കൊച്ചി: വിവാഹ മോചനത്തിന് തീരുമാനിച്ച ഭാര്യയെ തൊഴിൽ സ്ഥാപനത്തിന് സമീപം തടഞ്ഞു നിറുത്തി ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ചാലക്കുടി മേലൂർ ഉമ്പാടൻവീട്ടിൽ അശ്വതിക്കാണ് (26) എറണാകുളം പൊന്നുരുന്നിയിൽ വച്ച് കുത്തേറ്റത്. മുതുകിന് ആഴത്തിൽ കുത്തേറ്റ ഇവരുടെ സ്‌പൈനൽകോഡിന് ക്ഷതമേറ്റു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവ് ഗുരുവായൂർ സ്വദേശി അഭിജിത്തിനെ കടവന്ത്ര പൊലീസ് അറസ്റ്റു ചെയ്തു.
തിങ്കളാഴ്ച വൈകിട്ട് 6.30ഓടെ പൊന്നുരുന്നിയിലെ കേക്ക് ഹൗസെന്ന സ്ഥാപനത്തിന് സമീപം വച്ചായിരുന്നു ആക്രമണം.പൊലീസ് പറയുന്നത്: ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ഒരു മകളുണ്ട്. മറ്റ് സ്ത്രീകളുമായി അഭിജിത്തിന് ബന്ധമുണ്ടെന്ന് അശ്വതി അറിഞ്ഞതോടെ ബന്ധം ഉലഞ്ഞു. ഇക്കാര്യം ചോദ്യം ചെയ്തതിന് ക്രൂരമർദ്ദനത്തിനും ഇരയായി. തുടർന്നാണ് വിവാഹബന്ധം വേർപെടുത്താൻ അശ്വതി തീരുമാനിച്ചത്. രണ്ടു വർഷമായി അശ്വതി അഭിജിത്തിൽനിന്ന് അകന്ന് കഴിയുകയാണ്. പൊന്നുരുന്നിയിലെ കേക്ക്ഹൗസിൽ ബില്ലിംഗ് സെക്ഷനിൽ ജോലി കിട്ടിയതോടെ, മകളെ സ്വന്തം വീട്ടിൽ നിറുത്തി പൊന്നുരുന്നിയിൽ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു.
വിവാഹമോചനത്തിൽനിന്ന് പിന്മാറണമെന്നും ഒന്നിച്ച് ജീവിക്കക്കണമെന്നും ആവശ്യപ്പെടാനാണ് അഭിജിത്ത് എത്തിയത്. അശ്വതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപം കാത്തിരുന്നു. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ അശ്വതിയെ തടഞ്ഞു നിറുത്തി ആവശ്യം അറിയിച്ചു. തീരുമാനത്തിൽ ഉറച്ചുനിന്നതിന്റെ ദേഷ്യത്തിൽ കത്തിയെടുത്ത് അഭിജിത്ത് അശ്വതിയെ ദേഹമാകെ കുത്തുകയായിരുന്നു. അശ്വതിയുടെ കരച്ചിൽ
കേട്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. അശ്വതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കടവന്ത്ര എസ്.എച്ച്.ഒ രതീഷിന്റെ നേതൃത്വത്തിൽ പിടി കൂടിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ രണ്ട് കഞ്ചാവ് കേസിലെ പ്രതിയാണ് അഭിജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |