മലപ്പുറം: ഉത്രാടപ്പാച്ചിലും കഴിഞ്ഞ് ഇന്ന് തിരുവോണമെത്തി. ഓണത്തേക്കാൾ വലിയൊരു ആഘോഷമില്ല മലയാളിയ്ക്ക് എന്ന് തെളിയിക്കുന്നതായിരുന്നു തിരുവോണത്തിന്റെ തലേദിവസമായ ഉത്രാടം ദിനത്തിൽ ജില്ലയിലെ കടകളിൽ അനുഭവപ്പെട്ട വലിയ തിരക്ക്. നാടും നഗരവും ഓണത്തിമിർപ്പിലായ ഉത്രാടപ്പാച്ചിലിന്റെ മനോഹര കാഴ്ച. പ്രായഭേദമന്യേ എല്ലാവരും തിരക്കിലലിഞ്ഞ് തിരുവോണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഓണക്കോടി വാങ്ങാനായി കുടുംബവുമൊത്ത് വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ എത്തിയത് നിരവധി പേരാണ്. പച്ചക്കറി-പലചരക്ക് സ്ഥാപനങ്ങളിലും സൂപ്പർ മാർക്കറ്റുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. വഴിയോര പച്ചക്കറി കടകളും വിവിധ ഇടങ്ങളിലായി സജീവമായിരുന്നു. അന്യസംസ്ഥാനത്തുള്ളവരും വഴിയോരക്കച്ചവടങ്ങളിൽ സ്ഥാനമുറപ്പിച്ചു.
പച്ചക്കറികൾക്കെല്ലാം ഓണത്തോടനുബന്ധിച്ച് വില വർദ്ധിച്ചെങ്കിലും ഓണസദ്യയില്ലാതൊരു ഓണം മലയാളിക്ക് ചിന്തിക്കാനാവാത്തതിനാൽ വലിയ തിരക്കായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഓഫീസുകളിലേയുമെല്ലാം ഓണാഘോഷങ്ങൾ അവസാനിച്ചതിനാൽ പൂ വിപണിയിൽ പൊതുവെ തിരക്ക് കുറവായിരുന്നു. എങ്കിലും അത്തം പത്തിന് എത്തുന്ന തിരുവോണത്തിന് വലിയ പൂക്കളമൊരുക്കുക ലക്ഷ്യമിട്ട് എത്തിയവരുമുണ്ട്. ഓണസദ്യ ഓർഡർ ചെയ്യുന്ന സ്ഥിതിയിലേക്ക് മാറിയതോടെ ഭൂരിഭാഗം കാറ്ററിംഗ് സെന്ററുകളിലും ദിവസങ്ങൾക്ക് മുമ്പേ തന്നെ ബുക്കിംഗ് പൂർത്തിയായിരുന്നു. ഒരാഴ്ച മുമ്പ് തന്നെ ബുക്കിംഗ് നിറുത്തിയവരുമുണ്ട്. അടുക്കളയിലും ആഘോഷങ്ങൾ രണ്ട് ദിവസം മുമ്പേ തുടങ്ങിക്കഴിഞ്ഞതാണ്. വറുത്തുപ്പേരി, പുളിയിഞ്ചി, വിവിധതരം അച്ചാറുകൾ എന്നിവയെല്ലാം ഒരുക്കുന്ന തിരക്കിലായിരുന്നു വീട്ടമ്മമാർ.
ഓണം ആഘോഷിക്കാൻ ഒരുക്കിയ ജില്ലാ ഫെയറുകളിലും ഓണച്ചന്തകളിലുമെല്ലാം അവസാനവട്ട ഓണപ്പാച്ചിലിനായി എത്തിയവരുടെ നീണ്ട നിരയായിരുന്നു. സപ്ലൈകോ, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്പ്, കുടുംബശ്രീ മേളകൾ എന്നിവ കഴിഞ്ഞ ആഴ്ച തന്നെ ആരംഭിച്ചിരുന്നു. 20 മുതൽ 40 ശതമാനം വരെ വിലക്കുറവിലായിരുന്നു വിൽപന. ഓണത്തിന് ലഹരിയുടെ ഒഴുക്ക് കുറയ്ക്കുക ലക്ഷ്യമിട്ട് എക്സൈസ് വകുപ്പും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗവും കർശന പരിശോധകളും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |