പറവൂർ: ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് സാമ്പത്തിക ശാസ്ത്രം പഠിക്കാൻ ന്യൂജെൻ പാട്ടുകൾ കേട്ടാൽ മതി. പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസിലാക്കാനും ഓർമ്മിക്കാനും സഹായകരമാകുന്ന രീതിയിൽ പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനുമായ പ്രമോദ് മാല്യങ്കരയാണ്. സാമ്പത്തിക ശാസ്ത്രത്തിലെ പ്രധാനപ്പെട്ട പാഠഭാഗങ്ങളായ സമ്പദ് വ്യവസ്ഥയിലെ അടിസ്ഥാന പ്രശ്നങ്ങൾ, പരിവർത്തനാത്മക നിയമം, ഹരിതവിപ്ലവം, വാണിജ്യ ബാങ്കിന്റെ ധർമ്മങ്ങൾ എന്നിവ താളത്തിന്റെ അകമ്പടിയോടെ കൂട്ടിച്ചേർത്താണ് ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.
പുതിയ തലമുറ വിദ്യാർത്ഥികൾക്ക് പഠനം കൂടുതൽ ആകർഷകവും ലളിതവുമായ രീതിയിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. മലയാള, തമിഴ് സിനിമകളിലെ ന്യൂജെൻ രീതിയിലുള്ള ഗാനങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. പഠന- ബോധന രംഗത്ത് സൃഷ്ടിപരമായ സമീപനങ്ങൾ മുമ്പും കൊണ്ടുവന്നിട്ടുണ്ട് പ്രമോദ് മാല്യങ്കര. സ്കൂളിലെ വിദ്യാർത്ഥികളായ അഭിനവ് ശിവ, സി.എം. വിജിത്ത്, പി.എ. അർജുൻ എന്നിവരാണ് ഗാനങ്ങളുടെ ചിത്രീകരണത്തിനും ആലാപനത്തിനും അദ്ധ്യാപകനോടൊപ്പം പ്രവർത്തിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തിൽ സൃഷ്ടിച്ച ഈ സ്പീഡ് സാമ്പത്തിക ശാസ്ത്ര ഗാനങ്ങൾ ശ്രദ്ധേയമാകുമെന്ന് പ്രമോദ് മാല്യങ്കര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |