കോവളം: ഓണത്തോടനുബന്ധിച്ച് കോവളം വിനോദസഞ്ചാര കേന്ദ്രവും പാച്ചല്ലൂർ പൊഴിക്കരയും ആഘോഷവേദികളാകുന്നു.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കോവളം ജനകീയസമിതിയും സംയുക്തമായാണ് തിരുവോണം മുതൽ ഞായറാഴ്ച വരെ കോവളത്ത് വിദേശ - സ്വദേശ വിനോദ സഞ്ചാരികളുടെ പങ്കാളിത്തത്തോടെ പൂക്കളമുൾപ്പെട്ട വൻ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.
തിരുവോണദിവസം രാവിലെ 9.30ന് പതാകയുയർത്തലോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.10ന് അത്തപ്പൂക്കള പ്രദർശനം,വൈകിട്ട് 7ന് ഗാനമേള.ശനിയാഴ്ച രാവിലെ 9 മുതൽ കലാ - കായിക മത്സരങ്ങൾ.വൈകിട്ട് 5ന് കഥാപ്രസംഗം,ഞായറാഴ്ച വൈകിട്ട് 5ന് നടക്കുന്ന പൊതുയോഗം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.രാത്രി 7ന് ടാലന്റ് മെഗാഷോയും നടക്കുമെന്ന് വർക്കിംഗ് ചെയർമാൻ കോവളം പി.സുകേശൻ,മുട്ടയ്ക്കാട് പി.വേണുഗോപാൽ,ഡി.ടി.പി.സി മാനേജർ കെ.സുരേഷ് കുമാർ എന്നിവരറിയിച്ചു.
പാച്ചല്ലൂർ പൊഴിക്കരയിൽ ഇതാദ്യമായാണ് ജലഘോഷയാത്ര സംഘടിപ്പിക്കുന്നത്.വാദ്യമേളങ്ങൾ,തിരുവാതിര,കഥകളി,തെയ്യം ഉൾപ്പെട്ട കലാരൂപങ്ങൾ ആഘോഷങ്ങളിലുണ്ടാകും.നാടൻ വള്ളങ്ങളാകും ഘോഷയാത്രയിൽ അണിനിരക്കുക.വെള്ളാർ വാർഡ് ജനകീയ സമിതിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്നാണ് ജലഘോഷയാത്ര നടത്തുന്നത്.ശനിയാഴ്ച വൈകിട്ട് 4ന് നടക്കുന്ന പരിപാടി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ചെയർമാൻ പനത്തുറ പി.ബൈജു,ജനറൽ കൺവീനർ എസ്.ഉദയരാജ്,കോഓർഡിനേറ്റർ ഡി.ജയകുമാർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |