പാലക്കാട്: ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള കഞ്ചിക്കോട് വ്യവസായ സ്മാർട്ട് നഗരത്തിന്റെ വികസന സാധ്യതകൾ വിലയിരുത്താൻ കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം വ്യവസായ ഉച്ചകോടി സംഘടിപ്പിക്കുന്നു. 'കിഫ് ഇൻഡ് സമ്മിറ്റ്2025' എന്ന വ്യവസായ ഉച്ചകോടി കഞ്ചിക്കോട് ഇ.കെ നായനാർ കൺവെൻഷൻ സെന്ററിൽ ഇന്ന് വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കഞ്ചിക്കോട് മേഖലയിലെ വ്യവസായ സ്ഥാപനങ്ങളെയും, സംരംഭകരെയും, വ്യവസായ പ്രമുഖരെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. വ്യവസായികൾ, കേരള സ്റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ, പാലക്കാട് മാനേജ്‌മെന്റ് അസോസിയേഷൻ, സി.ഐ.ഐ, ഫിക്കി തുടങ്ങിയ വ്യവസായ സംഘടനകൾ, വാണിജ്യ, വ്യാപാര സംഘടനകളിലെ പ്രതിനിധികൾ, അക്കാദമിക്, പ്രൊഫഷണൽ സ്ഥാപനങ്ങളിൽ നിന്നുള്ളവർ, സംരംഭകർ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും. വ്യവസായ പ്രമുഖരും, സംരംഭകരും, നയരൂപീകരണ വിദഗ്ധരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ, വ്യവസായ വികസനത്തിനായുള്ള ചർച്ചകൾ നടക്കും. വ്യവസായ മന്ത്രി പി. രാജീവ് 'കേരളത്തിലെ വ്യവസായ വിപ്ലവം' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് 'സംരംഭക സൗഹൃദ അന്തരീക്ഷം: കേരളത്തിലെ വ്യവസായ രംഗത്ത് സർക്കാർ നടപ്പാക്കിയ പരോഗമനപരമായ പരിഷ്‌കാരങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കും. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കഞ്ചിക്കോട് വ്യവസായ സ്മാർട്ട് സിറ്റി പദ്ധതിയുടെ രൂപരേഖയെക്കുറിച്ച് വിശദീകരിക്കും. എ.പ്രഭാകരൻ എം.എൽ.എ, ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, വ്യവസായ വാണിജ്യ ഡയറക്ടറും കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറുമായ പി.വിഷ്ണുരാജ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |