അമ്പലവയൽ: രൂക്ഷമായ തെരുവ് നായ ശല്യത്തിൽ ഗതികെട്ട വീട്ടുടുമ വീട്ടുമുറ്റത്ത് നായയെ പ്രതിരോധിക്കാനായി കമ്പിനെറ്റിട്ടു. അമ്പലവയൽ സ്‌കൂൾ മൈതാനത്തിനടുത്ത സുബൈറാണ് കമ്പിനെറ്റ് കൊണ്ട് വേലി തീർത്ത് തെരുവ് നായയിൽ നിന്ന് രക്ഷാകവച മെരുക്കിയത്. സുബൈറിനെ പോലെ നിരവധി പേരാണ് ഇത്തരത്തിൽ വീട്ടുമുറ്റത്ത് നെറ്റിട്ടിരിക്കുന്നത്. ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷമാണ്. ഒറ്റയ്ക്കും കൂട്ടമായും ഇറങ്ങുന്ന തെരുവ് നായ്ക്കൾ സ്‌കൂൾ പരിസരത്തെ വീട്ടുകാർക്കാണ് ഭീഷണിയായി എത്തികൊണ്ടിരിക്കുന്നത്. ഇതുകാരണം വീട്ടുകാർക്ക് പുറത്തേയ്ക്ക് ഇറങ്ങാൻ കഴിയുന്നില്ല. നായയിൽ നിന്ന് കടിയേൽക്കുമെന്ന് ഭയന്ന് ആളുകൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്. അമ്പലവയൽ പ്രദേശത്തെ ഓരോവീട്ടിലേയും അവസ്ഥ ഇതാണ്. തെരുവ് നായ്ക്കളെ പേടിച്ച് പലരും നെറ്റ് വച്ച് വീടിന്റെ സിറ്റ്ഔട്ട്നു ചുറ്റും വേലി തീർത്തിരിക്കുകയാണ്. വീടിന്റെ ഭംഗി മറയ്ക്കുന്ന വേലികെട്ട് പലരും ഗതികേടുകൊണ്ടാണ് നിർമ്മിക്കുന്നത്.
അമ്പലവയൽ ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് തെരുവുനായ ശല്യം രൂക്ഷമാണ്. ഒറ്റക്കും കൂട്ടമായും ടൗണിൽ തെരുവുനായകൾ അലയുകയാണ്. പലയിടത്തും പത്തുംപതിനഞ്ചും നായ്ക്കൾ ഒന്നിച്ചാണ് പോകുന്നത്.
ഇരുചക്രവാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും തെരുവുനായകൾ വലിയ ഭീഷണിയായിരിക്കുകയാണ്. നായ്ക്കൾ വട്ടം ചാടുന്നതിനെതുടർന്ന് ബൈക്കുയാത്രികർ അപകടത്തിൽപെട്ട് പരിക്കേൽക്കുന്നത് സ്ഥിരമാണ്. തെരുവു നായ്ക്കളെ ഭയന്ന് കുട്ടികളെ ഒറ്റക്കു പുറത്തേക്കുവിടാൻ പോലും വീട്ടുകാർക്കു ഇപ്പോൾ പേടിയാണ്. പാൽ വിതരണക്കാർക്കും, പ്രഭാതനടത്തത്തിനിറങ്ങുന്നവർക്കും നായ്ക്കളുടെ ശല്യം അസഹനീയമായിരിക്കുകയാണ്. മാംസ കച്ചവട സ്ഥാപനങ്ങൾക്കും പരിസര പ്രദേശത്തും നായ്ക്കൾ കൂട്ടമായ് തമ്പടിച്ചിരിക്കുകയാണ്. ഈ നായ്ക്കളാണ് പരിസര പ്രദേശത്തെ ജനങ്ങൾക്ക് ഭീഷണിയായി വീടുകളിലേയ്ക്ക് എത്തുന്നത്. രാവിലെ സവാരിക്കിറങ്ങുന്നവരും ജോലി കഴിഞ്ഞ് വീടുകളിലേയ്ക്ക് എത്തുന്നവർക്ക് ഈ തെരുവ് നായ്ക്കൾ ഭീഷണിയായി മാറുകയാണ്. സ്വന്തം വീട്ടിലേയ്ക്ക് വരുമ്പോൾ നായ്ക്കളെ പേടിച്ച് വടിയും കയ്യിൽ പിടിച്ച് വരേണ്ട അവസ്ഥയാണ് അമ്പലവയലില ജനങ്ങൾക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |