകയും ചെയ്യും. ആരാധകർക്ക് അത് സഹിക്കില്ല. അപ്പോഴാണ്, നമുക്കൊന്ന് നടന്ന് ഉഷാറായാലോ എന്ന് പ്രിയചങ്ങാതി കെ.സി. വേണുഗോപാൽ പറഞ്ഞത്. സൂപ്പർ ഐഡിയ ആയിരുന്നു. പകൽ ശരീരമനങ്ങി പണിയെടുത്തിട്ട് ഉറങ്ങിയാൽ സ്വപ്‌നം കാണാൻ സമയം കിട്ടില്ല. കണ്ണടച്ച ഉടൻ നേരം വെളുത്തതായി തോന്നും. അങ്ങനെ നടപ്പൊരു ശീലമായി. ഗാന്ധിജിയുടെ ദണ്ഡിയാത്രയ്ക്കു ശേഷമുള്ള അത്യുജ്വല യാത്രയായിരുന്നു, ലോകത്തെ രോമാഞ്ചമണിയിച്ച ജോഡോ യാത്ര.
പക്ഷേ, ഒപ്പം നടക്കാൻ ശേഷിയുള്ള ഒരു പ്രതിപക്ഷ കക്ഷിയും രാജ്യത്ത് ഇല്ലാത്തതിനാൽ നടപ്പിന് ഫലം കാണുന്നില്ല. കൂടെ നിൽക്കുന്നവർ തന്നെ പാലം വലിക്കുന്നു. ബീഹാറിൽ രാഹുൽജി നയിക്കുന്ന രാഷ്ട്രീയ മുന്നേറ്റ യാത്രയിൽ പങ്കെടുക്കേണ്ടെന്ന സി.പി.എം തീരുമാനം പ്രതീക്ഷിച്ചിരുന്നതാണ്. ഒരു തരത്തിൽ നന്നായി. അല്ലെങ്കിൽ, കേരളത്തിൽ ഹെഡ്ഡാപ്പീസുള്ള ഒരു ആഗോള പ്രസ്ഥാനത്തെ ബീഹാറികൾക്ക് പരിചയപ്പെടുത്തേണ്ടിവരുമായിരുന്നു. തള്ളുകൾക്കും കുറവുണ്ടാകുമായിരുന്നില്ല. ഞാനും പുലിയളിയനും കൂടിയാണ് ഈ കാട് ഭരിക്കുന്നത് എന്നൊരു പൂച്ച പണ്ടു പറഞ്ഞതായി കഥയുണ്ടെന്നാണ് മദ്ധ്യതിരുവിതാംകൂറിലെ ഒരു കോൺഗ്രസ് നേതാവ് പ്രതികരിച്ചത്.

താളു കറിക്ക് എന്തിനു തേങ്ങ!

ബീഹാറിൽ നടക്കുന്ന പ്രാദേശിക പരിപാടിക്ക് ആഗോള പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗങ്ങൾ പങ്കെടുക്കേണ്ടതില്ലെന്നാണ് സഖാക്കളുടെ അഖിലേന്ത്യ സെക്രട്ടറിയുടെ നിലപാട്. അല്ലെങ്കിൽ കേന്ദ്രനേതാവ് ഗോവിന്ദൻ സഖാവ് ഉൾപ്പെടെ പങ്കെടുക്കുമായിരുന്നു. പകരം ബീഹാർ സഖാക്കൾ പങ്കെടുക്കുന്നുണ്ട്. മാത്രമല്ല, ചങ്കിലെ ചൈനയും ഇന്ത്യയും തമ്മിൽ നിർണായക ചർച്ച നടക്കുന്ന വേളയിൽ ഒരുപാട് കാര്യങ്ങൾ വിശകലനം ചെയ്യേണ്ടതുണ്ട്. കേരളത്തിലെ കേന്ദ്രനേതാക്കളുടെ നിലപാടുകൾ കൂടി അറിഞ്ഞേ ചീനന്മാർ തീരുമാനമെടുക്കൂ. പ്രതീക്ഷിച്ചപോലെ,​ ഒടുവിൽ സംഘികൾ നമ്മുടെ കാൽക്കൽ വീണു. ഈ നിർണായക ഘട്ടത്തിലാണ് കുറേ ഉണ്ടയില്ലാ വെടികളുമായി ഉടായിപ്പ് യാത്രയെന്ന് സഖാക്കൾ പരസ്യമായി പറഞ്ഞില്ലെങ്കിലും മനസിലിരിപ്പ് വ്യക്തം. കമ്മ്യൂണിസ്റ്റുകാരെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാക്കി, കോൺഗ്രസിന്റെ വെറും സഖ്യകക്ഷിയാക്കാനുള്ള ആസൂത്രിത നീക്കം നടപ്പില്ലെന്ന് പണ്ടേ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരും കൂടി സഹായിച്ചാൽ ഞാൻ പ്രധാനമന്ത്രിയായിക്കോളാം എന്ന നിലപാട് ശരിയല്ലെന്ന് മമതാജിയും പറഞ്ഞിട്ടുണ്ട്. സമാജ് വാദി പാർട്ടി നേതാവും മുലായം സിംഗ് യാദവ് ജിയുടെ മകനുമായ അഖിലേഷ് യാദവ്, ബീഹാറിലെ ലാലുജിയുടെ മകൻ തേജസ്വി, ദ്രാവിഡ സഖാവ് എം.കെ. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ എന്നിവരെല്ലാം പ്രധാനമന്ത്രിയാകാൻ യോഗ്യരാണെന്നത് രാഹുൽജി മറന്നുപോകുന്നു എന്നാണ് പൊതുവേയുള്ള പരാതി. സംഗതി ശരിയാണ്. പക്ഷേ,​ പേരിനൊപ്പം ഗാന്ധിയില്ല എന്ന ശൂന്യത ഈ പാവങ്ങൾ മറന്നു പോകുന്നു. അതു വിളിച്ചുപറഞ്ഞ് ഇവരെ നാണം കെടുത്താത്തതാണ് രാഹുൽ ഗാന്ധിജിയുടെ തറവാടിത്തം. കൂട്ടത്തിലെ ചതിയന്മാരും സംഘികളും ഒന്നു മനസിലാക്കണം. 'നാളെയാണ്,​ നാളെയാണ്,​ നാളെ...." എന്നത് കോൺഗ്രസ് മുദ്രാവാക്യമാണ്. ഇടക്കാലത്ത് ലോട്ടറിക്കാർ അത് അടിച്ചുമാറ്റിയെന്നേയുള്ളൂ. നാളെയ്ക്ക് ഒരു വലിയ അർത്ഥമുണ്ട്. അതിനായി കാത്തിരിക്കുകയാണ് ഭാവി പ്രധാനമന്ത്രി.

മനസുവച്ചാൽ ശുക്രദശ!

സുന്ദരനും പക്വമതിയുമായ രാഹുൽജി ഓടിനടന്നു വിഷമിക്കാതെ, നേരെ ഇങ്ങുവന്നാൽ പ്രധാനമന്ത്രിയല്ല, പ്രസിഡന്റ് ആക്കാൻ റെഡിയാണെന്നാണ് കേരള സംഘികൾ പറയുന്നത്. വിനയമുള്ള വിദ്വാനായ രാഹുൽജി വന്നാൽ ഒക്കെ ശര്യാവുമെന്ന് അവരും മനസിലാക്കി. ആദ്യഘട്ടമായി കേരള മുഖ്യനാകാം. അടുത്തതവണ എന്തായാലും ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് പരിവാറുകാർ പറഞ്ഞുനടക്കുന്നത്. തിരുവന്തോരത്ത് പരിവാറുകാരുടെ പുതിയ ആസ്ഥാനത്ത് മുഖ്യമന്ത്രിക്കായി പ്രത്യേക മുറി ഒരുക്കിയിട്ടുണ്ടത്രേ. രാഹുൽജി മനസുവച്ചാൽ അടുത്തവർഷം അതിലിരിക്കാം. ഒന്നുകൂടി മനസുവച്ചാൽ 2029ൽ പ്രധാനമന്ത്രിയുടെ കസേരയിലും ഇരിക്കാം. വിവരവും വിദ്യാഭ്യാസവും പാരമ്പര്യവുമുണ്ട്. ആർ.എസ്.എസുകാരെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുപ്പിച്ച പണ്ഡിറ്റ് നെഹ്‌റുജിയുടെ കൊച്ചുമോന് ഇതിനു കഴിയുമെന്നാണ് സംഘികളുടെ പ്രതീക്ഷ. അതാണ് സഖാക്കളുടെ പേടിയും. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ ഭാരതമാതാവിന് ഒരുമിച്ച് പൂജ നടത്തിയിരുന്നവരാണെങ്കിലും സഖാക്കളോട് പഴയ സ്‌നേഹം സംഘികൾക്കില്ല. അഹങ്കാരം തലയ്ക്കു പിടിച്ചു. ഒരു കാര്യം വ്യക്തമാണ്. സംഘികളെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല.

TAGS: NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.