ഓച്ചിറ: ഓച്ചിറ റെയിൽവേ സ്റ്റേഷനു വടക്കുഭാഗത്ത് അമ്മയെയും മകനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട കാരാളിമുക്ക് വേങ്ങ പ്രവണത്തിൽ വസന്ത (65), മകൻ ശ്യാം (45) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ജനശതാബ്ദി എക്സ്പ്രസാണ് ഇടിച്ചത്. ചിന്നിച്ചിതറിയ നിലയിലായിരുന്ന മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലുക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പ്രമീളയാണ് ശ്യാമിന്റെ ഭാര്യ. മക്കൾ: ശ്രീലക്ഷ്മി (23), വിഷ്ണു (20).
കോയമ്പത്തൂരിൽ ജോലി ചെയ്തിരുന്ന ശ്യാം കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഭാര്യയും മക്കളും ശ്യാമിന്റെ അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇയാൾ മകനെയും തന്നെയും മർദ്ദിച്ചതായി ഭാര്യ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് പരാതിപ്പെട്ടതിനു പിന്നാലെ ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഇന്നലെ രാവിലെ പത്തിന് സ്റ്റേഷനിൽ ഹാജരാകാൻ ഇരുവരോടും പൊലീസ് ആവശ്യപ്പെട്ടു. ഇന്നലെ പ്രമീള സ്റ്റേഷനിലെത്തിയെങ്കിലും ശ്യാമും അമ്മയും എത്തിയില്ല. പുലർച്ചെ നാലിന് വസന്തയും ശ്യാമും വീട്ടിൽനിന്ന് പുറത്തേക്ക് പോയിരുന്നു. ശ്യാമിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വസന്തയെ പ്രമീള വിളിച്ചപ്പോൾ അടുത്ത ഓണം വരെ തങ്ങൾ ഒരിടം വരെ പോകുകയാണെന്നും തിരക്കേണ്ടെന്നുമായിരുന്നു മറുപടി. ട്രെയിൻ തട്ടി മരണമെന്ന ഓച്ചിറ പൊലീസിന്റെ സന്ദേശം എത്തിയപ്പോഴാണ് ശാസ്താംകോട്ട പൊലീസിനു സംശയം തോന്നി അന്വേഷിക്കുന്നത്. മൃതദേഹങ്ങളുടെ സമീപത്തുനിന്ന് ഇരുവരുടെയും ഫോൺ ചിന്നിച്ചിതറിയ നിലയിൽ ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |