ചവറ :ഗ്രാമപഞ്ചായത്തിലെ ചവറ ബസ് സ്റ്റാൻഡിൽ നിന്ന് കിഴക്കോട്ട് തണ്ടളത്ത് മുക്ക് റോഡ് സഞ്ചാരയോഗ്യമല്ലാത്ത വിധം തകർന്നു കിടക്കുകയായിരുന്നു. ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 65 ലക്ഷം രൂപ വിനിയോഗിച്ച് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
വെള്ളക്കെട്ട് രൂക്ഷമായിരുന്ന ഈ റോഡിൽ വീടുകളിലേക്ക് വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. ഈ പ്രശ്നം പരിഹരിക്കാനായി വീതിയേറിയ ഓട നിർമ്മിച്ച് ദേശീയപാതയുടെ അടിയിലെ ഓടയുമായി ബന്ധിപ്പിച്ചു. ഇതോടെ വെള്ളത്തിന്റെ ഒഴുക്ക് സുഗമമായി. ജനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ചത്.
ഓട, സ്ലാബ്, റോഡ് ഉയർത്തി കോൺക്രീറ്റ്, ഇന്റർലോക്ക് ജോലികൾ എന്നിവ പൂർത്തിയാക്കിയ ശേഷമാണ് ഗതാഗതം സുഗമമാക്കിയത്. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ റോഡ് ഗതാഗതത്തിനായി തുറന്നു നൽകി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ.സുരേഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ അംബികാദേവി, കെ.സുരേഷ് ബാബു, റാഹിലാബീവി, ജോയി, ചവറ ഷാ, രാധാകൃഷ്ണപിള്ള, ലാലു, അനീസ്, എ.കെ.സജീവ്, രഘു, ചേമ്പയ്യത്ത് നിസാർ തുടങ്ങിയവരും പ്രദേശവാസികളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |