കൊച്ചി: നിർമ്മാണ തകരാറുമൂലം പൊളിക്കാനൊരുങ്ങുന്ന വൈറ്റില സിൽവർ സാൻഡ് ഐലന്റിലെ ചന്ദേർകുഞ്ജ് ആർമി ടവറുകളിലെ 152 അപ്പാർട്ട്മെന്റ് ഉടമകൾ മാറിതാമസിക്കുന്നതിനുള്ള വാടക ആവശ്യപ്പെട്ട് ജില്ലാ കളക്ടർ അദ്ധ്യക്ഷയായ മേൽനോട്ട സമിതിക്ക് കത്തു നൽകി.
കഴിഞ്ഞ 31നകം താമസക്കാരെല്ലാം ബി, സി ടവറുകളിൽ നിന്ന് ഒഴിയാൻ ജില്ലാ ദുരന്തനിവാരണ സമിതി നോട്ടീസ് പതിച്ചിരുന്നു. എന്നാൽ വാടകയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ അമ്പതോളം ഉടമകൾ ഒഴിഞ്ഞിരുന്നില്ല. 40 ഓളം വാടകക്കാരും താമസം തുടരുന്നുണ്ട്. ഇരുപതോളം പേർ രണ്ട് ദിവസത്തിനുള്ളിൽ ഒഴിഞ്ഞിരുന്നു.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജില്ലാ കളക്ടർ അദ്ധ്യക്ഷനായ സമിതിയുടെ മേൽനോട്ടത്തിലാണ് നടപടികൾ. താമസക്കാർക്ക് ആറ് മാസത്തേക്കുള്ള വാടക ഉടനെ കളക്ടർ നിർദ്ദേശിക്കുന്ന അക്കൗണ്ടിലേക്ക് കൈമാറാൻ ടവറുകൾ നിർമ്മിച്ച ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് (എ.ഡബ്‌ള്യു.എച്ച്.ഒ) ഹൈക്കോടതി ഉത്തവരവ് നൽകിയിരുന്നു.
വിധിക്കെതിരെ എ.ഡബ്‌ള്യു.എച്ച്.ഒയും ഉടമകളും അപ്പീൽ നൽകിയിട്ടുണ്ട്. എ.ഡബ്‌ള്യു.എച്ച്.ഒ ആവശ്യപ്പെട്ടതു പ്രകാരം വാടക കൈമാറാനുള്ള അക്കൗണ്ട് വിവരം ഇന്നലെ ജില്ലാ കളക്ടർ കൈമാറി. ഇന്ന് ഫണ്ട് എത്തുമെന്നാണ് സൂചന. സെപ്തംബർ പത്തിന് കേസ് പരിഗണിക്കാനിരിക്കെയാണ് നടപടികൾ ദ്രുതഗതിയിലാക്കിയത്. ഫണ്ടെത്തിയാലേ താമസം മാറൂവെന്ന് ചില ഉടമകൾ നിലപാടെടുത്തിരുന്നു.
ഇന്നലെ ചേർന്ന മേൽനോട്ട സമിതി യോഗത്തിൽ കൂടുതൽ സമയം അനുവദിക്കമെന്ന ആവശ്യമുയർന്നെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ ഒഴിയണമെന്ന നിർദേശമാണ് കളക്ടർ ജി. പ്രിയങ്ക നൽകിയത്. യോഗത്തിൽ ദുരന്തനിവാരണ സമിതി ഡെപ്യൂട്ടി കളക്ടർ മനോജ്, എ.ഡബ്‌ള്യു.എച്ച്.ഒ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ലെഫ്.കേണൽ സുരേഷ് ക്രിസ്റ്റോഫർ തുടങ്ങിയവർ പങ്കെടുത്തു.
ചന്ദേർകുഞ്ജിൽ കണ്ണീർ കാഴ്ചകൾ
ആറാം വർഷം തകർച്ചാഭീഷണിയിലായ 29 നിലകൾ വീതമുള്ള രണ്ട് ടവറുകളിൽ നിന്ന് തിരുവോണക്കാലത്ത് കണ്ണീരോടെയാണ് ഉടമകൾ പടിയിറങ്ങുന്നത്. ശിഷ്ടജീവിതകാലം സ്വസ്ഥമായി കഴിയാൻ സമ്പാദ്യത്തിൽ ഏറിയ പങ്കും മുടക്കി താമസം തുടങ്ങിയ വിമുക്തഭടന്മാരുടെയും സൈനികരുടെയും അവശേഷിക്കുന്ന കുടുംബങ്ങളുടെയും പടിയിറക്കം കരളുലയ്ക്കുന്ന കാഴ്ചയാണ്. പല അപ്പാർട്ട്മെന്റുകളുടെയും മുന്നിൽ ഒരുക്കിയ പൂക്കളങ്ങൾ വാടിയിട്ടുപോലുമില്ല. ഇനി ഒരുവട്ടം കൂടി ഈ ഫ്ളാറ്റുകളിൽ പൂക്കളമോ ഈ തിരുവോണത്തിന് ഓണത്തപ്പനോ ഉണ്ടാവില്ല.
ടവർ....... മാസവാടക ....... അപേക്ഷിച്ചവർ
ബി ....... 30000 രൂപ ....... 74
സി ....... 35000 രൂപ ....... 78
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |