ശാസ്താംകോട്ട : മുതിർന്നവർക്ക് ഗതകാലസ്മരണകളും കുട്ടികൾക്ക് കൗതുകവും നൽകി ഓണത്തെ വരവേൽക്കാൻ ഓണാട്ടുകരയിലെ തനത് കലാരൂപമായ കരടികളി വീണ്ടും സജീവമാകുന്നു. ജില്ലയിലെ മൈനാഗപ്പള്ളി, കോവൂർ, അരിനല്ലൂർ തുടങ്ങിയ മേഖലകളിൽ സജീവമായിരുന്ന ഈ കലാരൂപം ഇപ്പോൾ ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്കും ഇതര ജില്ലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
കരടിയും കാട്ടാളനും
ഈർക്കിൽ നീക്കിയ ഓലയും ഉണങ്ങിയ വാഴക്കൈകളും ശരീരത്തിൽ കെട്ടി, കരടിയുടെ തല ധരിക്കുന്ന വേഷക്കാരും, ദേഹമാസകലം കരിവാരിത്തേച്ച് കവുങ്ങിൻ പാളകൊണ്ടുള്ള മുഖംമൂടി ധരിച്ച് അമ്പും വില്ലുമായി വരുന്ന കാട്ടാളനും ചേർന്നതാണ് കരടികളിയിലെ പ്രധാന കഥാപാത്രങ്ങൾ. കരടിപ്പാട്ടിന്റെ താളത്തിനൊത്ത് നൃത്തം ചെയ്ത് വരുന്ന കരടികളെ, കാട്ടാളൻ അമ്പെയ്ത് വീഴ്ത്തുന്നതാണ് കളിയുടെ പ്രധാന ഭാഗം
ആക്ഷേപഹാസ്യമായി വന്നു
ജന്മി-അടിയാൻ കാലഘട്ടത്തിൽ ജന്മിമാരെ ആക്ഷേപഹാസ്യത്തിലൂടെ പരിഹസിക്കാൻ വേണ്ടി രൂപംകൊണ്ടതാണ് ഈ കലാരൂപം എന്ന് കരുതപ്പെടുന്നു. പുരാണങ്ങളും ഇതിഹാസങ്ങളും മാത്രമല്ല, സമകാലിക സംഭവങ്ങളും കരടിപ്പാട്ടിലെ ഇതിവൃത്തങ്ങളാകാറുണ്ട്. നിമിഷകവി പാലുവേലിൽ വാധ്യാരാണ് കരടികളിയുടെ ഉപജ്ഞാതാവ്. കുമ്മി, കുമ്മികുരുട്, അമ്മാന എന്നിങ്ങനെ മൂന്ന് രീതികളിലാണ് കരടിപ്പാട്ട് പാടുന്നത്. ഇതിൽ കുമ്മി രീതിക്കാണ് കൂടുതൽ പ്രചാരം.
വീടുകൾ തോറും കയറിയിറങ്ങി
സാധാരണയായി ഉത്രാടം, തിരുവോണം ദിവസങ്ങളിൽ വീടുകൾ തോറും കയറിയിറങ്ങിയാണ് കരടികളി അവതരിപ്പിക്കാറുള്ളതെങ്കിലും അരിനല്ലൂർ, കോവൂർ മേഖലകളിലെ സ്കൂളുകളിലും സാംസ്കാരിക സംഘടനകളിലും ഇതിനോടകം കരടികളിക്ക് തുടക്കമിട്ടിട്ടുണ്ട്. വലിയ ജനപങ്കാളിത്തമാണ് ഈ കലാരൂപത്തിന് ഇപ്പോൾ ലഭിക്കുന്നത്. കഴിഞ്ഞ 50 വർഷത്തിലേറെയായി ഈ കലയെ നിലനിറുത്താൻ പ്രയത്നിച്ച കലാകാരൻ കുളങ്ങര രാഘവനും അന്തരിച്ച ജില്ലാ പൊലീസ് സൂപ്രണ്ട് കളത്തിൽ ഗോപാലകൃഷ്ണപിള്ളയും അതിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |